നിവിൻ പോളിയുടെ 42-ാം ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിൽ പുരോഗമിക്കുകയാണ്. ദുബായിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങിനായി ഉപയോഗിച്ച ക്യാമറയുടെ ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എൻപി 42 എന്ന് പേരിട്ടിരിക്കുന്ന ക്യാമറ ഹോളിവുഡ് ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്നതാണെന്നും നിവിൻ പോളി-ഹനീഫ് അദേനി ചിത്രത്തിനായി ഇതേ ക്യാമറയാണ് ഉപയോഗിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം.
ജനുവരി 20-ന് ആയിരുന്നു ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് യുഎഇയിൽ ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്. 'മിഖായേൽ' ന് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് #NP42.
വിഷ്‍ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്തോഷ് രാമനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. മിഥുൻ മുകുന്ദന്റേതാണ് സംഗീതം. നിഷാദ് യൂസഫ് എഡിറ്റിങും ലിബിൻ മോഹനൻ മേക്കപ്പും മെൽവി ജെ കോസ്റ്റ്യൂമും ഒരുക്കുന്നു.