വേനലവധിക്കാലം അവസാനിക്കുന്നതിന് മുമ്പായി മലയാളത്തിൽ വീണ്ടും പുതിയ റിലീസുകൾ എത്തുകയാണ്. മധ്യവേനലവധിയുടെ രണ്ടാഴ്ചക്കാലവും ജൂണിലെ പെരുന്നാൾ റിലീസുകൾക്ക് മുമ്പായും തീയേറ്ററുകളിൽ വിജയം ആവർത്തിക്കാനായിട്ടാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്.
ഈ ആഴ്ച നാല് ചിത്രങ്ങളാണ് പ്രധാനമായും മലയാളത്തിൽ റിലീസ് ചെയ്യുന്നത്. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്ന 'ഗുരുവായൂർ അമ്പലനടയിൽ', 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിന്നോഫ് ആയ 'സുരേഷന്റെയും സുമലതയുടെയും പ്രണയകഥ', ഉണ്ണി ലാലു നായകനാവുന്ന 'കട്ടീസ് ഗ്യാങ്' എന്നിവയാണ് ഇന്ന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. ഇതിന് പുറമെ ദേവനന്ദ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന 'ഗു'മേയ് 17 നും റിലീസ് ആവും.
ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂർ അമ്പലനടയിൽ ബേസിൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, ബൈജു, അശ്വിൻ തുടങ്ങിയ താരനിരയാണ് അണിനിരക്കുന്നത്.
തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. രാജേഷ് മാധവും ചിത്ര നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കട്ടീസ് ഗ്യാങ്'. തമിഴിലെ പ്രമുഖതാരം സൗന്ദർ രാജനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കേരളത്തിലെ പരമ്പരാഗത വിശ്വാസങ്ങളിൽ ഒന്നായ ഗുളികനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഹൊറർ ചിത്രമാണ് 'ഗു'. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച മണിയൻ പിള്ള രാജു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു രാധാകൃഷ്ണനാണ്. കേരളത്തിലെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദേവ നന്ദയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാനിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
മമ്മൂട്ടി നായകനാവുന്ന ടർബോ, ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തലവൻ എന്നീ ചിത്രങ്ങൾ അടുത്ത ആഴ്ചയിൽ റിലീസിന് എത്തും.