ദ കംപ്ലീറ്റ് ആക്ടർ എന്ന പേജിൽ മോഹൻലാൽ എഴുതുന്ന ബ്ലോഗിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് ആ കൈയക്ഷരം. മോഹൻലാലിനെന്ന പോലെ ആ കൈയക്ഷരത്തിനും ആരാധകർ ഏറെയാണ്. ആ അക്ഷരങ്ങൾ ഇനി അതെപോലെ ആരാധകർക്കും ഉപയോഗിക്കാം. മോഹൻലാലിന്റെ കൈയക്ഷരങ്ങൾ A10 എന്ന പേരിലാണ് ഡിജിറ്റൽ രൂപത്തിലാക്കി യിരിക്കുന്നത്. മോഹൻലാലിനെ ആരാധകർ ഏറ്റവും സ്നേഹത്തോടെ 'ഏട്ടൻ' എന്ന് വിളിക്കുന്നതിനാലാണ് ഫോണ്ടിന് A10 എന്ന പേര് നൽകിയിരിക്കുന്നത്
ഞാൻ ഈ ലോകത്ത് നിന്ന് പോയാലും എന്റെ കൈയക്ഷരങ്ങൾ ഇവിടെയുണ്ടാകുമെന്നത് ഭാഗ്യമായി കരുതുന്നുവെന്നാണ് മോഹൻലാലിന്റെ പ്രതികരണം. ഡിജിറ്റൽ കാലത്ത് എഴുതുന്നതൊക്കെ കുറവായതിനാൽ കൈയക്ഷരമൊക്കെ മോശമായി തുടങ്ങിയിരുന്നു. ആ സമയത്താണ് ബ്ലോഗ് എന്ന ആശയമുണ്ടായത്. സ്വന്തം കൈപ്പടയിൽ എഴുതാമെന്ന് കരുതിയത് അങ്ങനെയാണ്. അതിന് ഇങ്ങനെയൊരു പരിസമാപ്തി പ്രതീക്ഷിച്ചതല്ല, സന്തോഷമുണ്ട് , മോഹൻലാൽ പറഞ്ഞു
ആദ്യമായാണ് ഒരു ചലച്ചിത്രതാരത്തിന്റെ കൈയക്ഷരം ഡിജിറ്റൽ ഫോണ്ടിലാക്കുന്നത് . മോഹൻലാലിനുള്ള ഏഷ്യാനെറ്റിന്റെ ജന്മദിന സമ്മാനമാണ് ഡിജിറ്റൽ ഫോണ്ട്. ചാനലിന്റെ റിയാലിറ്റി ഷോ വേദിയിൽ എംഡി കെ മാധവന്റെ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. അനലൈസ് ഡിജിറ്റൽ എന്ന കമ്പനിയാണ് കൈയക്ഷരം ഡിജിറ്റൽ ഫോണ്ട് രൂപത്തിലാക്കിയത്