മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് തെന്നിന്ത്യൻ താരം നയൻതാര അഭിനയിച്ച 'അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്' നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. ഡിസംബർ ഒന്നിന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യാൻ ആരംഭിച്ചത്. ചിത്രം 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുംബൈ പോലീസ് കേസെടുത്തിരുന്നു.
രാജ്യത്തെ അറിയപ്പെടുന്നൊരു ഷെഫാകാൻ ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽനിന്നുള്ള യുവതി തന്റെ മുസ്ലിം സുഹൃത്തിന്റെ സഹായത്തോടെ ആഗ്രഹങ്ങൾ തേടിപ്പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന നയൻതാര, മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായ രംഗങ്ങളുണ്ട്.
ഇവ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോ, ക്ഷമാപണം നടത്തികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയിരുന്നു. കൂടാതെ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
സിനിമയിലെ നായികയായ നയൻതാര, നായകൻ ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യൻ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ ഹിന്ദു ഐടി സെൽ സ്ഥാപകൻ രാകേഷ് സോളങ്കി പരാതി നൽകിയിരുന്നു. ഇതിൽ ജനുവരി എട്ടിന് മുംബൈ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിരുന്നു.
നേരത്തെ, ആമസോൺ പ്രൈം സംപ്രേഷണം ചെയ്ത സെയ്ഫ് അലി ഖാൻ അഭിനയിച്ച താണ്ഡവിനെതിരെ സമാനമായ ആരോപണങ്ങൾ ഉയരുകയും ഒടിടി പ്ലാറ്റ്ഫോം നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. ഒപ്പം ചിത്രത്തിലെ ചില രംഗങ്ങളും നീക്കം ചെയ്തിരുന്നു. താണ്ഡവിന്റെ വിവാദത്തെത്തുടർന്ന് വിവാദമാകാൻ സാധ്യതയുള്ള പല പ്രോജക്ടുകളിൽ നിന്നും ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകൾ പിന്മാറിയതായി അടുത്തിടെ വാഷിംങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അനുരാഗ് കശ്യപിന്റെ മാക്സിമം സിറ്റി, ദിബാകർ ബാനർജിയുടെ ടീസ്, വിക്രമാദിത്യ മോട്‌വാനെയുടെ ഇന്തി(ര)സ് എമെർജൻസി എന്നിവയിൽ നിന്നെല്ലാം ഒടിടി പ്ലാറ്റ്‌ഫോമുകൾ പിന്മാറിയത്.