മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകന് ഇന്ന് 7 വയസ്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം, മലയാള സിനിമയ്ക്ക് തലയുയർത്തി നിൽക്കാൻ ധൈര്യം തന്ന സിനിമയാണെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം. മലയാള സിനിമയുടെ പുതിയ നാഴികല്ലുകൾക്ക് തുടക്കമിട്ട ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്. പ്രേക്ഷകർക്ക് നന്ദിയെന്നും നിർമാതാവ് ഫേസ്ബുക്കിൽ കുറിച്ചു.
സമാനകളില്ലാത്ത മാസ് രംഗങ്ങളുമായെത്തിയ പുലിമുരുകന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയത്. 18 ദിവസം കൊണ്ട് ചിത്രീകരിച്ച ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു. അതിവേഗം 100 കോടി ക്ലബിൽ എത്തിയ പുലിമുരുകന്റെ ഇൻഡസ്ട്രി ഹിറ്റെന്ന റെക്കോർഡ് ആറര ശേഷമാണ് മറ്റൊരു ചിത്രം മറികടന്നത്.
പുലികളുമായുള്ള ഫൈറ്റ് സീനുകൾ വിയറ്റ്നാമിലും ബാക്കിയുള്ള ഭാഗങ്ങൾ പൂയംകുട്ടി വനമേഖലയിലുമാണ് ചിത്രീകരിച്ചത്. ഏകദേശം നാലുമാസം കൊണ്ട് 25 കോടിയിലേറെ മുടക്കിയാണ് പുലിമുരുകൻ നിർമിച്ചത്. പുലിമുരുകന് ശേഷം ലൂസിഫർ, കുറുപ്പ്, മാമാങ്കം , കായംകുളം കൊച്ചുണ്ണി, മാളികപ്പുറം, 2018, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളൊക്കെ 100 കോടി ക്ലബിൽ എത്തിയെങ്കിലും മലയാളത്തിന്റെ ആദ്യ 100 കോടി എന്ന നിലയിൽ പുലിമുരുകന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും