ENTERTAINMENT

സൗഹൃദം, പക, അസൂയ; 'നല്ല നിലാവുളള രാത്രി'

നവാഗതനായ മർഫി ദേവസ്സിയാണ് ചിത്രത്തിന്റെ സംവിധായകൻ.

എന്റർടെയ്ൻമെന്റ് ഡെസ്ക്

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മൂടുപടത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പകയുടെയും അസൂയയുടെയും നിസ്സഹായതയുടെയും നിലാവുള്ള രാത്രി. നായകനും വില്ലനുമില്ലാത്ത ത്രില്ലർ ചിത്രം, പ്രേക്ഷകരെ നിരാശപ്പെടുത്തില്ല നവാഗതനായ മർഫി ദേവസ്സിയുടെ 'നല്ല നിലാവുള്ള രാത്രി'.

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ്, ​ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയ താരനിരകൾ അണിനിരന്നപ്പോൾ കഥയിൽ ആരാണ് വില്ലൻ, ആരാണ് നായകൻ എന്ന ചോദ്യത്തെ അപ്രസ്കതമാക്കുന്ന കെട്ടുറപ്പുളള തിരക്കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംവിധായകൻ മർഫി ദേവസ്സിയ്ക്കൊപ്പം പ്രഭുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സാന്ദ്ര തോമസ് നിർമ്മാണ രം​ഗത്തേക്ക് തിരികെ എത്തിയ ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളില്ലെന്നതും ശ്രദ്ധേയമാണ്.

ആദ്യം തന്നെ പറയട്ടെ, നല്ല നിലാവുളള രാത്രി തിയറ്ററിൽ ദൃശ്യവിരുന്നൊരുക്കിയ ചിത്രമാണ്. അതുകൊണ്ട് തന്നെ വീട്ടിലെ ദോശ കഴിയ്ക്കുന്നതു പോലെ ഒടിടിയിൽ വന്നിട്ട് കാണാമെന്നാണ് കണക്കാക്കുന്നതെങ്കിൽ നിങ്ങൾക്ക് നിരാശരാകേണ്ടി വരും.

ഡൊമനിക്ക്, രാജീവ്, പീറ്റർ, ജോഷി എന്നീ നാല് സുഹൃത്തുക്കളിലൂടെയാണ് കഥ പുരോ​ഗമിക്കുന്നത്. കോളേജ് കാലം മുതലുള്ള ഈ നാല് സുഹൃത്തുക്കളും ചേർന്ന് കാന്തല്ലൂരിൽ ഒരു ഓർഗാനിക് ഫാമിംഗ് മേഖലയിൽ ബിസിനസ് നടത്തി വരികയണ്. പുറമെയുളള സൗഹൃദം ഒരു മൂടുപടമായി നിൽക്കുമ്പോഴും ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ഇവർ ശ്രമിക്കുന്നത്. ഇവര്‍ക്കിടയിലേക്ക് പഴയകാല കോളേജ് സീനിയറും സുഹൃത്തുമായിരുന്ന കുര്യൻ അപ്രതീക്ഷിതമായി കടന്നു വരുന്നതോടെയാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുര്യൻ അദ്ദേ​ഹത്തിന്റെ ഷിമോഗയിലെ തോട്ടവും ബംഗ്ലാവും ഈ നാലുപേർക്കുമായി വിറ്റ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിടുന്നു.

ജൈവ കൃഷിയുടെ സാധ്യതകള്‍ ഷിമോഗയിലേക്ക് കൂടി വിപുലപ്പെടുത്തുക എന്ന ആശയമാണ് അതിനയാൾ നാലുപേർക്കും മുമ്പിൽവെക്കുന്നത്. ഇതോടെ നാലുപേരും കുര്യനൊപ്പം ഷിമോഗയിലേക്ക് തിരിക്കുന്നിടത്ത് നിന്നും കഥ ത്രില്ലർ ​ഗണത്തിലേക്ക് ചുവടുമാറ്റുന്നു. ഈ യാത്രയില്‍ മറ്റ് ചിലർ കൂടി പങ്കാളികളാകുന്നതോടെ കഥാ​ഗതിയിലും മാറ്റം വരുന്നു. എട്ട് പേര്‍, പല പല ലക്ഷ്യങ്ങള്‍, ഷിമോഗയിലുള്ള ഫാം ഹൗസില്‍ പിന്നീട് നടക്കുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങളാണ്.

ഒരു പകൽ അവസാനിക്കുന്നതിലൂടെ ചിത്രത്തിന്റെ ആദ്യ പകുതിയും പൂര്‍ണമാകുന്നു. ഒട്ടനവധി ചോദ്യങ്ങളുമായാണ് ചിത്രത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നത്. രണ്ടാം പകുതി ഒറ്റ രാത്രിയിലെ സംഘർഷഭരിതമായ രം​ഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തങ്ങൾക്ക് മുന്നിൽ നടക്കുന്ന കൊലപാതകങ്ങളും അതുണ്ടാക്കിയ ഭയവും കാരണം ഒട്ടനവധി ചോദ്യങ്ങൾക്ക് മുന്നിൽ സ്വയം കുടുങ്ങുകയും അതിനെ അതിജീവിക്കാനുമുളള ശ്രമങ്ങളുമാണ് ആ ഒറ്റ രാത്രയിൽ നടക്കുന്നത്.

മനുഷ്യന്റെ ഉളളിലെ മൃ​ഗീയമായ സ്വഭാവങ്ങളെ മുഴുവനും ഒപ്പിയെടുക്കുന്ന രണ്ടാം പകുതി പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിക്കും. എട്ട് പേർക്കും അവരുടെ സ്വന്തം നിലനിൽപ്പ് മാത്രമാണ് മുന്നിലുണ്ടായിരുന്നത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മൂടുപടത്തിനുളളിൽ ഒളിഞ്ഞിരിക്കുന്നത് പകയുടെയും അസൂയയുടെയും നിസ്സഹായതയുടെയും മറ്റൊരു മുഖമാണ്. ചിത്രത്തിൽ അഭിനയിച്ച എല്ലാവരും മികവുറ്റ് നിൽക്കുമ്പോഴും കുര്യനായെത്തുന്ന ബാബുരാജും ഇരുമ്പനായെത്തുന്ന ചെമ്പൻ വിനോദും തങ്ങളുടെ പ്രകടനം കൊണ്ട് വേറിട്ട് നിൽക്കുന്നുണ്ട്. നേരത്തെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച താനാരോ താനാരോ എന്ന ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്.

ഏറെ വന്യമായ മൂഡിലൂടെ കടന്നു പോകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, കലാസംവിധാനം, ആക്ഷൻ കൊറിയോഗ്രഫി, എഡിറ്റിങ് എല്ലാം കൊണ്ടുതന്നെ വളരെ മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകന് നൽകുന്നത്. മനുഷ്യമനസ് ഏറെ സങ്കീർണത നിറഞ്ഞതാണെന്ന് അടയാളപ്പെടുത്ത സിനിമ ഒട്ടനവധി ചോദ്യങ്ങൾക്ക് തിരികൊളുത്തിക്കൊണ്ടാണ് അവസാനിക്കുന്നതും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ