സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ അടച്ച് പൂട്ടിയത് 637 തീയേറ്ററുകളാണെന്ന് ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കണക്ക്. നേരത്തെ 1250 തീയേറ്ററുകളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. നിലവിൽ 613 എണ്ണം മാത്രമാണുള്ളതെന്നും ഫിയോക്ക് വ്യക്തമാക്കുന്നു. വ്യവസായം തുടർന്നുകൊണ്ട് പോകാനുള്ള സാഹചര്യം ഇല്ലാത്തത് തന്നെയാണ് അടച്ച് പൂട്ടലിലേക്ക് നയിച്ചതെന്നും ഫിയോക്ക് പ്രതിനിധിയും ഷേണായിസ് ഗ്രൂപ്പ് മാനേജിങ് പാട്നറുമായ സുരേഷ് ഷേണായി ദ ഫോർത്തിനോട് പറഞ്ഞു
കോവിഡിന് ശേഷം 90 ശതമാനം തീയേറ്റുകളും ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചാണ് പ്രവർത്തനം പുനരാരംഭിച്ചത്. എന്നാൽ നിലവിൽ തീയേറ്ററിൽ വിജയിക്കുന്ന ചിത്രങ്ങളാകട്ടെ വിരലിൽ എണ്ണാവുന്നവയും. നേരത്തെ ഒരുവർഷം അൻപത് മലയാള ചിത്രങ്ങളെങ്കിലും വാണിജ്യപരമായി വിജയമായിരുന്നെങ്കിൽ ഇപ്പോൾ പരമാവധി ഓടുന്നത് പതിനഞ്ച് ചിത്രങ്ങളാണ്. അന്യഭാഷ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമാണ് തീയേറ്ററുകൾക്ക് ആശ്വാസം. എന്നാൽ ഈ സ്ഥിതി തുടർന്നാൽ ഓണത്തിന് മുൻപ് കൂടുതൽ തീയേറ്ററുകൾ അടച്ച് പൂട്ടേണ്ടി വരുമെന്നും സുരേഷ് ഷേണായി പറഞ്ഞു .
തീയേറ്ററിൽ ആളുകയറാത്ത ഏതെങ്കിലും ചിത്രത്തിന് സമീപകാലത്ത് ഒടിടിയിൽ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടോഫിയോക്ക്
തട്ടിക്കൂട്ട് സിനിമകൾ നൽകി ഒടിടി പ്ലാറ്റ്‌ഫോമുകളെയും പറ്റിച്ച് തുടങ്ങിയതോടെ അവരും നിലപാട് മാറ്റി. തീയേറ്ററിൽ റിലീസ് ചെയ്യാത്ത സിനിമകൾ ഇപ്പോൾ മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ എടുക്കുന്നില്ല. ഈ സാഹചര്യത്തിലും തട്ടിക്കൂട്ട് സിനിമകൾ ചെയ്ത് പേരിന് തീയേറ്ററിൽ റിലീസ് ചെയ്ത് ഒടിടിക്ക് നൽകുകയാണെന്നും ഫിയോക്ക് ആരോപിക്കുന്നു. തീയേറ്ററിൽ ആളുകയറാത്ത ഏതെങ്കിലും ചിത്രത്തിന് സമീപകാലത്ത് ഒടിടിയിൽ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടോയെന്നും ഫിയോക്ക് ചോദിക്കുന്നു . നിലവാരമില്ലാത്ത സിനിമയ്ക്ക് തീയേറ്ററിലോ ഒടിടിയിലോ പ്രേക്ഷകരുണ്ടാകില്ല. അന്യഭാഷ ചിത്രങ്ങൾ വിജയിക്കുന്നതിവിടെയാണെന്നും തീയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു
അടുത്തിടെ ഇറങ്ങിയ സൂപ്പർ താര ചിത്രങ്ങൾ പോലും തീയറ്ററിൽ ഓടിയത് ഒരാഴ്ച മാത്രം. അതിൽ തന്നെ ആളില്ലാത്തതിനാൽ 50 ശതമാനത്തിലധികം ഷോകളും ഒഴിവാക്കേണ്ടി വന്നതായി തീയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. പ്രേക്ഷകർ തീയേറ്ററിൽ പോയി പണം നൽകി ഭാഗ്യപരീക്ഷണത്തിന് തയാറല്ല, സിനിമ ഒടിടിയിലെത്തുന്നത് വരെ കാത്തിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതും ഇതാണെന്ന് ഫിയോക്ക് പറയുന്നു
പ്രേക്ഷകനെ ചെറുതാക്കി കാണുന്ന നിലപാട് മാറ്റി, തീയേറ്റർ എക്സ്പീരിയൻസിന് വേണ്ടിയുള്ള സിനിമകൾ എടുത്താൽ മാത്രമേ ഇനി മലയാള ചിത്രങ്ങൾ വിജയിക്കാൻ സാധ്യതയുളളു. മാത്രമല്ല ലാഭവിഹിതം പങ്കിടുന്ന തരത്തിൽ താരങ്ങളുടെ പ്രതിഫലത്തിന്റെ ഫോർമാറ്റും മാറ്റണം. ശാശ്വതമായ പരിഹാരത്തിന് എല്ലാ സിനിമ സംഘടനകളും കൂടിയാലോചന നടത്തണമെന്നും ഫിയോക്ക് ആവശ്യപ്പെടുന്നു