ENTERTAINMENT

അവാര്‍ഡ് കിട്ടിയ എത്ര സിനിമയേയും ജേതാക്കളെയും കാലത്തെ അതിജീവിച്ച് പ്രേക്ഷകര്‍ ഓര്‍മിക്കും

കാമ്പുള്ള സിനിമകളുടെ നിര്‍മ്മിതി പ്രോത്സാഹിപ്പിക്കുകയായിരുന്നു അവാര്‍ഡുകളുടെ സ്ഥാപിതലക്ഷ്യം

എ ചന്ദ്രശേഖർ

നല്ലതും മികച്ചതും തമ്മിലുള്ള മത്സരമാണ് ഏതൊരു അവാര്‍ഡ് നിര്‍ണയത്തിലും നടക്കാറ്. പ്രാഥമിക ജൂറികള്‍ അര്‍ഹതപ്പെട്ടത് എന്നു തിരിച്ചറിഞ്ഞവയാണ് അന്തിമഘട്ട പരിഗണനയ്‌ക്കെത്തുക. മിഡ്‌ടേം പരീക്ഷ കഴിഞ്ഞ് ഫൈനല്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെപ്പോലെ. അതായത് അടിസ്ഥാനപരമായ യോഗ്യതയുള്ളവ തമ്മിലാണ് മത്സരിക്കുക. പ്രത്യേകിച്ചും ചലച്ചിത്ര പുരസ്‌കാരം പോലുള്ളവയില്‍ മികച്ചവ തമ്മിലാണ് മത്സരിക്കുക, ഏറ്റവും മികച്ചവ ഏതെന്നറിയാന്‍ വേണ്ടി.

69-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തോന്നിയത്, മലയാളത്തിനു നേരിട്ട ഗ്‌ളാനിയിലുള്ള നിരാശയാണ്

ചലച്ചിത്ര അവാര്‍ഡുകളുടെ ചരിത്രത്തോളം പഴക്കമുണ്ട് അവയുമായുള്ള വിവാദങ്ങള്‍ക്കും. അതിനു കാരണം ഏതൊരു ജൂറിയുടെ നിര്‍ണയവും വൈയക്തികമാണെന്നതാണ്. അംഗങ്ങളുടെ ഭാവുകത്വത്തിനനുസരിച്ച് മാറുന്നതാണ് അവ. അതുകൊണ്ടാണ് സകല ജൂറി മത്സരങ്ങളിലും ജൂറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നു വ്യവസ്ഥ ചെയ്യുന്നത്. അതായത് അതില്‍ ചോദ്യം ചെയ്യപ്പെടാനിടയുള്ളതുണ്ടാവാമെന്നും പക്ഷേ അത്തരം ചോദ്യങ്ങള്‍ പരിഗണിക്കില്ലെന്നുമാണത്. കാരണം എല്ലാം ചെയ്യുന്നത് മനുഷ്യര്‍ തന്നെയാണല്ലോ.

അഭിനയത്തിന് മികച്ച നടനാകാന്‍ പോലും യോഗ്യതയുള്ള ഇന്ദ്രന്‍സിന് കിട്ടിയ പ്രത്യേക ജൂറി പരാമര്‍ശം വിമര്‍ശിക്കപ്പെടുക, ഹോമിലേത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷമായിരുന്നോ എന്ന അഭിപ്രായഭിന്നതയുടെ പേരിലായിരിക്കാം

ഇക്കുറി 2021ലെ ചലച്ചിത്രങ്ങള്‍ പരിഗണിച്ച് 69-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തോന്നിയത്, മലയാളത്തിനു നേരിട്ട ഗ്‌ളാനിയിലുള്ള നിരാശയാണ്. നേരത്തേ പന്ത്രണ്ടും ഇരുപതും വിഭാഗങ്ങളില്‍ വ്യക്തിഗതവും അല്ലാതെയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു മലയാള താരങ്ങളു സാങ്കേതികവിദഗ്ധരും. ഏതാനും വര്‍ഷമായി അതിങ്ങനെ ചുരുങ്ങി ഇത്തവണ എട്ടില്‍ ഒതുങ്ങി. അതില്‍ത്തന്നെ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കൃഷാന്തിന്റെ ആവാസവ്യൂഹവും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ ഷാഹി കബീറും (നായാട്ട്)ആണ് ശരിക്ക് നമ്മെ അഭിമാനിതരാക്കിയത്. അഭിനയത്തിന് മികച്ച നടനാകാന്‍ പോലും യോഗ്യതയുള്ള ഇന്ദ്രന്‍സിന് കിട്ടിയ പ്രത്യേക ജൂറി പരാമര്‍ശം വിമര്‍ശിക്കപ്പെടുക, ഹോമിലേത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷമായിരുന്നോ എന്ന അഭിപ്രായഭിന്നതയുടെ പേരിലായിരിക്കാം. നേരത്തേ തന്നെ ദേശീയ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് വൈകിയെങ്കിലും അതു കിട്ടിയെന്നു സമാധാനിക്കുകയാണ് അഭികാമാമ്യം. ശബ്ദമിശ്രണത്തിന്റെ പേരിലായാലും ചവിട്ട് അംഗീകരിക്കപ്പെട്ടുവല്ലോ എന്നും സമാധാനിക്കുക.

അല്ലുവിന്റെ കരിയര്‍ ബസ്റ്റ് ആണ് പുഷ്പ. പക്ഷേ അത് ആ വര്‍ഷത്തെ ഇതര ഭാഷാ സിനിമകളിലെ മറ്റഭിനേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചതില്‍ മികച്ചതായിരുന്നോ?

അഭിനേതാക്കളുടെ കാര്യത്തില്‍ മികച്ച നടിക്കും സഹനടനും നടിക്കുമുള്ള അവാര്‍ഡുകളില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല. നിശ്ചയമായും ആലിയ ഭട്ട് ഗംഗൂഭായി കത്ത്യവാഡിയായി അവരെപ്പറ്റിയുള്ള ആത്മകഥാചിത്രത്തില്‍ ജീവിക്കുകയായിരുന്നു. അതിനവര്‍ക്ക് ഈ പുരസ്‌കാരം അര്‍ഹിക്കുന്നതു തന്നെ. ഇന്ത്യയിലെ മികച്ച നടനും നടിയുമാണ് പങ്കജ് ത്രിപാഠിയും പല്ലവിജോഷിയും. മിമിയിലെ പങ്കജിന്റെ പ്രകടനവും അസാധ്യമാണ്. പല്ലവി മികച്ച നടിയാണെങ്കിലും അവാര്‍ഡിനു പരിഗണിച്ച വേഷം അവരുടെ ഏറ്റവും മികച്ചതായിരുന്നുവോ, ആ വര്‍ഷത്തെ മികച്ചതായിരുന്നുവോ എന്നാണ് പരിശോധിക്കേണ്ടിയിരുന്നത്. ഇതുതന്നെയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അല്ലു അര്‍ജുന്റെ കാര്യവും. അല്ലുവിന്റെ കരിയര്‍ ബസ്റ്റ് ആണ് പുഷ്പ. പക്ഷേ അത് ആ വര്‍ഷത്തെ ഇതര ഭാഷാ സിനിമകളിലെ മറ്റഭിനേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചതില്‍ മികച്ചതായിരുന്നോ? ഇവിടെയാണ് ജൂറിയുടെ ഭാവുകത്വം കണക്കിലെടുക്കേണ്ടത്.
നടന്‍ മാധവന്‍ ആദ്യമായി സംവിധായകനായ റോക്കട്രി മികച്ച സിനിമയാണ്. മലയാളിയായ നമ്പിനാരായണന്റെ ജീവിതപ്പോരാട്ടം ആഖ്യാനം ചെയ്ത വളരെ പ്രേരണാത്മകമായ ചിത്രം. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാവുന്നത്. പക്ഷേ അത് 2021ല്‍ ഇന്ത്യയിലാകമാനമുണ്ടായ ഏറ്റവും മികച്ച സിനിമയായിരുന്നോ? ആയിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ടാവാം. അവര്‍ക്കു ജൂറിയില്‍ ഭൂരിപക്ഷവുമുണ്ടാവാം. ജനാധിപത്യത്തില്‍ അങ്ങനെ സംഭവിക്കുന്നതില്‍ തെറ്റുമില്ല. അതുകൊണ്ടു തന്നെ പിന്നതിനെ വിമര്‍ശിക്കുന്നതില്‍ കഴമ്പുമില്ല.

കൂടുതല്‍ പേര്‍ കണ്ടതുകൊണ്ട് ഒരു സിനിമ നന്നാവില്ലല്ലോ? കണ്ടാല്‍ മനസിലാവുന്ന കുറച്ചു പേര്‍ മാത്രം കണ്ടു എന്നതുകൊണ്ട് മികച്ചതില്‍ മികച്ച ഒരു സിനിമ അതല്ലാതാവുന്നുമില്ല.

ഇന്ത്യയില്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതും രാജ്യാന്തര ചലച്ചിത്രമേള തുടങ്ങുന്നതും ദേശീയ ചലച്ചിത്ര   അവാര്‍ഡുകള്‍   ഏര്‍പ്പെടുത്തുന്നതുമാക്കെ സ്വാതന്ത്ര്യാനന്തരം ജവാഹര്‍ലാല്‍ നെഹ്രു ചുമതലപ്പെടുത്തിയ സിനിമാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പുറത്താണ്. ഇന്ത്യയിലെ ഹിന്ദിയടക്കമുള്ള വിവിധ ഭാഷാ സിനിമയുടെ വ്യാവസായിക വളര്‍ച്ചയ്ക്കു വേണ്ടിയായിരുന്നില്ല അത്. മറിച്ച്, ലോക നിലവാരത്തില്‍ സിനിമയെ അതിന്റെ ആന്തരികവും ബാഹ്യവുമായ സൗന്ദര്യവും ലാവണ്യവും പരമാവധി വിനിയോഗിക്കാന്‍ ഇന്ത്യന്‍ തലമുറയെ പരിശീലിപ്പിക്കാനും പ്രേരിപ്പിക്കാനുമായിരുന്നു അത്. ഉള്‍ക്കനമുള്ള കാമ്പുള്ള സിനിമകളുടെ നിര്‍മ്മിതി പ്രോത്സാഹിപ്പിക്കുകയായിരുന്നു അവാര്‍ഡുകളുടെ സ്ഥാപിതലക്ഷ്യം. കമ്പോള മുഖ്യധാരാ സിനിമകള്‍ അതിന്റെ ഭ്രമണപഥത്തിലേക്കു കടന്നുവരുന്നതും അവയുടെ റോവറും ലാന്‍ഡറും ഊട്ടിയുറപ്പിക്കുന്നതും തെറ്റല്ല. കാരണം ഇന്ത്യന്‍ ഭാഷകളില്‍ തമിഴിലും മലയാളത്തിലുമടക്കം എത്രയോ മുഖ്യധാരാ സിനിമകള്‍ കലാപരവും സാങ്കേതികവുമായ മികവു പുലര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മികച്ചതില്‍ മികച്ചതായിട്ടുമുണ്ട്. എന്നാല്‍, സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം വന്‍ തരംഗമുണ്ടാക്കുന്ന നൂറുക്കു നൂറും വ്യാവസായികമായ സിനിമകളെ വീണ്ടും കുറച്ചു കാശും ഫലകവും നല്‍കി ആദരിക്കാന്‍ അവാര്‍ഡ് നിയമാവലയില്‍ വ്യവസ്ഥയുണ്ടോ എന്ന് ജൂറിയിലംഗങ്ങളാവുന്നവര്‍ അവരുടെ കിറ്റിനൊപ്പം ലഭിക്കുന്ന വ്യവസ്ഥാവലി ഒരാവൃത്തി മനസിരുത്തി വായിച്ചാല്‍ മനസിലാവുന്നതേ ഉള്ളൂ.

ഏത് പുരസ്‌കാര നിര്‍ണയത്തെയും രാഷ്ട്രീയത്തിന്റെ പേരിലോ രാഷ്ട്രീയ ചായ് വിന്റെ പേരിലോ അധിക്ഷേപിക്കാം. ഇവിടെ പക്ഷേ കഥാചിത്ര ജൂറിയുടെ അധ്യക്ഷനായ കേത്തന്‍ മെഹ്ത്തയെ എന്തായാലും ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവായി ആരും കണക്കാക്കുകയില്ല. അപ്പോള്‍ പ്രശ്‌നം ഭൂരിപക്ഷാഭിപ്രായത്തിന്റേതാവണം. ഭൂരിപക്ഷ ഭാവുകത്വത്തിന്റേത് എല്ലായ്‌പ്പോഴും മികച്ച തീരുമാനമായിരിക്കണമെന്നില്ലല്ലോ. കൂടുതല്‍ പേര്‍ കണ്ടതുകൊണ്ട് ഒരു സിനിമ നന്നാവില്ലല്ലോ? കണ്ടാല്‍ മനസിലാവുന്ന കുറച്ചു പേര്‍ മാത്രം കണ്ടു എന്നതുകൊണ്ട് മികച്ചതില്‍ മികച്ച ഒരു സിനിമ അതല്ലാതാവുന്നുമില്ല. അതുപോലെ, അവാര്‍ഡ് കിട്ടിയില്ലെന്നതുകൊണ്ട് മികച്ച സിനിമ അതല്ലാതാവുന്നില്ല. കിട്ടിയതുകൊണ്ട് മികച്ചത് മികവില്‍ മികച്ചതുമാവില്ല. കാലത്തെ അതിജീവിച്ച് ഇരുപതുവര്‍ഷം കഴിഞ്ഞ് ഇത്തവണ അവാര്‍ഡ് കിട്ടിയ എത്ര സിനിമയേയും ജേതാക്കളെയും പ്രേക്ഷകര്‍ ഓര്‍ക്കുമെന്നു മാത്രം നോക്കിയാല്‍ മതി. അതായിരിക്കും യഥാര്‍ത്ഥ ജനവിധി

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി