തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് നാല്‍പ്പതാം ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്തു. ഏറെ വിവാദങ്ങള്‍ക്കിടെയാണ് ഡോക്യുമെന്ററിയുടെ റിലീസ്. നയന്‍താരയുടെ സിനിമാജീവിതവും സ്വകാര്യജീവിതവുമാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്. സംവിധായകന്‍ ഗൗതം മേനോനാണ് നെറ്റ്ഫ്‌ലിക്‌സിനായി ഡോക്യുമെന്ററി ഒരുക്കിയത്. മാത്രമല്ല, വിഘ്‌നേഷുമായുള്ള വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലായത്. ആറ് വര്‍ഷത്തിന് ശേഷം 2021 മാര്‍ച്ച് 25ന് ഇവരുടെ വിവാഹ നിശ്ചയം നടന്നു. തുടര്‍ന്ന് ആഢംബര വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അവകാശം താരങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിനു മാത്രമാണ് നല്‍കിയിരുന്നത്. 2022 ജൂണ്‍ ഒമ്പതിനായിരുന്നു വിവാഹം. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലായിരുന്നു വിവാഹ വേദി.
ഡോക്യുമെന്ററി പുറത്തിറങ്ങാനിരിക്കെയാണ് ധനുഷിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ വിവാദം ഉടലെടുത്തത്. നാനും റൗഡി താന്‍ എന്ന സിനിമയിലെ മൂന്നു സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നടനും നിര്‍മ്മാതാവുമായ ധനുഷ് 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ധനുഷിനെതിരെ തുറന്ന കത്തുമായാണ് നയന്‍താര രംഗത്തെത്തിയിരുന്നു. പ്രതികാരദാഹിയായ ഏകാധിപതിയെന്ന് വിളിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു നയന്‍താരയുടെ പ്രതികരണം. ഇതിനെതിരെ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലൂടെ തന്റേതായ സ്റ്റാര്‍ഡം സൃഷ്ടിച്ചെടുത്ത നയന്‍താരയുടെ ജീവിതമാണ് നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയിരിക്കുന്നത്. മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിതത്തിലെ പല വേഷങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ഇന്നലെ അര്‍ധരാത്രിയാണ് ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്തത്. അതേസമയം, നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഇന്ന് റിലീസ് ചെയ്യും.