ENTERTAINMENT

റിവ്യു ബോംബ്: സിനിമ സംഘടനകളുടെ സംയുക്ത യോഗം നവംബർ ഒന്നിന്

സംയുക്തയോഗത്തിന് മുന്നോടിയായി വ്യാഴാഴ്ച നിർമാതാക്കളുടെയും ഫെഫ്ക്ക പ്രതിനിധികളുടെയും യോഗം കൊച്ചിയിൽ ചേർന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മനഃപൂർവമുള്ള നെഗറ്റീവ് സിനിമ റിവ്യൂകൾക്കെതിരെ കേസ് എടുക്കാനുള്ള പ്രോട്ടോക്കോൾ വന്നതിന് പിന്നാലെ തുടർ നടപടികൾക്കായി സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫെഫ്ക്കയും നിർമാതാക്കളുടെ സംഘടനയും. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. യോഗം നവംബർ ഒന്നിന് കൊച്ചിയിൽ നടക്കും.

ഈ യോഗത്തിൽ സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും വിഷയത്തിൽ നിലപാടുകൾ സ്വീകരിക്കുക. സംയുക്തയോഗത്തിന് മുന്നോടിയായി വ്യാഴാഴ്ച നിർമാതാക്കളുടെയും ഫെഫ്ക്ക പ്രതിനിധികളുടെയും യോഗം കൊച്ചിയിൽ ചേർന്നു.

കഴിഞ്ഞ ദിവസമാണ് മനഃപൂർവ്വമുള്ള നെഗറ്റീവ് സിനിമ റിവ്യൂകൾ നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി പുറത്തിറക്കിയത്.

ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുമെന്നാണ് പ്രോട്ടോകോൾ വ്യക്തമാക്കുന്നത്. അപകീർത്തിപരമായ റിവ്യൂ വന്നാൽ ബന്ധപ്പെട്ടവർക്ക് മാനനഷ്ടക്കേസ് നൽകാം. ഐടി നിയമത്തിന്റെ ലംഘനമുണ്ടായാൽ പോലീസ് കേസെടുക്കും.

സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വിലയിരുത്തുന്നതിന് പോലീസിന് പരിമിതിയുണ്ട്. കേസെടുക്കുമ്പോൾ തന്നെ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം.

സിനിമയുടെ സൃഷ്ടാക്കളെയോ കലാകാരന്മാരെയോ മനഃപൂർവം അധിക്ഷേപിക്കുകയോ അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തണമെന്ന ഉദ്ദേശത്തോടെ തെറ്റായ പ്രസ്താവനകൾ നടത്താത്തപക്ഷം ക്രിമിനൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും ഡി ജി പിയുടെ നിർദേശത്തിൽ പറയുന്നു. ഭൂരിഭാഗവും വ്യാജ ഐഡികൾ വഴിയാണ് നെഗറ്റീവ് റിവ്യൂ എന്നതിനാൽ നടപടിയെടുക്കാൻ പോലീസിന് പരിമിതിയുണ്ടെന്നും നിർദേശത്തിൽ പറയുന്നു.

ഇതിന് പിന്നാലെ യുട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പെടെയുള്ള 7 പേർക്കെതിരെയും യുട്യൂബ് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകൾക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിലാണ് കേസെടുത്തത്.

റിവ്യൂ ബോംബിങ് ആരോപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. സംവിധായകനെ പണം തട്ടണമെന്ന ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തിയെന്നും ഇതിനായി ഫേസ്ബുക്ക് , യൂട്യൂബ് സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയെന്നുമാണ് പരാതി.

കേസിലെ ഒന്നാം പ്രതിയായ ഹെയ്ൻസ് ഭീഷണിപ്പെടുത്തിയെന്നും ചിത്രം റിലീസ് ആയ ശേഷം കേസിലെ മറ്റുപ്രതികൾ മോശം വാക്കുകൾ ഉപയോഗിക്കുകയും നെഗറ്റീവ് റിവ്യു ചെയ്തെന്നും പരാതിയിൽ പറയുന്നു. ഇവർക്കെതിരെ നിയമനടപടികളുമായി പോയാൽ ഫലമുണ്ടാകില്ലെന്നും ഇത് സംവിധായകന് വീണ്ടും ദോഷം ചെയ്യുമെന്നും ഹെയ്ൻസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

സ്‌നേക്ക് പ്ലാന്റ് എന്ന സിനിമ പ്രമോഷൻ കമ്പനി ഉടമയും സിനിമ പിആർഒയുമാണ് കേസിലെ ഒന്നാം പ്രതിയായ ഹെയിൻസ്. യൂട്യൂബർമാരായ അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ്. എൻ വി ഫോക്കസ്, ട്രെൻഡ് സെക്ടർ 24*7 എന്നിവർക്കെതിരെയും അനൂപ്അനു6165 എന്ന ഫേസ്ബുക്ക് പ്രൊഫൈലിനും യുട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകൾക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് എട്ടും ഫേസ്ബുക്ക് ഒൻപതും പ്രതിയാണ്.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം