പിച്ചളയിൽ നിർമ്മിച്ച 200 കിലോഗ്രാം തൂക്കമുള്ള ഒരു കൂറ്റൻ ജൂംക (ജിമിക്കിക്കമ്മൽ) യുണ്ട് ഉത്തർ പ്രദേശിലെ ബറേലിയിൽ. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ബറേലി ഡെവലപ്മെന്റ് അതോറിറ്റി മുൻകൈയെടുത്ത് മൂന്ന് വർഷം മുൻപ് നഗരഹൃദയത്തിൽ സ്ഥാപിച്ച മനോഹര ശിൽപ്പം. രാജാ മെഹ്ദി അലി ഖാൻ എഴുതി മദൻമോഹൻ ചിട്ടപ്പെടുത്തി ആശ ഭോസ്ലെ പാടി അനശ്വരമാക്കിയ "മേരാ സായ" (1966) യിലെ "ജൂംക ഗീരാരെ ബറേലി കെ ബാസാർ മേ..." എന്ന ഗാനത്തിന്റെ ലോഹരൂപമാണത്. ഒരു ചലച്ചിത്ര ഗാനത്തിനുള്ള ഒരു നാടിന്റെ ആദരം.
ഒ പി നയ്യാരും സച്ചിൻ ദേവ് ബർമ്മനും ജയദേവും ഖയ്യാമും ആർ ഡി ബർമ്മനുമെല്ലാം ആശയ്ക്ക് സമ്മാനിച്ചത് അവർക്ക് മാത്രം പാടി ഫലിപ്പിക്കാൻ കഴിയുന്ന പാട്ടുകളാണ്
ആശക്ക് അഭിമാനിക്കാം. നമ്മുടെ നാട്ടിൽ മറ്റൊരു ഗായികക്കും അവകാശപ്പെടാനാവില്ലല്ലോ ഈ ബഹുമതി. രണ്ടു ദേശീയ അവാർഡുകളും ഏഴ് ഫിലിംഫെയർ അവാർഡുകളും പത്മവിഭൂഷണും ഉൾപ്പെടെ സിനിമാ ജീവിതത്തിൽ നിന്ന് കൈവന്ന എല്ലാ മഹനീയ അംഗീകാരങ്ങൾക്കും ഒപ്പം നിൽക്കും ഈ അപൂർവ ഗാനശില്പവും.
ബ്രിട്ടീഷ് ഭരണകാലത്തെ യുണൈറ്റഡ് പ്രോവിൻസിലെ രണ്ടു ജില്ലകളായിരുന്നു ബറേലിയും റായ് ബറേലിയും. പേരിലെ സാമ്യം മൂലമുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ ബ്രിട്ടീഷുകാർ ബറേലിയെ ബാൻസ് (മുള) ബറേലി എന്ന് വിളിച്ചു. മുളങ്കാടുകളുടെ സമൃദ്ധിയായിരുന്നു ആ വിശേഷണത്തിന് പിന്നിൽ. "മേരാ സായ'' യിലെ ഗാനം സൂപ്പർ ഹിറ്റായതോടെ പുതിയൊരു പേരിൽ അറിയപ്പെടാൻ തുടങ്ങി നഗരം- ജൂംകാവാലാ ബറേലി. ഈ പുതിയ പേരിൽ നിന്നാണ് യഥാർത്ഥ ജൂംക എന്ന ആശയം വീണുകിട്ടിയതെന്ന് പറയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വികസന അതോറിറ്റി അധികൃതർ.
ആദ്യം പറഞ്ഞപ്പോൾ പലർക്കും തമാശയായിരുന്നു. അനാവശ്യമായ ധൂർത്ത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ അത്തരമൊരു ധൂർത്ത് ആവശ്യമാണെന്ന വാദത്തിനു മുന്നിൽ ഒടുവിൽ വിമർശകർ മുട്ടു മടക്കി. 200 കിലോ ഭാരമുള്ള കൂറ്റൻ ജിമിക്കിക്കമ്മലിന്റെ പിച്ചളമാതൃക നഗരഹൃദയത്തിലെ പാർസഖേരയിൽ ഇടം നേടിയത് അങ്ങനെയാണ്. ബറേലിയുടെ സവിശേഷമായ കരകൗശലപാരമ്പര്യത്തിന്റെ പ്രതീകം. "ബറേലിക്കാർക്ക് ആഹ്‌ളാദിക്കാം. ഇനി മുതൽ ജൂംക തിരഞ്ഞുവരുന്ന സന്ദർശകരെ നിരാശപ്പെടുത്തേണ്ടി വരില്ല അവർക്ക്. '' -- 2020 ഫെബ്രുവരിയിൽ കൂറ്റൻ ജൂംകയുടെ ഉദ്‌ഘാടനം നിർവഹിച്ച കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വാർ പറഞ്ഞു.
ലതാജിയുമൊത്ത് ആശ പാടിയ യുഗ്മഗാനങ്ങൾ കേട്ടാലറിയാം ഈ വൈവിധ്യം. ഒരുമിച്ചുള്ള ഓരോ റെക്കോർഡിംഗും മറക്കാനാവാത്ത അനുഭവമാണെന്ന് പറയും ആശ
"മേരാ സായ"യിലെ അവശേഷിച്ച പെൺ സോളോകളെല്ലാം പാടിയത് മദൻമോഹന്റെ പ്രിയ ഗായിക ലതാ മങ്കേഷ്‌കർ. ഒരു ഗാനം മുഹമ്മദ് റഫിയും. "ദീദിക്ക് മാത്രമേ അങ്ങ് ഏറ്റവും നല്ല ഈണങ്ങൾ കൊടുക്കൂ'' എന്ന ആശാജിയുടെ ചിരകാല പരിഭവത്തിനുള്ള മറുപടിയായാണ് "ജൂംകാ ഗീരാരെ'' അവർക്ക് നൽകാൻ തീരുമാനിച്ചതെന്ന് പറഞ്ഞിട്ടുണ്ട് മദൻമോഹൻ. "തു ജഹാം ജഹാം ചലേഗാ മേരാ സായാ സാഥ് ഹോഗാ'' എന്ന ഗാനം ലതാജിയുടെ ക്ലാസിക് ഗാനങ്ങളിലൊന്നായി നിലനിൽക്കുന്നു ഇന്നും. "നൈനോം മേ ബദ്രാ ഛായാ'' ഏറ്റവും മികച്ച അർദ്ധശാസ്ത്രീയ ഗാനത്തിനുള്ള സുർസിംഗാർ പുരസ്‌കാരം മദൻമോഹന് നേടിക്കൊടുത്തു. എങ്കിലും പടം ഇറങ്ങിയ കാലത്ത് "ജൂംകാ ഗീരാരെ'' ആയിരുന്നു ഇൻസ്റ്റന്റ് ഹിറ്റ്. ബിനാക്കാ ഗീത് മാലയുടെ വാർഷിക പട്ടികയിൽ നാലാം സ്ഥാനത്തെത്തി ഈ ഗാനം.
ലതയുമായി മത്സരിച്ചിട്ടുണ്ടോ എന്ന പ്രശസ്ത പ്രക്ഷേപകൻ അമീൻ സയാനിയുടെ ചോദ്യത്തിന് ഒരിക്കൽ ആശ നൽകിയ മറുപടി ഇങ്ങനെ: "എന്തിന്? ഞങ്ങൾ ഇരുവരും സ്വതഃസിദ്ധമായ ശൈലികൾ പിന്തുടരുന്നവർ. ഒരിക്കലും ആ ശൈലികൾ തമ്മിൽ കൂട്ടിമുട്ടേണ്ട കാര്യമുണ്ടായിരുന്നില്ല. ദീദിയുടെ ശബ്ദത്തെ ഒരിക്കലും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല ഞാൻ. ശ്രമിച്ചിരുന്നെങ്കിൽ ജനം എന്നെ നിർദ്ദയം തിരസ്കരിച്ചേനെ."
എങ്കിലും സംഗീത ജീവിതത്തിന്റെ തുടക്കത്തിൽ കടുത്ത "ലതാ ഫോബിയ"യ്ക്ക് അടിമയായിരുന്നു ആശ ഭോസ്ലെ എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് സിനിമയിൽ ആശയുടെ ഗോഡ്‌ഫാദറായിരുന്ന സംഗീത സംവിധായകൻ ഒ പി നയ്യാർ. "പെദ്ദാർ റോഡിൽ അടുത്തടുത്ത ഫ്‌ളാറ്റുകളിലാണ് ആശയും ലതയും താമസിച്ചിരുന്നത്. രണ്ടു പേർക്കും ഒരേയൊരു വീട്ടുവേലക്കാരി. അത്യാവശ്യം ഏഷണിയുണ്ട് ഈ വേലക്കാരിക്ക്. ലത നല്ലൊരു പാട്ട് റെക്കോർഡ് ചെയ്താൽ ഉടനടി അക്കാര്യം പൊടിപ്പും തൊങ്ങലും വെച്ച് അനിയത്തിയുടെ കാതിലെത്തിക്കുക എന്നതായിരുന്നു ആ സ്ത്രീയുടെ ജന്മദൗത്യം. അത് കേൾക്കേണ്ട താമസം ആശ അസ്വസ്ഥയാകും."-- നയ്യാറിന്റെ വാക്കുകൾ. "ആദ്യകാലത്ത് ഈ അപകർഷ ബോധത്തിൽ നിന്ന് ആശയെ കരകയറ്റാൻ കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ട് എനിക്ക്. സ്വന്തമായി ഒരു ശബ്ദവും ശൈലിയും ഉണ്ടെന്നും അത് ലതയുടേതിൽ നിന്ന് തീർത്തും വിഭിന്നമാണെന്നും ആശയെ വിശ്വസിപ്പിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു."
ആ തിരിച്ചറിവിൽ നിന്ന് തുടങ്ങുന്നു ഹിന്ദി സിനിമാ സംഗീതത്തിലെ ആശ ഭോസ്ലെ യുഗം. ഒ പി നയ്യാരും സച്ചിൻ ദേവ് ബർമ്മനും ജയദേവും ഖയ്യാമും ആർ ഡി ബർമ്മനുമെല്ലാം ആശയ്ക്ക് സമ്മാനിച്ചത് അവർക്ക് മാത്രം പാടി ഫലിപ്പിക്കാൻ കഴിയുന്ന പാട്ടുകളാണ്. ഓരോ പാട്ടിലുമുണ്ടായിരുന്നു ആശയുടെ സവിശേഷമായ ആലാപനമുദ്ര. ലതാജിയുമൊത്ത് ആശ പാടിയ യുഗ്മഗാനങ്ങൾ കേട്ടാലറിയാം ഈ വൈവിധ്യം. ഒരുമിച്ചുള്ള ഓരോ റെക്കോർഡിംഗും മറക്കാനാവാത്ത അനുഭവമാണെന്ന് പറയും ആശ. രണ്ടു പേരുടെയും ആലാപനത്തിൽ സ്വാഭാവികമായി വന്നു നിറയുന്ന മത്സരബുദ്ധി ആ ഗാനങ്ങളെ വേറിട്ട അനുഭവങ്ങളാക്കി മാറ്റുന്നു. "പാട്ടിൽ ദീദി കൊണ്ടുവരാൻ പോകുന്ന ട്വിസ്റ്റ് എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചൊരു സങ്കല്പമുണ്ട് എനിക്ക്. അതുപോലൊരു ട്വിസ്റ്റ് സ്വന്തം ആലാപനത്തിൽ അവതരിപ്പിക്കാൻ ഞാനും ശ്രമിക്കും. ഒരിക്കലും അതൊരു മത്സരമായിരുന്നില്ല; ഒരു തരം കൊടുക്കൽ വാങ്ങലായിരുന്നു."
ആശ നവതിയിൽ പ്രവേശിക്കുമ്പോൾ ആഘോഷത്തിൽ പങ്കുചേരാൻ ലത ഇല്ല എന്നത് സംഗീത ലോകത്തിന്റെ നഷ്ടം. 2022 ഫെബ്രുവരി എട്ടിനായിരുന്നു ലതാജിയുടെ വിയോഗം.