എന്റെ ചലച്ചിത്രഗാന ജീവിതത്തിൽ ഗായകരുടെ കൂട്ടത്തിൽ രണ്ട് നാമോദയങ്ങൾ ഉണ്ട്, ഒന്ന് കെ ജെ യേശുദാസും മറ്റൊന്ന് പി ജയചന്ദ്രനും. ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ രണ്ടുപേരും എന്റെ രണ്ട് കണ്ണുകളാണ്. ദേവരാജൻ മാസ്റ്ററുടെ കൂടെയാണ് ഞാൻ കൂടുതൽ പാട്ടുകളും ചെയ്തിട്ടുള്ളത്. മാഷ് ഏറ്റവും കൂടുതൽ പാടിപ്പിച്ചിട്ടുള്ളതും ഈ രണ്ടു ഗായകരെയാണ്.
ജയചന്ദ്രന്റെ പല പാട്ടുകളും ഞാൻ പ്രത്യേകിച്ച് ഓർക്കുന്നു ദേവരാജൻ മാസ്റ്റർ ചെയ്ത ' കണ്ണുകൾ കണ്ണുകൾ ഇടഞ്ഞു' അതിമനോഹരം ആയിട്ടാണ് ജയചന്ദ്രൻ ആ പാട്ടു പാടിയത്. ആ പാട്ടിന്റെ റെക്കോഡിങ് കഴിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്റർ തന്നെ വിശദമായി ആ പാട്ട് ആസ്വദിക്കുന്നത് ഞാൻ കണ്ടു. അത്രമാത്രം ഗംഭീരമായാണ് ജയൻ അന്ന് ആ പാട്ട് പാടിയത്. അതേപോലെ പല പാട്ടുകളും ജയൻ മനോഹരമായി പാടിയിട്ടുണ്ട്.
ജയന്റെ ജീവിതത്തിലെ പല നിർണായക മുഹൂർത്തങ്ങളിലും ഒരു ഗാനരചയിതാവായി ഞാൻ ഉണ്ടാവാറുണ്ട്. 'കുറുനിരയോ നിര നിര മഴമുകിൽ' എന്നൊരു പാട്ട് ഉണ്ട് ഒരുപക്ഷേ സംഗീതസംവിധായകൻ ജോൺസനെ ആദ്യമായി പരിചയപ്പെടുത്തിയ ഭരതന്റെ പാർവതിയിലെ ഗാനം അന്നത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു അത്. വാണി ജയറാമും ഒത്തായിരുന്നു ജയചന്ദ്രൻ ആ ഗാനം ആലപിച്ചത്. ഒരു ക്ലാസിക്കൽ ടച്ച് ഉള്ള പാട്ട്. അതിലെ സ്വരങ്ങൾ ഒക്കെ എത്ര മനോഹരമായിട്ടാണ് സംഗീതം പഠിച്ചിട്ടില്ലാത്ത പി ജയചന്ദ്രൻ പാടിയത്. ഒരിക്കൽ ആ പാട്ട് കേട്ട കാക്കനാടൻ പറഞ്ഞു വാണിയെക്കാൾ മികച്ച പെർഫോമൻസ് ജയചന്ദ്രന്റെതാണെന്ന്.
സപ്ത സ്വരങ്ങളുടെ അടുക്കൽ പോലും പോയിട്ടില്ലാത്ത ഈ ജയചന്ദ്രൻ സ്വരങ്ങൾ കൊണ്ട് ആ പാട്ടിൽ അമ്മാനമാടിയത് കണ്ട് ജോൺസൺ പോലും അത്ഭുതപ്പെട്ടുപോയി.അതിനുശേഷം ഒരുപാട് സംഗീത സംവിധായകരുടെ കൂടെ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തു. ജയൻ പാട്ടുകാരനും ഞാൻ പാട്ടെഴുത്തുകാരനും ചിലപ്പോൾ ഞാൻ സംഗീതം നൽകിയ ഗാനങ്ങളും ജയൻ ആലപിച്ചു. അപ്പോൾ എല്ലാം കണ്ടത് പാട്ടു പഠിപ്പിച്ചു കഴിഞ്ഞാൽ അധികം ടേക്കുകൾ ഒന്നും തന്നെ ഇല്ലാതെ മനോഹരമായി പാടുന്ന ജയേനെയാണ്.
ഏറ്റവും അത്ഭുതം സിനിമയുടെ രംഗത്ത് ഉയർച്ചയും താഴ്ചയും ഉണ്ടാകും.. ഒരു ഘട്ടം എത്തിയപ്പോൾ ജയചന്ദ്രൻ എന്ന ഗായകനെ സിനിമാലോകം മറന്നമട്ടായി. അദ്ദേഹത്തിന്റെ പാട്ടുകൾ കുറഞ്ഞു, സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ ജയചന്ദ്രൻ ഔട്ടായി എന്ന് ചില ശത്രുക്കൾ പറഞ്ഞു പരത്തി. പക്ഷേ ആ സമയത്താണ് ദേവരാഗം എന്ന സിനിമ വന്നത്. ഭരതനും കീരവാണിയും ഞാനും ഒന്നിച്ച പടം. അതിലെ ഒരൊറ്റ പാട്ടു കൊണ്ട് ജയൻവീണ്ടും മലയാള സിനിമ ലോകം കീഴടക്കി. ആ ജൈത്ര യാത്ര ഇതാ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിനു മൊത്തം അറിയാവുന്ന ആ പാട്ടാണ് ' ശിശിരകാല മേഘ മിഥുന രതി പരാഗമോ അതോ ദേവരാകുമോ'.
ആ പാട്ട് ഒരു രാത്രി മൗണ്ട് റോഡിലെ ഒരു സ്റ്റുഡിയോയിൽ വച്ചാണ് റെക്കോർഡ് ചെയ്യുന്നത്. രാത്രി 12 മണി വരെ സ്ട്രിക്ട് റെക്കോർഡിങ് ആയിരുന്നു. കീരവാണി പന്ത്രണ്ടോ പതിനാറോ ടേക്കുകളെടുത്തു. ചിത്രയും ജയചന്ദ്രനും മത്സരിച്ചു പാടി. ആ പാട്ട് അന്നും ഇന്നും എന്നും മലയാളത്തിന്റെയും തമിഴിന്റെയും തെലുങ്കിന്റെയും പുളകമായി നിലനിൽക്കുകയാണ്.
അടുത്തകാലത്ത് ഇറങ്ങിയ യുവതലമുറയുടെ ചിത്രത്തിൽ പോലും ആ സിനിമയിലെ പാട്ടുണ്ട്. ഒന്നു മാത്രം പറയാം ദേവരാജൻ മാസ്റ്റർ പറഞ്ഞപോലെ സ്വന്തമായിട്ട് ഒന്നു ഉണ്ടാവുക. അത് ശബ്ദമാണെങ്കിലും എഴുത്താണെങ്കിലും സ്വത്താണെങ്കിലും സ്വന്തമായിരിക്കണം. ശബ്ദത്തിന്റെ കുത്തക സ്വന്തമെന്ന്് വിചാരിക്കുന്ന ആളുകൾ ഞെട്ടിപോകുന്ന ഒരു കാര്യമുണ്ട്. യേശുദാസിനും ജയചന്ദ്രനും സ്വന്തമായിട്ടുള്ള ശബ്ദമുണ്ട്.
ഈ രണ്ട് ശബ്ദങ്ങളും എക്കാലവും ഉണ്ടാവും. സത്യമായിട്ടും പറയട്ടെ ജയനും ദാസേട്ടനും എന്റെ രണ്ട് കണ്ണുകളാണ്, മലയാള ചലച്ചിത്ര ഗാനശാഖയുടെ രണ്ട് കണ്ണുകൾ.