അഭിനേതാക്കളുടെയും എഴുത്തുകാരുടെയും സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്. നിരവധി സിനിമകളും ഷോകളും സമരത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ട്. ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന "സ്‌പൈഡർമാൻ: ബിയോണ്ട് ദ സ്പൈഡർ വെഴ്‌സ്”, 'ഗോസ്റ്റ്ബസ്റ്റേഴ്സ്: ആഫ്റ്റർ ലൈഫ്' 2 തുടങ്ങിയ പ്രോജക്ടുകൾ ഉൾപ്പടെ 2023-ലെ റിലീസ് കലണ്ടറിൽ നിന്ന് നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.
സമരത്തെ തുടർന്ന് 75-ാം എമ്മി പുരസ്‌കാര ചടങ്ങും മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാറ്റിവയ്ക്കുന്നത്. റൈറ്റേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മേയ് മുതലാണ് ഹോളിവുഡിൽ സമരം ആരംഭിച്ചത്. നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി, കുറഞ്ഞ പ്രതിഫലം എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം.
'അവതാർ', 'സ്റ്റാർ വാർസ്' എന്നിവയുൾപ്പെടെയുള്ള ഡിസ്നി പ്രൊജക്ടുകളുടെ ഷൂട്ടിങ് തടസപ്പെട്ടു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ജെയിംസ് കാമറൂണിന്റെ “അവതാർ 3” 2025ലും, “അവതാർ 4” 2029-ലും, “അവതാർ 5” 2031-ലുമാണ് റിലീസിന് എത്തുക. പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന നിരവധി "സ്റ്റാർ വാർസ്" സിനിമകളുടെ റിലീസ് 2026-ലേക്ക് മാറ്റിവച്ചിട്ടുണ്ട്. അതിനാൽ "ദ മണ്ടലോറിയൻ" സീസൺ-4ന് ആരാധകർക്ക് കുറച്ചധികം സമയം കാത്തിരിക്കേണ്ടി വരും.
"ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്", 'സ്‌പൈഡർ മാൻ: ബിയോണ്ട് ദി സ്പൈഡർ വെഴ്‌സ്' എന്നിവയുൾപ്പെടെ വരാനിരിക്കുന്ന നിരവധി മാർവൽ സിനിമകളുടെ പ്രദർശനം വൈകുമെന്ന് ഡിസ്നി ജൂണിൽ പ്രഖ്യാപിച്ചിരുന്നു. മാർവലിന്റെ “സ്‌പൈഡർ-വേഴ്‌സ്” ആനിമേറ്റഡ് ട്രൈലോജിയിലെ അവസാന ചിത്രമായ “സ്‌പൈഡർ മാൻ: ബിയോണ്ട് ദി സ്പൈഡർ-വേഴ്‌സിന്റെ" റിലീസ് തീയതി അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.
ഫീച്ചർ ഫിലിം "തണ്ടർബോൾട്ട്‌സ് ", "വണ്ടർ മാൻ", 2024 ജൂലൈയിൽ പ്രീമിയർ ചെയ്യാനിരുന്ന "വെനം 3" എന്നീ ചിത്രങ്ങളും വൈകും. വരാനിരിക്കുന്ന ഡിസ്‌നി പ്ലസ് ടെലിവിഷൻ പരമ്പരയായ "ഡെയർഡെവിൾ: ബോൺ എഗെയ്ൻ" സമരം അവസാനിക്കുന്നത് വരെ താത്കാലികമായി നിർത്തിവയ്ക്കും. റയാൻ റെയ്‌നോൾഡ്‌സ് ചിത്രം "ഡെഡ്‌പൂൾ 3" യും റിലീസ് കലണ്ടറിൽ നിന്ന് നീക്കിയിട്ടുണ്ട്. മാർവൽ സ്റ്റുഡിയോയുടെ വാമ്പയർ ത്രില്ലറായ “ബ്ലേഡ്” പണിമുടക്ക് കാരണം വൈകും. "ബ്ലേഡ്" ജൂണിൽ അറ്റ്ലാന്റയിൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു.
"ക്രാവൻ ദി ഹണ്ടർ" ഈ വർഷം ഒക്ടോബറിന് പകരം 2024 ഓഗസ്റ്റിലാണ് പുറത്തിറങ്ങുക. ജിമ്മി ഫാലൺ അവതരിപ്പിക്കുന്ന “ടുനൈറ്റ് ഷോ”, “ലേറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്‌സ്” തുടങ്ങിയവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സംപ്രേക്ഷണം ചെയ്യില്ലെന്ന് എൻബിസി സമരത്തിന്റെ ആദ്യ ആഴ്ച തന്നെ വ്യക്തമാക്കിയിട്ടുണ്ട്. "ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്", "സാറ്റർഡേ നൈറ്റ് ലൈവ്" തുടങ്ങിയ ഷോകൾ നേരത്തെയുള്ള എപ്പിസോഡുകൾ വീണ്ടും ഷെയർ ചെയ്യും.
'എ നൈറ്റ് ഓഫ് സെവൻ കിംഗ്ഡംസ്: ദി ഹെഡ്ജ് നൈറ്റ്','അബോട്ട് എലിമെന്ററി','ബീറ്റിൽജ്യൂസ് 2', ബിഗ് ബ്രദർ, 'അമേരിക്കൻ ഡാഡ്', 'ഫാമിലി ഗൈ', ചലഞ്ചേഴ്‌സ്, 'കോബ്ര കൈ', ഡേർട്ടി ഡാൻസിങ്, 'ഡ്യൂൺ 2', 'ഡസ്റ്റർ', 'എമിലി ഇൻ പാരീസ്' 'യുഫോറിയ', ' ഗ്ലാഡിയേറ്റർ 2', ഇറ്റ് എൻഡ്‌സ് വിത്ത് അസ്', 'കരാട്ടെ കിഡ്' റീബൂട്ട് തുടങ്ങിയവയാണ് നിർത്തിവച്ച മറ്റ് ഷോകളും ചിത്രങ്ങളും.