വാടക ഗര്‍ഭധാരണ സംഭവത്തില്‍ നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനുമെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇരുവര്‍ക്കും ക്ലിന്‍ ചിറ്റ് നല്‍കി നടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നിയമലംഘനങ്ങള്‍ നടന്നതായി തോന്നുന്നില്ലെന്നും ആരോഗ്യ അന്വേഷണസമിതിയിലെ മെഡിക്കല്‍ സര്‍വീസ് ഓഫീസര്‍ വ്യക്തമാക്കി . സംഭവത്തില്‍ താരദമ്പതികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ജൂണ്‍ 9 ന് നടന്നത് അതിഥികളെ ക്ഷണിച്ചുള്ള വിവാഹ സത്കാര ചടങ്ങ് മാത്രമായിരുന്നെന്ന് താരങ്ങള്‍
താരദമ്പതികള്‍ക്കായി നയതാരയുടെ ബന്ധുവാണ് ഗര്‍ഭം ധരിച്ചതെന്നും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ദമ്പതികള്‍ തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കി. ആറു വര്‍ഷം മുന്‍പെ വിവാഹിതരാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടക ഗര്‍ഭധാരണത്തിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല പുതിയ വാടക ഗര്‍ഭധാരണ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് തന്നെ കരാര്‍ ഉണ്ടാക്കിയതിനാല്‍ നിയമലംഘനമില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നാണ് സൂചന. 2016 ല്‍ തന്നെ ഇരുവരും വിവാഹിതരായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍ . കഴിഞ്ഞ ജൂണ്‍ 9 ന് നടന്നത് അതിഥികളെ ക്ഷണിച്ചുള്ള വിവാഹ സത്കാര ചടങ്ങ് മാത്രമായിരുന്നെന്നും താരങ്ങള്‍ പറയുന്നു .
കഴിഞ്ഞ ആഴ്ചയാണ് ഇരട്ടക്കുട്ടികള്‍ പിറന്നെന്ന സന്തോഷം പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത് . തൊട്ടുപിന്നാലെ , ജൂണില്‍ വിവാഹിതരായ ഇരുവര്‍ക്കും കുഞ്ഞുങ്ങളുണ്ടായത് വാടകഗര്‍ഭധാരണത്തിലടെയാണെന്നും നിയമങ്ങള്‍ പാലിച്ചില്ലെന്നുമുള്ള ചര്‍ച്ചകളും ഉയര്‍ന്നു . തുടര്‍ന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്