നാഗചൈതന്യ-സമാന്ത റൂത്ത് പ്രഭു വിവാഹമോചന വിഷയത്തില്‍ ഭാരത രാഷ്ട്ര സമിതി (ബി ആര്‍ എസ്) നേതാവ് കെ ടി രാമറാവുവിനെതിരെ ഉന്നയിച്ച ആരോപണം തുടങ്ങിവച്ച വിവാദം നിിയമ നടപടികളേക്ക് കടക്കുന്നു. തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയ്ക്കെതിരെ നടന്‍ നാഗാര്‍ജുന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മന്ത്രി സുരേഖ തന്റെ അഭിപ്രായത്തില്‍ മാപ്പുപറഞ്ഞതിന് പിന്നാലെയാണ് നടപടി.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 356 പ്രകാരം നാമ്പള്ളി കോടതിയില്‍ലാണ് നടന്‍ നാഗാര്‍ജുന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് അക്കിനേനി കുടുംബത്തിന്റെ സത്‌പേരിന് കോട്ടം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എന്നാണ് നാഗാര്‍ജുനയുടെ ആരോപണം. പരാതിയുടെ പകര്‍പ്പ് നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഭാരത രാഷ്ട്ര സമിതി (ബി ആർ എസ്) നേതാവ് കെ ടി രാമറാവുവിനെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശമാണ് വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. നാഗചൈതന്യയും സമാന്തയും വേർപിരിഞ്ഞതിനും സിനിമാ മേഖലയിൽനിന്ന് നടിമാർ മാറി നിൽക്കുന്നതിനുമെല്ലാം കാരണം കെ ടി രാമറാവു ആണെന്നായിരുന്നു മന്ത്രി കൊണ്ട സുരേഖയുടെ പരാമർശം. മന്ത്രിയുടെ ആരോപണം തെലുങ്ക് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണു വഴിവെച്ചത്. വലിയ വിമർശനം ഉയർന്നതോടെ നാഗചൈതന്യയോടും സാമന്തയോടും മന്ത്രി ക്ഷമ ചോദിച്ചു. പക്ഷേ രാമറാവുവിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന നിലപാടിലാണു മന്ത്രി.
‘'കെടിആർ മയക്കുമരുന്ന് മാഫിയയിൽ പെട്ട വ്യക്തിയാണ്. സിനിമാ മേഖലയിലെ പലർക്കും അദ്ദേഹം മയക്കുമരുന്ന് എത്തിച്ചുനൽകാറുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാനാവാതെ പല നടിമാരും അഭിനയം നിർത്തിയതായി എനിക്കറിയാം. കെടിആറിനെ നേരിൽ കാണാൻ തന്റെ മകന്റെ ഭാര്യയായ സമാന്തയോട് നാഗാർജുന ആവശ്യപ്പെട്ടിരുന്നു. അവർ അതിന് വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും തമ്മിൽ വേർപിരിയാനിടയായത്,''. എന്നായിരുന്നു കൊണ്ട സുരേഖയുടെ പരമാർശം.
മന്ത്രിയുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഇത്തരുമൊരു പരമാർശം അപ്രതീക്ഷിതമാണെന്നും വളരെ മോശമായിപ്പോയെന്നും വാദങ്ങളെല്ലാം തീർത്തും വാസ്തവവിരുദ്ധമാണെന്നുമായിരുന്നു നാഗാർജുനയുടെ പ്രതികരണം.