ENTERTAINMENT

സിനിമകളെ വിമർശിച്ച് റിവ്യു: സംവിധായകന്റെ പരാതിയിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ 9 പേർക്കെതിരെ കേസ്

റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്

വെബ് ഡെസ്ക്

സിനിമയ്ക്ക് മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സംവിധായകൻ നൽകിയ പരാതിയിൽ ഒൻപത് പേർക്കെതിരെ കേസെടുത്ത് പോലീസ്. 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സ്‌നേക്ക് പ്ലാന്റ് എന്ന സിനിമ പ്രമോഷൻ കമ്പനി ഉടമയും സിനിമ പിആർഒയുമായ ഹെയിൻസ് ആണ് കേസിൽ ഒന്നാം പ്രതി. യൂട്യൂബർമാരായ അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബിനെയും ഫേസ്ബുക്കിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

റിലീസ് ചെയ്തയുടൻ പുതിയ സിനിമകളെക്കുറിച്ച് ഓൺലൈൻ വ്‌ളോഗർമാർ നടത്തുന്ന റിവ്യൂകൾക്കെതിരെ മറ്റൊരു സംവിധായകൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് ആയിരുന്നു ഹർജി നൽകിയത്.

വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡ്വ. ശ്യാം പത്മനെ അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു. വൻ മുതൽമുടക്കിൽ നിർമിക്കുന്ന സിനിമകൾ തിയറ്റിറിലെത്തുമ്പോൾ കാണാതെ തന്നെ വിലയിരുത്തൽ നടത്തി വ്‌ളോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നെന്നായിരുന്നു പരാതി.

വ്ളോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവ്വം നശിപ്പിക്കാൻ ആരേയും അനുവദിക്കരുതെന്നായിരുന്നു മുബീൻ റൗഫിന്റെ ഹർജിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ബ്ലാക്മെയിലിങ്ങിനും ബോധപൂർവം സിനിമയെ നശിപ്പിക്കാനും റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പോലിസ് മേധാവി നടപടി സ്വീകരിക്കണം. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചാരണം നടത്തുന്നവർ പുറത്തുവരാറില്ല. ഒളിച്ചിരുന്നാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും കോടതി ചൂണ്ടികാട്ടി. റിലീസ് ചെയ്യുന്നയുടൻ പുതിയ സിനിമകളെക്കുറിച്ച് തിയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ളോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറികോടതിയെ അറിയിച്ചിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം