ഓസ്കറിൽ ഇന്ത്യൻ യശസുയർത്തി ആർ ആർ ആറിലെ നാട്ടു നാട്ടുവും കീരവാണിയും. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലാണ് നാട്ടു നാട്ടുവിന്റെ ഓസ്കർ നേട്ടം. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഓസ്കർ ലഭിക്കുന്നത്. മുൻപ് റഹ്മനും റസൂൽ പൂക്കുട്ടിക്കുമടക്കം പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും, അതൊക്കെ ഹോളിവുഡ് ചിത്രങ്ങളിലൂടെയായിരുന്നു
എം എം കീരവാണി ഈണം പകർന്ന ഗാനം രചിച്ചത് ചന്ദ്രബോസാണ്. കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവരുടെ ഊർജ്ജസ്വലമായ ആലാപനം കൂടി ആയപ്പോൾ ഗാനത്തിന്റെ എനർജി തന്നെ മറ്റൊരു തലത്തിലെത്തി. രാംചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയും നൃത്തച്ചുവടുകളാണ് ഗാനത്തിന് മാറ്റ് കൂട്ടിയത്.
ആർആർആർ പുരസ്കാരങ്ങൾ വാരിക്കൂട്ടാൻ തുടങ്ങിയത് ഗോൾഡൻ ഗ്ലോബിലൂടെയാണ്. മികച്ച ഒറിജിനൽ ഗാനത്തിനായിരുന്നു പുരസ്കാരം. എ ആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. തുടർന്ന് 28ാമത് ക്രിട്ടിക്സ് ചോയ്സ് പുരസ്കാര വേദിയിലും ആർആർആർ നേട്ടം കൊയ്തു. മികച്ച വിദേശഭാഷാ ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. ശേഷം ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡിൽ നാല് പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച ഗാനം, മികച്ച ആക്ഷൻ ചിത്രം, മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച സ്റ്റണ്ട് എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്കാരം.