'ഇന്നലെ മയങ്ങുമ്പോൾ', 'അനുരാഗ ഗാനം പോലെ', 'ഒരു പുഷ്പം മാത്രമെൻ' എന്നീ ഗാനങ്ങൾ ഇന്നലെയെന്ന പോലെ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. മുഹമ്മദ് സാബിർ ബാബുരാജ് എന്ന എം എസ് ബാബുരാജന്റെ വിരൽത്തുമ്പിൽ നിറഞ്ഞ, ഒരു തലമുറയുടെ വികാരത്തെ പിടിച്ചു നിർത്തിയ നിത്യഹരിത ഗാനങ്ങൾക്ക് കാലങ്ങൾ എത്ര കഴിഞ്ഞാലും തിരശീലയുണ്ടാകില്ല. എം എസ് ബാബുരാജ് എന്ന സംഗീത മാന്ത്രികൻ വിട പറഞ്ഞിട്ട് 45 വർഷങ്ങൾ പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന്റെ ജീവിതവും സംഗീതവും പറയുന്ന ജീവചരിത്ര സിനിമ അണിയറയിൽ പുരോഗമിക്കുകയാണ്. ദേശീയ അവാർഡ് നേടിയ വിനോദ് സുകുമാരനാണ് ചിത്രത്തിന്റെ സംവിധാനം. ബാബുരാജിന്റെ സംഗീത ശേഷങ്ങളും, ചിത്രത്തിനാവശ്യമായ കഥകളും പങ്കു വെച്ചത് ബാബുരാജിന്റെ കൊച്ചു മകളും ഗായികയുമായ നിമിഷ സലിമാണ്.
'ബാബുക്കയെ അടുത്തറിയാത്ത ആളുകൾക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു മിത്താണ്. ജീവിതത്തിലെ പ്രശ്നങ്ങൾക്കിടയിലും ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ബാബുരാജിനെ കാണിക്കാനാണ് ഈ ചിത്രത്തിലൂടെ ഞാൻ ശ്രമിക്കുന്നത്. മലയാള ചലച്ചിത്ര സംഗീത ലോകത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ പരിണാമവും ഇതിലൂടെ കാണിക്കാൻ ശ്രമിക്കുന്നുണ്ട്' വിനോദ് പറയുന്നു.
ബംഗാൾ സ്വദേശിയായ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനാണ് ബാബുരാജിന്റെ പിതാവെന്നാണ് പൊതുവെയുള്ള ധാരണ. മലയാളിയായ ഭാര്യയെ ഉപേക്ഷിച്ച് പിന്നീട് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയെന്നാണ് ആളുകൾ പറയുന്നത്. എന്നാൽ ഈ പ്രചരണങ്ങളെയെല്ലാം തള്ളിക്കൊണ്ട് ചിത്രത്തിനാവശ്യമായ വിവരങ്ങൾ നൽകുകയാണ് മൂത്ത മകളായ സാബിറ ഇബ്രാഹിം. ഗസൽ, മാപ്പിളപ്പാട്ട്, ഹിന്ദുസ്ഥാനി, ക്ലാസിക്കൽ സംഗീതം എന്നിവ മലയാളത്തിന്റെ സംഗീത മേഖലയിലേയ്ക്ക് എത്തിച്ച വ്യക്തി കൂടിയാണ് ബാബുക്ക. അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റി വസ്തുതകൾ കൃത്യമായി അവതരിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ജീവചരിത്ര സിനിമയ്ക്ക്.
'സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം ഇല്ലായിരുന്നു. എന്നിട്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്ന തരത്തിലുള്ള സംഗീതജ്ഞനാകാൻ അദ്ദേഹത്തിന് എങ്ങനെയാണ് സാധിച്ചത്. മാത്രമല്ല, ഒരു അവാർഡ് പോലും അദ്ദേഹത്തിന് ഇത്ര കാലമുള്ള ജീവിതത്തിനിടയിൽ ലഭിച്ചിട്ടുമില്ല', വിനോദ് സുകുമാരൻ പറയുന്നു.
എം എസ് ബാബുരാജിനെ അവതരിപ്പിക്കാൻ പറ്റിയ ഒരാൾക്കായുള്ള അന്വേഷണത്തിലാണ് വിനോദ് ഇപ്പോൾ. അതീവ ശ്രദ്ധ പുലർത്തേണ്ട തിരഞ്ഞെടുപ്പാണ് അതെന്നും, വേഷം ചെയ്യുന്ന ആൾക്ക് ഹാർമോണിയം വായിക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നായകനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങൾ എന്തായാലും ബാബുരാജിന്റെ കുടുംബത്തിൽ നിന്ന് തന്നെയായിരിക്കുമെന്ന കാര്യം ഉറപ്പാണ്.