മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഗംഭീര പ്രമോഷനുകളാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മോഹൻലാൽ ആരാധകർ നടത്തിയ ട്വിറ്റർ മീറ്റപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മോഹൻലാൽ, ടിനു പാപ്പച്ചൻ, നിർമാതാവ് കൂടിയായ അച്ചു ബേബി ജോൺ തുടങ്ങിയവരും മീറ്റപ്പിൽ പങ്കെടുത്തിരുന്നു. വാലിബനെ ഒരു മാസ് ചിത്രമായി മാത്രം കാണരുതെന്നും ചിത്രം ഒരു ക്ലാസ് ചിത്രം കൂടിയാണെന്നും മോഹൻലാൽ ആരാധകരോടായി പറഞ്ഞു.
'നമ്മുടെ സിനിമ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാർഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാൻ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇതൊരു മാസ് സിനിമ എന്ന് മാത്രം കരുതേണ്ട, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസിൽ വിചാരിച്ചിട്ട് പോയി കാണൂ' എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ് കോമേഡിയൻ കൂടിയായ ഡാനീഷ് സേഠും ട്വിറ്റർ മീറ്റപ്പിൽ പങ്കെടുത്തിരുന്നു. റിലീസിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തനിക്ക് ടെൻഷൻ തോന്നുന്നുണ്ടെന്ന് പറഞ്ഞ ഡാനിഷിനോട് പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് മോഹൻലാൽ പറഞ്ഞു.
'ഡോൺട് വറി മാൻ. എന്തിനാണ് പരിഭ്രമിക്കുന്നത്?. നമ്മൾ ഒരു മികച്ച സിനിമയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് സന്തോഷമായി ഇരിക്കുക. നന്നായി ഉറങ്ങുക. തിങ്ക് പോസിറ്റീവിലി. നമ്മൾ ഈ ചിത്രം ആഘോഷിക്കും' എന്നാണ് മോഹൻലാൽ പറഞ്ഞത്.
ജനുവരി 25 നാണ് ചിത്രം റീലിസ് ചെയ്യുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. പിആർഒ പ്രതീഷ് ശേഖർ.