ENTERTAINMENT

മോഹൻലാലിനൊപ്പം 'ഹൃദയപൂർവം' ഐശ്വര്യ ലക്ഷ്മി; പുതിയ അപ്​ഡേറ്റുമായി സത്യൻ അന്തിക്കാട്

വെബ് ഡെസ്ക്

വർഷങ്ങൾക്കുശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന 'ഹൃദയപൂർവം' എന്ന ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി എത്തും. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

പുതിയ സിനിമയിൽ ആരാണ് നായികയെന്ന് പലരും ചോദിച്ചിരുന്നു, അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ് എന്ന ആമുഖത്തോടെയാണ് സംവിധായകൻ തന്റെ ഫേസ്ബുക് പേജിലൂടെ ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ ഭാ​ഗമാവുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ഡിസംബറിൽ ഷൂട്ടിങ് തുടങ്ങുമെന്നും ഈ മാസം പാട്ടുകളുടെ കമ്പോസിങ് ആരംഭിക്കണമെന്നാണ് തീരുമാനമെന്നും കുറിപ്പിൽ പറയുന്നു. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

സത്യൻ അന്തിക്കാടിന്റെ കുറിപ്പ്

'ഹൃദയപൂർവം' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിങ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും 'ഹൃദയപൂർവം'. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 'ഹൃദയപൂർവം' ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.

ശ്രീനിവാസൻ ചിത്രം ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംഗീതയും ഹൃദയപൂർവത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുമ്പ് മോഹൻലാലിനൊപ്പം നാടോടി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് സം​ഗീത. പൂനെയും കേരളവുമാണ് ഹൃദയപൂർവത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സോനു ടി പി എന്ന നവാ​ഗത തിരക്കഥാകൃത്താണ് രചന. സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിനുശേഷം ജസ്റ്റിൻ പ്രഭാകരൻ വീണ്ടും സംഗീതമൊരുക്കുന്ന മലയാള ചിത്രം കൂടിയാണ് 'ഹൃദയപൂർവം'. പ്രശാന്ത് മാധവാണ് കലാസംവിധാനം. ആശിർവാദ് സിനിമാസാണ് നിർമാണം.

നിലവിൽ എമ്പുരാന്റെ ചിത്രീകരണത്തിരക്കിലാണ് മോഹൻലാൽ. സ്വന്തം സംവിധാനത്തിലുള്ള ബറോസ് ത്രീഡി, തരുൺ മൂർത്തി ചിത്രം എന്നിവയാണ് എമ്പുരാൻ കൂടാതെ മോഹൻലാലിന്റേതായി റിലീസ് കാത്തിരിക്കുന്ന സിനിമകൾ. ബറോസ് ത്രീഡി പതിപ്പ് തീയറ്റർ പ്രദർശനത്തിന് തയാറായെന്നും സാങ്കേതിക പ്രവർത്തകർക്കായുളള ആദ്യ പ്രീമിയർ കഴിഞ്ഞെന്നും അറിയിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരുന്നു. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.

Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Exit Poll 2024: ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; ഹര്‍ജി തള്ളി സുപ്രീംകോടതി, 'പുനഃപരിശോധിക്കേണ്ട കേസില്ല'

ലക്ഷ്യം 'ഇന്ത്യ' മുന്നണി, പി വി അന്‍വര്‍ ഡിഎംകെയിലേക്ക്?

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഭക്ഷണം കഴിക്കുന്ന സമയം നിയന്ത്രിക്കാം