ENTERTAINMENT

ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ല: ഫെഫ്‌സിക്കെതിരെ സംവിധായകൻ വിനയന്‍

തമിഴ് സിനിമയില്‍ തമിഴ് നടന്മാര്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്നായിരുന്നു തമിഴ് സിനിമാ സംഘടനയായ ഫെഫ്‌സിയുടെ തീരുമാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ് സിനിമയില്‍ തമിഴ് നടന്മാര്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന സിനിമാ സംഘടനയായ ഫെഫ്‌സിയുടെ (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) തീരുമാനത്തിനെതിരെ സംവിധായകന്‍ വിനയന്‍. സംഘടനയുടെ നീക്കം വളരാനനുവദിക്കുന്നത് വിഘടന വാദത്തിനു തുല്യമാണെന്ന് വിനയൻ പറയുന്നു.

സംഘടനയുടെനീക്കം മുളയിലേ നുള്ളണമെന്നും ഏതു സംസ്ഥാനത്തിൽപ്പെട്ടവര്‍ക്കും ഏതു ഭാഷ സംസാരിക്കുന്നവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

മലയാളിയെന്നോ തമിഴരെന്നോ ഉള്ള വ്യത്യാസം കേരളത്തിൽ ഇല്ലാത്തതിനാലാണ് തമിഴ് സിനിമകൾ ഇവിടെ ഹിറ്റാകുന്നത്. തമിഴ് ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകൾ തീരുമാനിച്ചാൽ തമിഴ്‌നാട് ഫിലിം ഇന്‍ഡസ്ട്രിക്ക് കുറഞ്ഞത് 150 കോടി രൂപയെങ്കിലും ഒരു വര്‍ഷം നഷ്ടമാകുമെന്നും വിനയന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

തമിഴ് സിനിമ തമിഴര്‍ക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലെങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാന്‍ മലയാളസിനിമയിലെ നിര്‍മ്മാതാക്കളും, തീയേറ്റര്‍ ഉടമകളും, വിതരണക്കാരും എത്രയും വേഗം തയ്യാറാകണമെന്നും വിനയൻ പറയുന്നു

തമിഴ് സിനിമകളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്നായിരുന്നു ഫെഫ്‌സിയുടെ തീരുമാനം. സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സംഘടനയാണ് ഫെഫ്‌സി. സിനിമകളുടെ ചിത്രീകരണവും തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റ് ലൊക്കേഷൻസ് തേടാവൂ എന്ന നിര്‍ദ്ദേശവും ഫെഫ്‌സി മുന്നോട്ട് വച്ചിട്ടുണ്ട്. ജൂലൈ 20ന് ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിവാദ തീരുമാനം.

പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാടു സിനിമാ സംഘടനകൾ നീങ്ങുന്നത്.. കുറേ ദിവസമായി ഈ വാർത്തകൾ വന്നിട്ടും തമിഴ്നാടു സർക്കാർ അതിനെ എതിർക്കാൻ തയ്യാറായിട്ടില്ല.. മാത്രമല്ല ഇപ്പോൾ ഈ വാദത്തിന് അവിടെ സപ്പോർട്ട് ഏറി വരികയാണന്നറിയുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പാണങ്കിൽ സിനിമാക്കാരുടെ പ്രശ്നങ്ങളിൽ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്..

ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്.. ഇതു മുളയിലേ നുള്ളിക്കളയണം.. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല..

കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയ്യുടെയും, കമലാ ഹാസൻെറയും, രജനീകാന്താൻെറയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്.. നമ്മൾ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം..

കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകും.

മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് പോലും തമിഴ് നാട്ടിലെ തീയറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോർക്കണം.

തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാളസിനിമയിലെ നിർമ്മാതാക്കളും, തീയറ്റർ ഉടമകളും, വിതരണക്കാരും എത്രയുംവേഗം തയ്യാറാകണമെന്നാണ് എൻെറ അഭിപ്രായം..

വിക്രമിനെ അവതരിപ്പിച്ച "കാശി" ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല..

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ