ചുറ്റുമുളളവർക്ക് സമാധാനത്തോടും സന്തോഷത്തോടും ജീവിക്കാനുളള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. മനുഷ്യരെല്ലാം സാമൂഹ്യജീവികളാണ്. അതു മറന്നുളള ഒരു വിവേചനവും നിലനിൽക്കാൻ അനുവദിക്കരുതെന്ന് 'ബേൺ' ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ മാക്മെർ. 13-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മികച്ച ക്യാമ്പസ് ചിത്രത്തിനുളള പുരസ്കാരം നേടിയ ചിത്രമാണ് 'ബേൺ'. 2020 ജൂണിൽ പൂർത്തിയാക്കിയ ചിത്രം 2023 തുടക്കത്തോടെയാണ് പാ രഞ്ജിത്തിന്റെ നീലം സോഷ്യൽ എന്ന യൂട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ജാതിവിവേചനത്തിനെതിരെ പ്രതിഷേധിച്ച അരുൺ ടി റാം, ദീപാ പി മോഹൻ എന്നിവർ ഉൾപ്പെടുന്ന ദളിത് ഗവേഷക വിദ്യാർഥികളുടെ അനുഭവങ്ങളിൽ നിന്നാണ് ബേൺ എഴുതപ്പെട്ടിരിക്കുന്നത്.
ബേൺ എന്ന ഹ്രസ്വചിത്രത്തിന് കാരണമായ അനുഭവങ്ങളെ കുറിച്ച് സംവിധായകൻ മാക്മെർ പറയുന്നതിങ്ങനെ,
'നിറം, ജാതി, വേഷം, സ്ഥലം എല്ലാത്തിന്റെയും പേരിൽ വിഭജിക്കപ്പെടുന്ന മനുഷ്യരെ കണ്ടുതന്നെയാണ് വളർന്നത്. കുടുംബത്തിനുള്ളിൽ തന്നെ ജാതിയുടെ പേരിലുളള വലുപ്പച്ചെറുപ്പവും കുത്തുവാക്കുകളും കേട്ടുപരിചയമുണ്ട്. പണ്ട് കേട്ട് ചിരിച്ചിരുന്ന പല കാര്യങ്ങളുടെയും അർഥം മനസിലാക്കാൻ തന്നെ കാലങ്ങളെടുത്തു. എന്തെങ്കിലും രീതിയിൽ പ്രതികരിക്കണമെന്ന തോന്നലിൽ നിന്നാണ് ബേൺ സംഭവിക്കുന്നത്. നല്ലൊരു പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേയ്ക്കെത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അങ്ങനെയാണ് പാ രഞ്ജിത്തിലേയ്ക്ക് എത്തിയത്.'
പേരുപോലും പ്രതിഷേധമാണ്
'കാലങ്ങളായി കുടുംബത്തിൽ തന്നെ കണ്ടും കേട്ടും ശീലിച്ച വിവേചനങ്ങളോടുളള പ്രതിഷേധമാണ് മാക്മെർ എന്ന പേര്. ഇത് പെണ്ണുങ്ങൾ ഇടുന്നതല്ലേ, എന്തിനാണ് ഇങ്ങനെ വേഷം കെട്ടുന്നത് എന്ന് ചോദിക്കുന്നവരോടുളള മറുപടിയാണ് എന്റെ വേഷം. കമ്മലിടുന്നതും മാലയിടുന്നതും മുടി വളർത്തുന്നതും ഒരു ജെന്ററിനകത്തുമാത്രം നിൽക്കുന്ന കാര്യങ്ങളല്ല. വേഷം എന്നത് വെറുമൊരു 'പീസ് ഓഫ് ഫാബ്രിക്' മാത്രമാണ്. അതിന് പ്രത്യേകമായൊരു ജെന്റർ നിശ്ചയിക്കേണ്ടതില്ലെന്നാണ് കരുതുന്നത്.'
സ്വന്തം താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന വിദ്യാർഥി സംഘടനകൾ
'തൂപ്പുജോലിക്ക് പോകാനുളളവർ എന്തിന് പിഎച്ച്ഡി പഠിക്കുന്നു എന്ന ചോദ്യത്തിനെതിരെ ഒറ്റയാൾ പോരാട്ടം കൊണ്ട് ജയിക്കാനാകില്ല. സമത്വസാഹോദര്യ കേരളം എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ആരുടേയും ശ്രദ്ധയിൽ പെടുന്നില്ല, ശ്രദ്ധിക്കപ്പെട്ടാൻ തന്നെ മുഖം തിരിക്കുന്നു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിൽ നടപടികൾ ഉണ്ടായത് വിദ്യാർഥികൾ ഒരുമിച്ചുനിന്ന് പോരാടിയതുകൊണ്ടാണ്. വിദ്യാർഥികളുടെ സഹകരണമാണ് ഇത്തരം വിഷയങ്ങളിൽ ഏറ്റവും കുറവായി തോന്നിയിട്ടുളളത്. ഒന്നോ രണ്ടോ വിദ്യാർഥികൾ ഒഴിച്ചാൽ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാനും ഇടപെടാനും ആരുംതന്നെ തയ്യാറാകുന്നില്ല. ന്യായത്തിന് വേണ്ടിയല്ല, പല വിദ്യാർഥി സംഘടനകളും നിലനിൽക്കുന്നത് സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ്. നീതി നിഷേധിക്കുന്നവർ അവരുടെ കൂട്ടത്തിലുളളവരെങ്കിൽ ഇടതായാലും വലതായാലും എതിർക്കുന്നവരെ തല്ലിയോടിക്കുന്നതാണ് കണ്ടുവരുന്ന രീതി.'
ദളിതരോട് ഐക്യപ്പെടാനാകാത്ത അധ്യാപകർ
സിനിമ എന്നത് വളരെയധികം സ്വാധീനം ചെലുത്താൻ പോന്ന മീഡിയമാണ്. മറ്റൊരു ജോലിയും എന്നെ തൃപ്തിപ്പെടുത്തുന്നില്ലെന്നും, സിനിമയാണ് എന്റെ വഴിയെന്നും 21 വയസായപ്പോൾ തിരിച്ചറിഞ്ഞു. ബേൺ പറയാൻ ഉദ്ദേശിക്കുന്ന ആശയം ഇതാണെന്ന് പറഞ്ഞപ്പോൾ, ഇതൊക്കെ ഇന്നത്തെ കാലത്തുണ്ടോ എന്ന് സംശയം ചോദിച്ചവർ ഉണ്ട്. സവർണബോധമുളള, ദലിതരോട് ഐക്യപ്പെടാനാകാത്ത അധ്യാപകർ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ടെന്നായിരുന്നു അവരോടുളള എന്റെ മറുപടി.
ദീപ പി മോഹന്റെ സമരത്തിനോട് സർക്കാർ സ്വീകരിച്ച നിഷേധാത്മക നിലപാടിനെതിരെയുളള പ്രതിഷേധമെന്ന നിലയിൽ, പുരസ്കാര വിതരണ വേദിയിൽ ധനമന്ത്രി കെ എൻ. ബാലഗോപാലിൽ നിന്നും മാക് മെർ പുരസ്കാരം സ്വീകരിക്കാതിരുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. 2011ലാണ് ദീപാ പി മോഹൻ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. 2014ൽ ഗവേഷണവും തുടങ്ങി. പക്ഷേ, ദളിത് വിദ്യാർത്ഥിയായ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാനുള്ള യാതൊരു സാഹചര്യവും ലഭിച്ചിരുന്നില്ല. തുടർന്ന് ജാതീയമായ വേർതിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ പരാതി നൽകുകയായിരുന്നു. ഏകദേശം 10 വർഷം നീണ്ട സമരത്തിനൊടുവിലായിരുന്നു ഗവേഷണത്തിനുളള സമയം നീട്ടിനൽകാനും മുടങ്ങിയ ഫെലോഷിപ്പ് നൽകാനും തീരുമാനമായത്.