36 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് കെഎച്ച് 234. 1987 ൽ പുറത്തിറങ്ങിയ 'നായകൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും കേള്‍ക്കുന്നുണ്ട്. കെഎച്ച് 234 ല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര എത്തുമെന്ന സൂചനകളാണ് ഇപ്പോൾ അണിയറപ്രവർത്തകർ നൽകുന്നത്. വാർത്ത പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് തെന്നിന്ത്യൻ സിനിമ ആരാധകർ.
ചിത്രത്തിൽ തൃഷ നായികയായി എത്തുമെന്നായിരുന്നു നേരത്തെ സൂചന. 'മന്മദൻ അമ്പു', 'തൂങ്കാവനം' എന്നീ ചിത്രങ്ങൾക്ക് ശേഷം കമല്‍ ഹാസനുമായി തൃഷ ഒന്നിക്കുന്ന ചിത്രമാകും ഇതെന്നാണ് പ്രതീക്ഷ. എന്നാൽ നയൻതാരയാണ് നായിക കഥാപാത്രം ചെയ്യുക എന്നതാണ് പുതിയ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം ആയിരിക്കും ഇത്. കമൽഹാസനൊപ്പം നയൻതാരയെയും തൃഷയെയും ഒരുമിച്ച് കൊണ്ടുവരാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ടെന്നും സൂചനകളുണ്ട്.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രം നിർമ്മിക്കുക. ഉദയനിധി സ്റ്റാലിന്റെ റീ ഗെയ്ന്റ് മൂവീസ് ആയിരിക്കും ചിത്രം അവതരിപ്പിക്കുക.
ചിത്രത്തിൽ കമൽഹാസനൊപ്പംനയൻതാരയെയും തൃഷയെയും ഒന്നിച്ച് കൊണ്ടുവരാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ട്
കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ എന്നിവർ ആദ്യമായി ഒരു പ്രോജക്റ്റിനായി കൈകോർക്കുന്ന ചിത്രം കൂടിയാണ് കെഎച്ച് 234. മണിരത്‌നത്തിന്റെ ഒട്ടുമിക്ക സിനിമകൾക്കും സംഗീതം നൽകിയിട്ടുള്ള റഹ്‌മാൻ കമൽഹാസനൊപ്പം 'തെനാലി' എന്ന സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. KH 234ലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. ചിത്രം അടുത്ത വർഷത്തോടെ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ അവസാനഘട്ട ജോലികളിലാണ് മണിരത്നം ഇപ്പോൾ. ഏപ്രിൽ 28 നാണ് ചിത്രം റിലീസ് ചെയ്യുക. കുറച്ചുമാസത്തിനുള്ളിൽ മണിരത്നം കമൽഹാസനൊപ്പമുള്ള ചിത്രത്തിന്റെ ഭാഗമാകും എന്നാണ് കരുതുന്നത്. ശങ്കർ ചിത്രമായ 'ഇന്ത്യൻ 2' ന്റെ ചിത്രീകരണത്തിലാണ് കമൽഹാസനിപ്പോൾ. ചിത്രത്തിന്റെ ദക്ഷിണാഫ്രിക്കൻ ഷെഡ്യൂൾ അടുത്തിടെയാണ് പൂർത്തിയായത്. കമലിന്റെ അവസാനം പുറത്തിറങ്ങിയ 'വിക്രം' ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു.