ഫഹദ് ഫാസില്‍ ചിത്രം 'ആവേശം' തെലുങ്കില്‍ റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നന്ദമൂരി ബാലകൃഷ്ണ രംഗണ്ണനായി എത്തിയേക്കുമെന്ന് സൂചന. ബാലകൃഷ്ണയും സംവിധായകന്‍ ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. ചിത്രം ജിത്തു മാധവന്‍-ഫഹദ് ഫാസില്‍ കൂട്ടില്‍ വന്ന 'ആവേശ'ത്തിന്റെ റീമേക്ക് ആയിരിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അങ്ങനെയെങ്കില്‍ ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ബോബി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാലകൃഷ്ണ ഇപ്പോള്‍. ഇതു പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഹരീഷ് ശങ്കറിന്റെ ചിത്രത്തിലേക്ക് കടക്കൂ.
രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിലിലൂടെ പരിചയപ്പെടുത്തിയത്. കോമഡി, ആക്ഷന്‍, ത്രില്ലര്‍ എല്ലാം ചേര്‍ത്തെ് കംപ്ലീറ്റ് തീയറ്ററിക്കല്‍ അനുഭവത്തിനായി മാത്രം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു 'ആവേശം'. 'ആവേശം' ജിത്തുവിനൊപ്പം ചോര്‍ന്നുളള ഒരു പരീക്ഷണമാണെന്നും ഓഫ് ബീറ്റ് സിനിമകള്‍ക്കായി ഒടിടി ഉള്ളപ്പോള്‍ 'ആവേശം' തീയറ്ററിന് മാത്രമായി തയ്യാറാക്കിയതാണെന്നുമായിരുന്നു ചിത്രത്തെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞത്. പ്രതീക്ഷ തെറ്റിയില്ല. തീയറ്ററില്‍ പ്രേക്ഷകരെ നിരാശരാക്കിയില്ല ചിത്രം. ഒപ്പം ഫഹദിന്റെ രംഗക്ക് ആരാധകരുമുണ്ടായി. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. അണിയറക്കാരുടെ ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ 'ആവേശം' ആരാധകര്‍.