ENTERTAINMENT

ചന്ദ്രബോസിനോട് രാജമൗലി പറഞ്ഞു,'നിങ്ങൾ നിങ്ങളെക്കുറിച്ച് എഴുതൂ, വിമർശനങ്ങൾ വേണ്ട; നാട്ടു നാട്ടുവിന്റെ പിറവിയും യാത്രയും

വരികളിൽ ഉടനീളം സൗഹൃദം എന്ന ആശയം നിറഞ്ഞുനിൽക്കുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

എം എം കീരവാണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ വിസ്മയം, നാട്ടു നാട്ടു. വരികളെഴുതിയ ചന്ദ്രബോസിനോട് സംവിധായകൻ രാജമൗലി പറഞ്ഞത് ഇത്രമാത്രം- നിങ്ങൾ നിങ്ങളെക്കുറിച്ച് പാടൂ, നിങ്ങളുടെ ശക്തി, നിങ്ങളുടെ പോരാട്ടം, പാടാൻ ആഗ്രഹിക്കുന്നതെന്തും പാടൂ. മറ്റുള്ളവരെ വിമർശിക്കുന്ന വരികൾ മാത്രം ഗാനത്തിൽ എഴുതാതിരിക്കുക.

ആർആർആറിലെ ഹിറ്റ് ഗാനം മുഴുവനായി പൂർത്തിയാക്കാൻ എടുത്തത് 19 മാസം.

തന്റെ ബാല്യകാല ഓർമകളുടെ അടിസ്ഥാനത്തിലാണ് ചന്ദ്രബോസ് ഗാനത്തിന്റെ വരികളെഴുതിയത്. വരികളിൽ ഉടനീളം സൗഹൃദം എന്ന ആശയം നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിൽ രാംചരണും ജൂനിയർ എൻ ടി ആറും തമ്മിലുള്ള സ്‌നേഹബന്ധം വരികളിലൂടെ ഊട്ടി ഉറപ്പിക്കുകയാണ് ചന്ദ്രബോസ്. ഗാനത്തിന്റെ തൊണ്ണൂറ് ശതമാനവും ഒന്നര ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ബാക്കി പത്ത് ശതമാനം തീർക്കാൻ ഒന്നര വർഷത്തിലധികം സമയമെടുത്തു എന്നാണ് ചന്ദ്രബോസ് പറയുന്നത്.

ആർആർആറിലെ ഹിറ്റ് ഗാനം മുഴുവനായി പൂർത്തിയാക്കാൻ എടുത്തത് 19 മാസം. അതിനൊക്കെ മുൻപ് നാട്ടു നാട്ടു എന്ന ഗാനത്തിലേക്കെത്താൻ തന്നെ ഏറെ ദൂരം സഞ്ചരിക്കേണ്ടി വന്നു. ചിത്രത്തിലെ പ്രസ്തുത സന്ദർഭത്തിനായി വ്യത്യസ്ത രീതിയിലുള്ള 20 ഗാനങ്ങളാണ് കീരവാണി ചിട്ടപ്പെടുത്തിയത്. അണിയറയിലുള്ളവർ ചേർന്ന് വോട്ട് ചെയ്താണ് നാട്ടു നാട്ടു തന്നെ മതി എന്ന തീരുമാനത്തിലെത്തുന്നത്. പരമ്പരാഗത നാടൻ പാട്ടുകളുടെ രീതിയിൽ ഗാനം ചിട്ടപ്പെടുത്താനാണ് കീരവാണി തീരുമാനിച്ചത്. ഗാനത്തിന് വാദ്യോപകരണമായി തിരഞ്ഞെടുത്തത് ഇസ്‌ലാം മതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള ദഫ് മുട്ട് കലാരൂപത്തിൽ ഉപയോഗിക്കുന്ന ദഫ് ആണ്. ദക്ഷിണേന്ത്യൻ സംഗീതത്തിൽ കൂടുതലായി കണ്ടുവരുന്ന 6/8 ബീറ്റിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവരുടെ ഊർജ്ജസ്വലമായ ആലാപനം കൂടി ആയപ്പോൾ പാട്ട് അതിഗംഭീരമായി. ഇതിൽ കാലഭൈരവ കീരവാണിയുടെ മകൻ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

സാധാരണ ചിത്രങ്ങളിൽ ഫൈറ്റ് സീക്വൻസുകളിൽ നായകനും വില്ലനും തമ്മിൽ പ്രശ്നങ്ങൾ തല്ലി തീർക്കുന്നതാണ് കണ്ടിട്ടുള്ളത്. എന്നാൽ ആർആർആറിൽ രാജമൗലി സ്വീകരിച്ചത് വ്യത്യസ്ത രീതിയാണ്. തങ്ങളുടെ ബ്രിട്ടീഷ് എതിരാളികളെ നൃത്തം ചെയ്ത് തോൽപ്പിക്കുന്ന നായകന്മാരെയാണ് നമ്മൾ ചിത്രത്തിലൂടെ കണ്ടത്. അതുകൊണ്ട് തന്നെ ഒരു ഫൈറ്റ് സീക്വൻസിൽ വരേണ്ട മുഴുവൻ എനർജിയും നൃത്തത്തിലൂടെ വരുത്തേണ്ടത് അനിവാര്യമായിരുന്നു. കൂടാതെ രണ്ടുപേർ ചേർന്ന് ചെയ്യുമ്പോൾ ഭംഗിയുള്ള നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തുക എന്നതും പ്രധാന വെല്ലുവിളി ആയിരുന്നു. ആർക്കും ചെയ്യാൻ പറ്റാത്ത രീതിയിൽ ചുവടുകൾ സങ്കീർണമാക്കരുത് എന്നും രാജമൗലിക്ക് നിർബന്ധമായിരുന്നു. ആ ജോലി വളരെ മനോഹരമായി നൃത്ത സംവിധായകൻ പ്രേം രക്ഷിത് പൂർത്തിയാക്കി.

ഗാനത്തിൽ ഹിറ്റായ നാട്ടു നാട്ടു സ്റ്റെപ്പിന് വേണ്ടി പ്രേം രക്ഷിത് ചിട്ടപ്പെടുത്തിയത് 110 വ്യത്യസ്ത രീതിയിലുള്ള ചുവടുകളാണ്. അവസാനഘട്ട ഷൂട്ടിങ്ങിന്റെ ഭാഗമായി 2021 ഓഗസ്റ്റിൽ യുക്രെയ്‌നിൽ വച്ചാണ് ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയായത്. യുക്രെയ്ൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മരിയൻസ്കി കൊട്ടാരത്തിൽ വച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. 15 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഗാനത്തിന്റെ മുൻ നിരയിൽ 50 നർത്തകരും പിന്നിലായി 400 ഓളം നർത്തകരുമാണുണ്ടായിരുന്നത്.

യൂട്യൂബിൽ റിലീസായി 24 മണിക്കൂറിനുള്ളിൽ ഗാനത്തിന് ലഭിച്ചത് 17 മില്യൺ വ്യൂസാണ്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെലുങ്ക് ഗാനം എന്ന റെക്കോർഡും ഇതോടെ നാട്ടു നാട്ടുവിന് സ്വന്തം.

ഒരു കൂട്ടം ആളുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഇതുവരെ ഗാനത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങളും. ഗാനത്തിന് ദൃശ്യഭംഗി പകർന്ന രാംചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയും നൃത്തച്ചുവടുകളും എടുത്ത് പറയാതെ വയ്യ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ