ENTERTAINMENT

'3 സെക്കന്റ് ലൊക്കേഷന്‍ ദൃശ്യങ്ങൾക്ക് ആവശ്യപ്പെട്ടത് 10 കോടി; ധനുഷ് പക വീട്ടുന്നു': തുറന്നടിച്ച് നയൻതാര

നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത മൂന്ന് സെക്കന്റ് ദൈർഘ്യമുളള ലൊക്കേഷന്‍ ദൃശ്യങ്ങൾ ഡോക്യുമെന്ററിയില്‍ ഉപയോ​ഗിച്ചു എന്ന കാരണത്താലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര പറയുന്നു.

എന്റർടെയ്ൻമെന്റ് ഡെസ്ക്

തനിക്കും വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം വീട്ടുന്നുവെന്ന ആരോപണവുമായി നയന്‍താര. നയന്‍താരയുടെ വിവാഹത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന Nayanthara: Beyond the Fairy Tale എന്ന ഡോക്യുമെന്ററി വൈകിയതിന് പിന്നിൽ ധനുഷാണെന്ന് നയന്‍താരയുടെ കുറിപ്പില്‍ ആരോപിക്കുന്നു. നയൻതാര ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച തുറന്ന കത്തിലാണ് ധനുഷിനെതിരെയുളള വെളിപ്പെടുത്തലുകൾ.

2022ലായിരുന്നു നയന്‍താര-വിഘ്‌നേശ് വിവാഹം. നയൻതാരയുടെ കരിയറിനെ ആധാരമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിൽ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഉപയോഗിക്കുന്നതിന് ചിത്രത്തിന്റെ നിർമാതാവായ ധനുഷ് തടസം നിന്നതിനാലാണ് രണ്ട് വർഷം നീണ്ട കാത്തിരിപ്പ് ഡോക്യുമെന്ററിയുടെ റിലീസിനായി വേണ്ടി വന്നതെന്ന് കുറിപ്പിൽ പറയുന്നു. വിഘ്‌നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.

നയന്‍താരയുടെ സിനിമാ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെങ്കിലും ധനുഷ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാൻ വിസമ്മതിക്കുകയായിരുന്നു. നടപടികൾക്ക് കാലതാമസം നേരിട്ടത് ഡോക്യുമെന്ററിയുടെ റിലീസിനെ ബാധിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. ഇക്കാരണത്താൽ ചിത്രം റീ എഡിറ്റ് ചെയ്യേണ്ടതായി വന്നെന്നും നയൻതാരയുടെ കുറിപ്പിൽ പറയുന്നു. എന്നാൽ ഒടുവിലായി ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് നയൻതാരക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത മൂന്ന് സെക്കന്റ് ദൈർഘ്യമുളള ലൊക്കേഷന്‍ ദൃശ്യങ്ങൾ ഡോക്യുമെന്ററിയില്‍ ഉപയോ​ഗിച്ചു എന്ന കാരണത്താലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര പറയുന്നു.

ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ചിരുന്ന ചില ദൃശ്യങ്ങളാണ് ട്രെയിലറിൽ താൻ ഉപയോഗിച്ചതെന്നും ബി.ടി.എസ് ദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് എങ്ങനെ പകർപ്പവകാശ ലംഘനമാകുമെന്നും നയൻതാര ചോദിക്കുന്നു. മുമ്പും ധനുഷിന്റെ പ്രവൃത്തികൾ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചിട്ടുളളതായി കത്തിൽ വെളിപ്പെടുത്തലുണ്ട്. സിനിമാ ചിത്രീകരണ സമയത്ത് ധനുഷിൻ നിന്നും മോശം അനുഭവം ഉണ്ടായിരുന്നു. സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് ചിത്രം വലിയ വിജയമായപ്പോൾ അസ്വസ്ഥനായിരുന്നെന്നും നയന്‍താര പറയുന്നു. ഇതിന്റെ ബാക്കിപത്രമായാണ് സിനിമയുടെ ഭാ​ഗങ്ങൾ ഉപയോ​ഗിക്കാൻ വിസമ്മതിച്ചതും ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള വക്കീൽ നോട്ടീസ് അയച്ച് പക വീട്ടുന്നതെന്നും നയൻതാര ആരോപിക്കുന്നു.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നു; ഇന്റര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ നിര്‍ത്തിവെച്ച് അധികൃതര്‍

ലക്ഷ്യം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍; ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

'ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല'; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്