ആർആർആറിന് ശേഷം 'നാട്ടു നാട്ടു' കൊറിയോഗ്രഫർ പ്രേം രക്ഷിതും രാജമൗലിയും വീണ്ടും ഒന്നിക്കുന്നു. ഓസ്കാർ നേടിയ നാട്ടു നാട്ടുവിന് ശേഷം രാജമൗലിയുമായി വീണ്ടും ഒന്നിക്കുന്ന വിവരം പ്രേം തന്നെയാണ് പങ്കുവച്ചത്. രാജമൗലിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പുതിയ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നോ രണ്ടോ മാസത്തിനകം ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. മാത്രമല്ല, ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രത്തിന്റെ കോറിയോഗ്രാഫറും താനാണെന്ന് പ്രേം രക്ഷിത് അറിയിച്ചു
95-ാമത് ഓസ്കർ അവാർഡിൽ മികച്ച ഒറിജിനൽ ഗാനം വിഭാഗത്തിലാണ് ആർആർആറിലെ ഗാനമായ 'നാട്ടു നാട്ടു' ചരിത്രപരമായ വിജയം നേടിയത്. 'നാട്ടു നാട്ടു'വിലെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും കൊറിയോഗ്രാഫർ പ്രേം രക്ഷിതും ഓസ്കറിന് മുന്‍പ് തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ഓസ്‌കറിന് ശേഷം ജീവിതം കൂടുതല്‍ സന്തോഷമുള്ളതായെന്ന് പ്രേം പറയുന്നു. പുരസ്കാര നേട്ടത്തിലെ സന്തോഷവും ആഹ്‍ളാദവും പറഞ്ഞറിയിക്കാൻ കഴിയുന്നതിലും വലുതാണെന്നും അദ്ദേഹം പറയുന്നു.
രാജമൗലി, രാം ചരണ്‍, ജൂനിയർ എന്‍ടിആർ, എം എം കീരവാണി, ചന്ദ്രബോസ് എന്നിവരടങ്ങുന്ന ആർആർആർ ടീമിനൊപ്പം പ്രേം രക്ഷിതും ഓസ്കർ വേദിയില്‍ ഉണ്ടായിരുന്നു. ഓസ്കർ വാങ്ങിയതുപോലെ തന്നെ, നാട്ടു നാട്ടു ഗാനവും നൃത്തവും വേദിയില്‍ അവതരിപ്പിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നും പ്രേം രക്ഷിത് പറയുന്നു. അടുത്തിടെ 'എബിസിഡി' ചിത്രത്തിന്റെ സെറ്റിലേക്ക് 'നാട്ടു നാട്ടു'വിലെ സിഗ്നേച്ചർ സ്റ്റെപ്പുകള്‍ അവതരിപ്പിച്ച് പ്രഭുദേവയും എബിസിഡി ടീമും രാം ചരണിനെ സ്വീകരിച്ച വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. തന്റെ കൊറിയോഗ്രഫി ഏറ്റെടുത്ത് വീഡിയോ ചിത്രീകരിച്ച പ്രഭു ദേവയ്ക്കും ടീമിനും പ്രേം രക്ഷിത് നന്ദി അറിയിച്ചു.