ENTERTAINMENT

'അത് കഥയല്ല, നെറ്റ്ഫ്ലിക്സ് കാണിച്ചത് സത്യം'; കാണ്ഡഹാർ വിമാനം ഹൈജാക്ക് ചെയ്തവർ ഹിന്ദു കോഡ് പേരുകൾ ഉപയോഗിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

വെബ് ഡെസ്ക്

‘ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്’ സീരീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നെറ്റ്ഫ്ലിക്സിനെ ശരിവെച്ച് വിമാനത്തിൽ ഉണ്ടായിരുന്നവരുടെ സാക്ഷിമൊഴികൾ. സീരീസിൽ പാക് ഭീകരർക്ക് ഹിന്ദു പേരുകൾ നൽകിയതിനെ തുടർന്നായിരുന്നു നെറ്റ്ഫ്ലിക്സിനെതിരെ വൻതോതിലുള്ള പ്രതിഷേധം ഉയർന്നത്. എന്നാൽ ഹൈജാക്കർമാരിൽ രണ്ടുപേരുടെ പേരുകൾ ഹിന്ദുപേരുകൾ ആയിരുന്നെന്നാണ് ദൃക്‌സാക്ഷികളായ രണ്ട് പേർ സാക്ഷ്യപ്പെടുത്തുന്നത്.

1999-ല്‍ പാകിസ്താന്‍ ആസ്ഥാനമായ ഭീകരസംഘടന ഹര്‍കത്ത്-ഉല്‍-മുജാഹിദീന്‍ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്ന രാകേഷ്, പൂജ കത്താരിയ എന്നീ ദമ്പതികൾ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 25 വർഷം മുൻപ് നേപ്പാളിൽ ഹണിമൂൺ ആഘോഷിച്ച് തിരിച്ച് വരവെ ഇരുവരും യാത്ര ചെയ്ത വിമാനമാണ് ഹൈജാക്ക് ചെയ്യപ്പെട്ടിരുന്നത്.

നെറ്റ്ഫ്ലിക്സ് സീരീസിൽ കാണിച്ച കാര്യങ്ങൾ സത്യമായിരുന്നുവെന്ന് രാകേഷ് വ്യക്തമാക്കുന്നു. അഞ്ച് ഹൈജാക്കർമാരിൽ രണ്ടുപേരുടെ കോഡ് പേരുകൾ ഭോല, ശങ്കർ എന്ന് തന്നെയായിരുന്നു. " അവരുടെ പേരുകൾ ഒന്നും യാഥാർഥമായിരുന്നില്ല. എല്ലാം കോഡ് പേരുകൾ ആയിരുന്നു. നെറ്റ്ഫ്ലിക്സ് ആ പേരുകൾ സ്വയം ഉണ്ടാക്കിയതല്ല. അഞ്ച് ഹൈജാക്കർമാരും മുസ്ലിങ്ങൾ ആയിരുന്നുവെങ്കിലും, രണ്ട് പേർക്ക് ഹിന്ദു കോഡ് പേരുകളാണ് ഉണ്ടായിരുന്നത്. അത് ഉണ്ടാക്കിയെടുത്തതല്ല, നെറ്റ്ഫ്ലിക്സ് സത്യമാണ് കാണിച്ചത്," രാകേഷ് പറഞ്ഞു.

ആ അഗ്നിപരീക്ഷയിലൂടെ വീണ്ടും കടന്നുപോകാൻ തനിക്കാകില്ല. അതിനാൽ സീരീസ് കണ്ടിട്ടില്ലെന്നും രാകേഷ് പറഞ്ഞു.

രാകേഷ് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ഭാര്യ പൂജയും പറയുന്നുണ്ട്. ഭോല, ശങ്കർ എന്നീ പേരുകളാണ് രണ്ടുപേർ പരസ്പരം വിളിച്ചിരുന്നത്. ചീഫ്, ബർഗർ, ഡോക്ടർ,ഭോല, ശങ്കർ, എന്നിവയായിരുന്നു ആ അഞ്ച് തീവ്രവാദികളുടെയും കോഡ് പേരുകൾ. നിങ്ങൾ നെറ്റ്ഫ്ളിക്സ് ഷോയിൽ കാണുന്നതെല്ലാം ഞങ്ങൾ കടന്നുപോയ സംഭവങ്ങളാണ്. അത് കഥയല്ല, എല്ലാം സത്യമാണ്," പൂജ പറയുന്നു. സീരീസ് കണ്ടപ്പോൾ 25 വർഷം മുൻപുള്ള അനുഭവങ്ങളിലൂടെ വീണ്ടും കടന്നുപോയതായി തോന്നി എന്നും പൂജ കൂട്ടിച്ചേർത്തു.

നേപ്പാളിൽ നിന്ന് ഹണിമൂൺ കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന 26 ദമ്പതികൾ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിൽ വെച്ച് കൊല്ലപ്പെട്ട റുബിൻ കത്യാലും ഭാര്യ രചനയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് പൂജ ഓർത്തെടുക്കുന്നു. "വിമാനം ഹൈജാക്ക് ചെയ്തതായി ഭീകരർ പ്രഖ്യാപിക്കുന്നതും, സീറ്റുകൾ മാറ്റുന്നതും, തല താഴ്ത്താൻ യാത്രക്കാരോട് ആവശ്യപ്പെടുന്നതും ഉൾപ്പടെയുള്ള സീരീസിലെ ദൃശ്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതിന് ഏറെ സമാനമാണ്,"

"എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും മനസിലായില്ല. 1999-ൽ 'ഹൈജാക്ക്' എന്ന പദം വളരെ പ്രചാരത്തിലുണ്ടായിരുന്നില്ല. അവർ എന്തെങ്കിലും മോചനദ്രവ്യം ചോദിച്ച് അവസാനിപ്പിക്കുമെന്ന് ഞങ്ങൾ കരുതി. ഈ പരീക്ഷണം ഏഴു ദിവസം നീണ്ടുനിൽക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇത് അവസാനിക്കുമെന്ന് ഹൈജാക്കർമാരും കരുതി. കാരണം രണ്ട് ദിവസത്തേക്ക് ആവശ്യത്തിന് വെള്ളമുണ്ടോ എന്ന് അവർ ചോദിച്ചിരുന്നു,” അവർ പറഞ്ഞു.

ഹൈജാക്കിനിടെ വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങൾ സീരീസിൽ അധികം ഉൾപ്പെടുത്തിയിട്ടില്ലെന്നും പൂജ പറയുന്നു. സീരീസിൽ അധികവും ഉൾപ്പെടുത്തിയത് ഹൈജാക്കർമാരും ഇന്ത്യ ഗവണ്മെന്റും തമ്മിൽ നടന്ന ചർച്ചകളും മറ്റ് രാഷ്ട്രീയ കാര്യങ്ങളുമാണ്. യാത്രക്കാരോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഡോക്ടർ എന്ന ഹൈജാക്കർ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ ആളുകൾക്ക് അത് ബോധ്യപ്പെട്ടിരുന്നില്ല. പിന്നീട് എല്ലാവരെയും കൊല്ലുമെന്ന് ഹൈജാക്കർമാർ ഭീഷണിപ്പെടുത്തിയെന്നും പൂജ ഓർത്തെടുത്തു.

ഹൈജാക്ക് ചെയ്യപ്പെട്ട വിമാനത്തിൽ നിന്ന് എടുത്തുവെച്ച ചില സാധനങ്ങൾ ഇപ്പോഴും പൂജ സൂക്ഷിക്കുന്നുണ്ട്. അതിൽ ബർഗർ എന്ന ഹൈജാക്കർ നൽകിയ ഓട്ടോഗ്രാഫ് ചെയ്ത ഷാളും ഉൾപ്പെടുന്നു. "എൻ്റെ പ്രിയപ്പെട്ട സഹോദരിക്കും അവളുടെ സുന്ദരനായ ഭർത്താവിനും- ബർഗർ 30/12/99" എന്നാണ് ആ ഷാളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് 'ഐസി 814 - ദി കാണ്ഡഹാര്‍ ഹൈജാക്ക്' വെബ് സീരീസിന്റെ ഉള്ളടക്കം. 191 യാത്രക്കാരുമായി വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ഈ ഹൈജാക്കർമാരുടെ പേരുകള്‍ വിമാനത്തിനുള്ളിൽ പരസ്പരം സംഭാഷണങ്ങൾക്കായി പ്രത്യേത കോഡ് പേരുകളായാണ് വെബ്‌സീരിസില്‍ ചിത്രീകരിച്ചത്. ഇതില്‍ ഭോല, ശങ്കര്‍ പേരുകള്‍ക്കെതിരെയാണ് വിവാദം കത്തിയത്. പിന്നീട് നെറ്റ്ഫ്ളിക്സ് ഇന്ത്യ മേധാവി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം മുൻപാകെ ഹാജരായി കാര്യങ്ങഴ വിവരിക്കുകയും, തീവ്രവാദികളുടെ യഥാർഥ പേരുകൾ സീരിസ് തുടങ്ങും മുൻപ് എഴുതിക്കാണിക്കുമെന്ന് ഉറപ്പും നൽകിയിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും