തമിഴ് സംവിധായകനും നടനുമായ അമീർ സുൽത്താനോട് മയക്കുമരുന്ന് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ. ഹിറ്റ് സിനിമകളായിരുന്ന മാരൻ, വട ചെന്നൈ എന്നിവയിൽ അഭിനയിച്ചിട്ടുള്ള, അമീർ സുൽത്താൻ സംവിധാനം ചെയ്യുന്ന 'ഇരൈവൻ മെഗ പെരിയവൻ' എന്ന സിനിമ ഈ വർഷം റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ സിനിമയുടെ നിർമാതാവായ ജാഫർ സാദിഖുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് ഇപ്പോൾ അമീർ സുൽത്താന്റെയും പേര് കേൾക്കുന്നത്.
ജാഫർ സാദിഖുമായി ബന്ധപ്പെട്ട ലഹരി മാഫിയയെക്കുറിച്ച് അമീറിന് അറിയാം എന്നാരോപിച്ചാണ് നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2000 കോടി രൂപയുടെ അന്താരാഷ്ട്ര തലത്തിലുള്ള ലഹരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അന്വേഷണം അമീറിലേക്ക് നീളുന്നത്. ഏപ്രിൽ രണ്ടിന് ഡൽഹിയിൽ ഹാജരാകണമെന്നായിരുന്നു നർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ അറിയിച്ചത്.
2000 കോടി രൂപയുടെ ലഹരികള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ് അമീറിന്റെ ഏറ്റവും പുതിയ സിനിമ ഇരൈവൻ മെഗ പെരിയവന്റെ നിർമാതാവ് കൂടിയായ ജാഫർ സാദിഖിന്റെ പേരിലുള്ളതാണ്. അമീറിന് സാദിഖിന്റെ റെസ്റ്റോറന്റ് ബിസിനസിൽ പങ്കാളിത്തമുണ്ട്. ഇതെല്ലാം ചേർത്താണ് സംശയങ്ങൾ അമീറിലേക്കും നീളുന്നത്.
തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് അമീർ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. കേസിലൂടെ തന്നെ മാനസികമായി തളർത്താനും വ്യക്തിപരമായി മോശക്കാരനാക്കാനും ശ്രമിക്കുകയാണെന്നും, ഇത് തന്റെ കുടുംബത്തെ വേദനിപ്പിക്കാനാണെന്നുമാണ് അമീർ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നത്. താൻ ലഹരിക്കെല്ലാം എതിരായ നിലപാടാണ് ജീവിതത്തിൽ പുലർത്തുന്നതെന്നും വിഡിയോയിൽ പറയുന്നു.