2023 മാര്‍ച്ച് 26, ഒരായിരം ചിരിയോര്‍മകള്‍ ബാക്കിവച്ച് ഇന്നസെന്റ് മലയാളികളെ വിട്ടുപിരിഞ്ഞ ദിനം. ചിരിക്കൊപ്പം എല്ലാവർക്കും പ്രചോദനം കൂടിയായിരുന്നു തനി ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ്. കാന്‍സറിന്റെ തീവ്രതയെ ചിരിയോടെ നേരിട്ട് ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രചോദനമായി അദ്ദേഹം.
1948 ഫെബ്രുവരി 28ന്. ഇരിങ്ങാലക്കുട താലൂക്കിലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടേയും മകനായാണ് ഇന്നസെന്റ് ജനിച്ചത്. എട്ടാം ക്ലാസില്‍ പഠനമുപേക്ഷിച്ച ഇന്നസെന്റ് പിന്നീട് മദ്രാസിലെത്തി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി സിനിമയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം പതിയെ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. 1972ൽ റിലീസായ നൃത്തശാലയാണ് ആദ്യ സിനിമ. പിന്നീട് ഉര്‍വ്വശി ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
ഇതിനിടെ കര്‍ണാടകയില്‍ തീപ്പെട്ടി കമ്പനി സ്ഥാപിച്ചെങ്കിലും നഷ്ടത്തെത്തുടർന്ന് തിരികെ മദ്രാസിലെത്തി. ഇതിനിടെ ആലീസിനെ വിവാഹം ചെയ്തു.
മദ്രാസിലെത്തിയ ഇന്നസെന്റ് പിന്നീട് ഡേവിഡ് കാച്ചപ്പിള്ളിയെന്ന സുഹൃത്തുമായി ചേര്‍ന്ന് ശത്രു കമ്പയിന്‍സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി ആരംഭിച്ചു. മികച്ച സിനിമകള്‍ പുറത്തിറക്കിയെങ്കിലും സാമ്പത്തികമായി നഷ്ടമുണ്ടാക്കിയതോടെ ഇന്നസെന്റ് സിനിമാ നിര്‍മാണം അവസാനിപ്പിച്ച് അഭിനയത്തിലേക്ക് ഇറങ്ങി. ഇതേസമയം തന്നെ ആര്‍ എസ് പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായും 1979 മുതല്‍ 1983 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു.
1982 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മക്കായ് എന്ന ചിത്രം ഇന്നസെന്റിന്റെ കരിയറില്‍ വഴിത്തിരിവായി. തുടര്‍ന്നങ്ങോട്ട് 750 ഓളം സിനിമകളില്‍ നിറസാന്നിധ്യമായി. അഭിനയത്തിനും നിര്‍മാണത്തിനും പുറമെ സിനിമയില്‍ ഗായകനായും എഴുത്തുകാരനായും ഇന്നസെന്റ് എത്തി.
ഗജകേസരിയോഗം, പൊന്‍മുട്ടയിടുന്ന താറാവ്, മാന്നാര്‍ മത്തായി സ്പീക്കിങ്, ഗോഡ്ഫാദര്‍, കിലുക്കം, വിയറ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല, മണിച്ചിത്രത്താഴ്, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ, പാപ്പി അപ്പച്ചാ, കല്യാണരാമന്‍, വെട്ടം, മിഥുനം, ഇഷ്ടം, സന്ദേശം തുടങ്ങിയ സിനിമകളിലെ അഭിനയം ഇന്നസെന്റ് എന്ന അഭിനേതാവിന്റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചുകൊണ്ട് മികച്ച സംഘാടകനായും ഇന്നസെന്റ് തിളങ്ങി.
ഇതിനിടെയാണ് കാന്‍സര്‍ ഇന്നസെന്റിനെ വേട്ടയാടിയത്. എന്നാല്‍ നിറഞ്ഞ ചിരിയോടെ ഇന്നസെന്റ് രോഗത്തിനെ നേരിട്ടു. 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന ഇന്നസെന്റിന്റെ കുറിപ്പുകള്‍ ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് രോഗത്തോട് പോരാടാനുള്ള ശക്തി പകര്‍ന്നു. രണ്ട് തവണയും ശക്തമായി അദ്ദേഹം രോഗത്തെ കീഴടക്കി.
ഇതിനിടെയാണ് 2014 ല്‍ ഇന്നസെന്റ് പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍നിന്ന് മത്സരിച്ച് ജയിച്ചത്. പിസി ചാക്കോയെ പരാജയപ്പെടുത്തിയായിരുന്നു ഇന്നസെന്റ് പാര്‍ലമെന്റിലേക്ക് എത്തിയത്. 2019 ല്‍ വീണ്ടും മത്സരത്തിന് ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു.
ന്യുമോണിയാബാധയെത്തുടര്‍ന്ന് 2023 മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 26 ന് അദ്ദേഹം അന്തരിച്ചു. ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയത്തിലെ കിഴക്കേ പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ ഇന്നസെന്റിന്റെ അനശ്വര കഥാപാത്രങ്ങള്‍ കൊത്തിവെച്ച കല്ലറയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
ഇന്നസെന്റിന്റെ മരണശേഷവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ കാണാന്‍ മലയാളികള്‍ക്ക് സാധിച്ചു. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും, മുകേഷ് നായകനായ ഫിലിപ്‌സ് എന്നീ ചിത്രങ്ങളാണ് മരണശേഷം ഇന്നസെന്റിന്റേതായി വെള്ളിത്തിരയില്‍ എത്തിയത്.