മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാല്‍ ചിത്രം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ലൂസിഫറിന്റെ വിജയത്തിന് ശേഷം മുരളി ഗോപിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എൽ 2: എമ്പുരാൻ.
പൃഥ്വിരാജ് സുകുമാരനോടൊപ്പം സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ തുറന്നുപറയുകയാണ് മുരളി ഗോപി. ഒരു സിനിമയുടെ തിരക്കഥ മനഃപാഠമാക്കുന്നു എന്നതാണ് പൃഥ്വിരാജിന്റെ പ്രത്യേകത. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ സ്ക്രിപ്റ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തത വരുത്തുന്ന ആളാണ് പൃഥ്വിയെന്നും മുരളി ഗോപി പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
തിരക്കഥയിൽ ഒരുപാട് വിശദാംശങ്ങൾ കൊണ്ടുവരുന്ന ആളാണ് താൻ. തിരക്കഥ മനഃപാഠമാക്കുന്നു എന്നതാണ് രാജുവിന്റെ പ്രത്യേകത. ഷൂട്ടിങ്ങിന് വേണ്ടി പ്രേത്യേക സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്യും. സ്ക്രിപ്റ്റ് വായിച്ച ശേഷം ധാരാളം ചോദ്യങ്ങൾ ചോദിക്കുകയും ഷൂട്ടിന് മുൻപുതന്നെ എല്ലാ കാര്യങ്ങളിലും പൂർണമായ വ്യക്തതയുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. എന്ത് കാര്യങ്ങളെക്കുറിച്ചും പഠിക്കാൻ എപ്പോഴും മനസ്സ് കാണിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജെന്നും മുരളി ഗോപി പറയുന്നു.
മലയാള സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചു. മലയാള സിനിമ മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രം ആശ്രയിച്ചിരുന്ന നാളുകൾ ഇപ്പോൾ പഴങ്കഥയാണ്. ഇവർ രണ്ട് പേരും എക്കാലത്തും മലയാളികളുടെ 'ഐക്കൺ' ആണെങ്കിലും ഇപ്പോൾ റിലീസാകുന്ന നിരവധി മലയാള ചിത്രങ്ങളിൽ പ്രതിഭാധനരായ നായകന്മാരുണ്ടെന്നും മുരളി ഗോപി പറയുന്നു.
എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ മുരളി ഗോപി. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന എട്ടാമത്തെ ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എൽ 2: എമ്പുരാൻ.
എമ്പുരാന്റെ ചിത്രീകരണം മെയ് മാസത്തിൽ ആരംഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മധുരയിൽ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. കാന്താരയുടെയും കെജിഎഫിന്റെയും നിർമാതാക്കളായ ഹോംബാലെക്കൊപ്പം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. തമിഴ്നാടിന് പുറമെ നാലിലധികം വിദേശരാജ്യങ്ങളിലായിരിക്കും എമ്പുരാന്റെ ചിത്രീകരണം.