തീയറ്ററുകളിൽ ജനപ്രളയം തീർത്ത് മുന്നേറുകയാണ് '2018 എവരി വണ്‍ ഈസ് എ ഹീറോ' എന്ന ജൂഡ് ആന്തണി ജോസഫ് ചിത്രം. ദൃശ്യ മികവിൽ ദുരിത കാലത്തിന്റെ ഓർമകളിലേക്ക് ചിത്രം ഒരിക്കൽകൂടി പ്രേക്ഷകരെ അടുപ്പിക്കുന്നു. ദൃശ്യത്തിനൊപ്പം ആളുകളിൽ ഭീതിയും ആകാംക്ഷയും നിലനിർത്തുന്നതിൽ ചിത്രത്തിലെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വലുതാണ്. 2018ന്റെ വിജയത്തിനൊപ്പം സംഗീതത്തിന് മികച്ച അഭിപ്രായം കിട്ടിയതോടെ നോബിന്‍ പോളിന് ഇത് ഇരട്ടി മധുരം. മലയാള സിനിമയിലേക്കുള്ള തന്റെ ആദ്യ എൻട്രി ഇത്രയും വലിയ വിജയമായതിന്റെ സന്തോഷത്തിലാണ് നോബിൻ. മലയാളത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണിതെന്നും നോബിൻ പറയുന്നു.
അപ്രതീക്ഷിതമായാണ് നോബിന്റെ '2018 എവരി വണ്‍ ഈസ് എ ഹീറോ'യിലേക്കുള്ള കടന്നുവരവ്. ചാർളി 777 എന്ന കന്നഡ ചിത്രമായിരുന്നു നിമിത്തം. "ചാർളിയുടെ ട്രെയ്‍ലർ കണ്ടാണ് ജൂഡ് വിളിക്കുന്നത്, പിന്നീട് ചാർളി പുറത്തിറങ്ങിയ ശേഷമാണ് ഞങ്ങൾ ആദ്യം നേരിൽ കാണുന്നത്. അതുവരെ 2018ന് വേണ്ടി ആണെന്ന് മനസ്സിലായിരുന്നില്ല. ജൂഡിന്റെ അടുത്ത ചിത്രത്തിലേക്കാകുമെന്നാണ് കരുതിയത്"- നോബിൻ പറഞ്ഞു. ചിത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടതോടെ ആവേശത്തിലായെന്നും ഗംഭീര സിനിമയാകുമെന്ന് അപ്പോഴേ ഉറപ്പിച്ചിരുന്നുവെന്നും നോബിൻ ദ ഫോർത്തിനോട് പ്രതികരിച്ചു. 2018ൽ ആദ്യം ടീസർ ഒരുക്കി. പിന്നീട് 2022 അവസാനത്തോടെയാണ് ചിത്രത്തിന്റെ ബാക്കി പണികൾ ആരംഭിക്കുന്നതെന്നും നോബിൻ പറയുന്നു.
സമയക്കുറവിന്റെ ചെറിയ ആശങ്കകൾ ആദ്യം ഉണ്ടായിരുന്നെങ്കിലും ജൂഡ് തന്ന പിന്തുണ അതെല്ലാം മറികടക്കാൻ സഹായിച്ചെന്നും നോബിൻ പറഞ്ഞു. "പൂർണ സ്വാതന്ത്ര്യമായിരുന്നു ജൂഡ് തന്നത്, ഒരു പ്രഷറും എനിക്ക് തന്നിട്ടില്ല. എന്തെങ്കിലും പ്രഷർ വന്നാലും അതെല്ലാം ഞാൻ ഏറ്റെടുത്തോളാമെന്നാണ് ജൂഡ് പറയാറ്".
മലയാളത്തിൽ ഒരുപാട് അവസരങ്ങൾ തേടിയ ശേഷമായിരുന്നു നോബിൻ കന്നഡയിലേക്ക് എത്തിയത്. കന്നടയിൽ ജിങ്കിള്‍സും ഡോക്യൂമെന്ററികളിലും കർണാടക ടൂറിസത്തിന്റെ വർക്കുകളിലുമാണ് നോബിൻ ആദ്യം ചെയ്തിരുന്നത്. പിന്നീട് 2016ൽ 'രാമ രാമ രെ' എന്ന കന്നഡ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചതോടെ സിനിമ മോഹം പൂവണിഞ്ഞു. കന്നടയിൽ എട്ട് ചിത്രങ്ങളിലാണ് നോബിന്‍ ഇതുവരെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അതിൽ ആറെണ്ണം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയവയാണെന്നും അത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും നോബിൻ പറയുന്നു.
കോട്ടയം ജില്ലയിലെ കളത്തിപ്പടി സ്വദേശിയാണ് നോബിന്‍ പോള്‍. ചെറുപ്പം മുതൽ സംഗീതത്തിൽ താത്പര്യമുള്ള നോബിന്‍ നാട്ടിലെ പള്ളിയില്‍ ക്വയറിലും കോളേജിലെ ഓര്‍ക്കസ്ട്ര ടീമിലും അംഗമായിരുന്നു. 2018 ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ നോബിനെ തേടി എത്തുന്നുണ്ട്. നല്ല കഥയ്ക്കായുള്ള കാത്തിരിപ്പിലാണ്. ചാര്‍ളി 777 ന്റെ സംവിധായകൻ കിരൺരാജിന്റെ പുതിയ ചിത്രത്തിന്റെ ജോലികളിലാണിപ്പോൾ. മലയാളത്തിലും കന്നഡയിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുക.