നിവിൻ പോളിയെ നായകനാക്കി നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന വാർത്തകള്‍ മുൻപ് വന്നിരുന്നു. രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനം 2017-ലായിരുന്നു നടന്നത്. എന്നാല്‍ പിന്നീട് സിനിമയുടെ യാതൊരു വിധ അപ്ഡേറ്റുകളും വന്നിരുന്നില്ല. ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് എൻ എൻ പിള്ളയുടെ മകനും നടനുമായ വിജയരാഘവൻ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണെന്നും സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവന്റെ വെളിപ്പെടുത്തല്‍.
'വലിയ പ്രോജക്ട് ആണ് അത്. അതിനാൽ തന്നെ ഏറെ ഒരുക്കങ്ങൾ ആവശ്യമാണ്. ആർമിയിലെ അദ്ദേഹത്തിന്റെ ജീവിതം കാണിക്കേണ്ടി വരും, ലോകമഹായുദ്ധങ്ങൾ കവർ ചെയ്യണം. വളരെ ചിലവേറിയ പദ്ധതിയായിരിക്കും, അതിനാൽ കാലതാമസം ഉണ്ട്. പദ്ധതി ഇപ്പോഴും സജീവമാണ്, പക്ഷേ ഇപ്പോഴും കാര്യങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു', വിജയരാഘവൻ പറഞ്ഞു.
രാജീവ് രവി പ്രഖ്യാപിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗോപൻ ചിദംബരമാണ്. 'ഇയ്യോബിന്റെ പുസ്തകം', 'തുറമുഖം' എന്നീ സിനിമകളുടെ രചയിതാവാണ് ഗോപൻ ചിദംബരം. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കും. നാടകകൃത്ത്, നടൻ, നാടക സംവിധായകൻ, ഐഎൻഎ സ്വാതന്ത്ര്യ സമര സേനാനി എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് എൻ എൻ പിള്ള. കേരളത്തിലെ എക്കാലത്തെയും മികച്ച നാടക കലാകാരന്മാരിൽ ഒരാളായ അദ്ദേഹം മലയാള നാടക ലോകത്തെ 'നാടകാചാര്യൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.