അവസാന ദൃശ്യവും ടൈറ്റിൽ കാർഡുകളും കഴിഞ്ഞ് കുറച്ച് നിമിഷം നീണ്ടു നിന്ന് നിശബ്ദത, പിന്നെ പതിയെ തുടങ്ങിയ തിയേറ്റർ മുഴുവൻ നിറഞ്ഞ കൈയ്യടി. ഒരു സിനിമ കണ്ടവസാനിപ്പിക്കുമ്പോൾ അതും ഒരു മോഹൻലാൽ സിനിമ കണ്ട് അവസാനിക്കുമ്പോൾ ഇത്തരമൊരു കാര്യം അനുഭവിച്ചിട്ട് കുറച്ചധികം കാലമായി. സമീപകാലത്തെ സിനിമ തിരഞ്ഞെടുപ്പുകൾ കാരണം മോഹൻലാലിനോളം വിമർശനവും അത് ഒരു പടി കൂടി കടന്ന് അധിക്ഷേപങ്ങളും ലഭിച്ച മറ്റൊരു താരമുണ്ടോയെന്ന് സംശയമാണ്.
'ദൃശ്യം' സിനിമ ഇറങ്ങിയതിന്റെ പത്താം വർഷത്തിൽ അതേ നായകനും സംവിധായകനും നിർമാണ കമ്പനിയും വീണ്ടുമൊന്നിക്കുന്ന നേര് ഒരേസമയം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും അത്ഭുതപ്പെടുത്തുന്നുണ്ട്.
ഓരോ ജീത്തു ജോസഫ് സിനിമകളും റിലീസിന് എത്തുമ്പോൾ പ്രേക്ഷകർ ആകാംഷയോടെയാണ് ചിത്രങ്ങളെ സമീപിക്കാറുള്ളത്. ത്രില്ലർ സിനിമകളിൽ സംവിധായകന്റെ കൈയ്യടക്കം തന്നെയാണ് ഇതിന് കാരണം. എന്നാൽ 'നേര്' റിലീസിന് മുമ്പ് തന്നെ തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ സസ്‌പെൻസോ ട്വിസ്റ്റുകളോ ഇല്ലെന്ന് ജീത്തു തന്നെ വ്യക്തമാക്കിയിരുന്നു.
സംവിധായകന്റെ വാക്കുകൾ അക്ഷരം പ്രതി ശരിവെയ്ക്കുന്നതാണ് 'നേര്', ഭൂരിപക്ഷം സമയവും കോടതി മുറിക്കുള്ളിൽ വെച്ച് നടക്കുന്ന ഇമോഷണലി ആളുകളെ സ്വാധീനിക്കുന്ന കോർട് റൂം ഡ്രാമയാണ് ജീത്തുവിന്റെ നേര്. സിനിമയുടെ റിലീസിന് തൊട്ടുമുമ്പ് കഥയിൽ അവകാശം ഉന്നയിച്ച് ഒരാൾ കോടതിയെ സമീപിക്കുകയും തന്റെ കഥ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അവകാശവാദത്തെ കാറ്റിൽ പറത്തുന്നതാണ് ജീത്തുവിന്റെ 'നേര്'
( ഇനി അങ്ങോട്ട് സ്‌പോയിലറുകൾ ഉണ്ടായേക്കാം, സിനിമ കാണാത്തവർ തുടർന്ന് വായിക്കാതെ ഇരിക്കുക )
പതിയെ തുടങ്ങി ഡ്രാമ ബിൽഡ് ചെയ്ത് കൊണ്ടുവന്ന് ഒടുവിൽ പീക്കിലേക്ക് എത്തിക്കുന്ന സ്ഥിരം കോർട് റൂം ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സിനിമയുടെ തുടക്കത്തിൽ തന്നെ കഥയിലേക്ക് കടക്കുന്ന രീതിയിലാണ് ജീത്തു ജോസഫ് 'നേര്' ഒരുക്കിയിരിക്കുന്നത്. തന്റെ അഭിമുഖങ്ങളിൽ ജീത്തു ജോസഫ് നേരത്തെ പറഞ്ഞത് പോലെ തന്നെ ആദ്യ പത്ത് മിനിറ്റിൽ തന്നെ ഒരു ക്രൈം സംഭവിക്കുകയും പ്രതി ആരാണെന്നും പ്രേക്ഷകന് മനസിലാവുന്നുണ്ട്.
അന്ധ ശിൽപിയായ സാറ എന്ന പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതും കേസ് കോടതിയിൽ എത്തുകയും ചെയ്യുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. കേസിൽ ഒരു പ്രത്യേക സാഹചര്യത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി വിജയമോഹൻ എന്ന അഭിഭാഷകൻ എത്തുന്നു. അയാളെ തന്നെ ആ കേസ് എൽപ്പിക്കുന്നതിന് മറ്റൊരു ഉദ്ദേശം കൂടി അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നു.
ദൃശ്യം സിനിമയുമായി നേരിന് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും പരസ്പരം കണ്ണി ചേർക്കാവുന്ന ചെറിയ ഒരു ബന്ധം ഇരു ചിത്രങ്ങൾക്കുമുണ്ട്. ദൃശ്യത്തിൽ ജോർജ് കുട്ടിയായി എത്തിയ മോഹൻലാൽ ക്രൈം ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ നേരിൽ ക്രൈം തെളിയിക്കാനായി കോടതിയിൽ എത്തുന്ന വിജയമോഹനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനോട് അടുപ്പിച്ച് ദൃശ്യത്തിനെ ഓർമിപ്പിക്കുന്ന ഒരു ചെറു സംഭാഷണവും സംവിധായകൻ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ക്രൂരമായ ഒരു ക്രൈം സിനിമയിൽ നടക്കുന്നുണ്ട്, അപ്പോൾ പോലും അതിന്റെ ക്രുരത ക്യാമറയിലൂടെയല്ല സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് എന്നത് തന്നെ വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. സിനിമയിൽ ഉടനീളം സംവിധായകന്റെ ബോധപൂർവ്വമുള്ള ഇത്തരം ഇടപെടലുകൾ കാണാം, സിനിമയ്ക്ക് അപ്പുറത്തേക്ക് സമുഹത്തോട് പറയാനുള്ള കാര്യങ്ങൾ കൂടി സിനിമയിലൂടെ 'മുദ്രാവാക്യം' വിളിയിലൂടെയല്ലാതെ അവതരിപ്പിക്കാൻ സംവിധായകനായ ജീത്തു ജോസഫിന് കഴിയുന്നുണ്ട്.
നേരിന്റെ ഭൂരിപക്ഷം സീനുകളും കോടതിക്ക് അകത്ത് നടക്കുമ്പോഴും അതൊരിക്കലും പ്രേക്ഷകനെ അലോസരപ്പെടുത്തുന്നില്ല. ക്രൂഷ്യലായിട്ടുള്ള കോടതി സീനുകൾ സാധാരണക്കാരായ പ്രേക്ഷകർക്ക് ചെറിയ സംശയം ഉണ്ടാക്കുമ്പോൾ തന്നെ കല്ലുകടിയാവാത്ത രീതിയിൽ പ്രേക്ഷകരോട് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഘോരമായ പ്രസംഗങ്ങളോ, എതിർ ഭാഗത്തെ വാക്കുകൾ എടുത്ത് അമ്മാനമാടി തോൽപ്പിക്കുന്നതോ അല്ല കോടതിയെന്ന് യാഥാർത്ഥ്യ ബോധ്യത്തോടെ പ്രേക്ഷകന് കാണിച്ച് തരുന്ന ചിത്രം കൂടിയായി നേര് മാറുന്നുണ്ട്.
തീർത്തും വ്യത്യസ്തനായ മോഹൻലാലിനെയാണ് നേരിൽ കാണാൻ കഴിയുക. ലൗഡ് ആക്ടിംഗിന് മോഹൻലാൽ ചിത്രങ്ങൾ പൊതുവെ ഉദാഹരണമായി പറയാറുണ്ട്. 'ഇളകിയാടുന്ന' മോഹൻലാൽ ശൈലിയിൽ നിന്ന് തീർത്തും വ്യത്യസ്തമായി ആത്മവിശ്വാസം നഷ്ടമായ ബോഡി ലാഗ്വേജിൽ, , മിനിമലായ എക്‌സ്പ്രഷനിലൂടെ 'ഐ ഹാവ് ലോസ്റ്റ് മൈ ടച്ച്' എന്ന് പറയുന്ന വിജയമോഹനെ മോഹൻലാൽ പുതിയ അനുഭവമാക്കി മാറ്റുന്നുണ്ട്.
ഒരു മോഹൻലാൽ ചിത്രമായിരിക്കുമ്പോഴും കൂടെ എത്തിയ ഒരോ കഥാപാത്രങ്ങൾക്കും അവരുടെതായ മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കാവുന്ന ചിത്രം കൂടിയാണിത്. അനശ്വര രാജന്റെയും സിദ്ധീഖിന്റെയും കൂടി ചിത്രമാണ് 'നേര്'. അനശ്വരയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് നേരിലെ സാറ, അന്ധയായ, ലൈംഗീക അതിക്രമം അതിജീവിച്ച ചെറിയ ശബ്ദങ്ങൾ പോലും ഭയപ്പെടുത്തുന്ന സാറയായി മറ്റൊരു താരത്തിനെയും ചിന്തിക്കാൻ കഴിയാത്ത തരത്തിൽ അനശ്വര തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്.
തൊട്ടുമുമ്പ് അഭിഭാഷകനായി ഒരു ചിത്രം റിലീസ് ചെയ്തത് കൊണ്ട് തന്നെ സിദ്ധീഖിന്റെ അഡ്വക്കേറ്റ് രാജശേഖരൻ എന്ന കഥാപാത്രം എങ്ങനെയായിരിക്കും ആവർത്തന വിരസത ഇല്ലാതെ അവതരിപ്പിക്കുകയെന്ന ചോദ്യം ചിത്രത്തിന് മുമ്പ് എനിക്ക് മുന്നിലുണ്ടായിരുന്നു. പക്ഷെ ആ ആശങ്ക അസ്ഥാനത്തായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു സിദ്ധീഖിന്റെ സ്‌ക്രീനിലെ പ്രകടനം. കോടതി മുറിയിലെയും പ്രത്യേകിച്ച് ക്ലൈമാക്‌സിനോട് അടുപ്പിച്ചുള്ള സിദ്ധീഖിന്റെ പ്രകടനം അത്രയും മികച്ചതായിരുന്നു.
ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായ അഡ്വക്കേറ്റ് ശാന്തി മായദേവിയും തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. സിനിമകളിൽ പരിചയക്കാരെയോ, അടുപ്പമുള്ളവരെയോ അഭിനയിപ്പിക്കുന്ന പതിവ് സംവിധായകൻ ജീത്തു ജോസഫിന് ഉണ്ട്. നേരിലും ഈ പതിവ് അദ്ദേഹം തെറ്റിച്ചിട്ടില്ല. സിനിമയിൽ സീനുകളിൽ എത്തുന്ന വിഷ്ണു ശ്യാമിന്റെ സംഗീതവും റൂഹെ എന്ന ഗാനവും സിനിമയുടെ മൂഡിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു. നേരിന്റെ അവസാന രംഗങ്ങളിൽ സംഭാഷണങ്ങൾ അവസാനിപ്പിച്ച് വിഷ്ണുവിന്റെ സംഗീതമാണ് പ്രേക്ഷകനെ മുന്നോട്ട് നയിക്കുന്നത്.
ഏറ്റവുമൊടുവിൽ ക്യാമറ കണ്ണുകളിൽ നിന്ന് ഒഴിഞ്ഞ് മാറി, ആൾകൂട്ടത്തിലൂടെ നടന്ന് മറയുന്ന മോഹൻലാലിന്റെ ദൃശ്യമുണ്ട്. ഇതിനോളം പ്രേക്ഷകരുമായി കണക്ട് ചെയ്തിട്ടുള്ള ഒരു മോഹൻലാൽ സിനിമയുടെ അവസാനം സമീപ കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സൂപ്പർ സ്റ്റാർ മോഹൻലാലിൽ നിന്ന് പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങുന്ന മോഹൻലാൽ എന്ന നടന്റെ വരവ് കൂടിയായിരുന്നു ആ ദൃശ്യം.