ENTERTAINMENT

ചിട്ടി ആയീ ഹേ...മണ്ണിന്റെ മണമുള്ള ആ കത്ത് ഇനി ഓർമ

നാം എന്ന ചിത്രത്തിനുവേണ്ടി പങ്കജ് ഉധാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട പാട്ട് മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും ഇന്ത്യക്കാരുടെ ചുണ്ടിലും മനസ്സിലുമുണ്ട്

രവി മേനോന്‍

ജയ്‌പൂരിൽ ഒരു ഗസൽ നിശ അവതരിപ്പിച്ച ശേഷം മുംബൈയിലേക്ക് മടങ്ങും വഴി ഫ്‌ളൈറ്റിൽവെച്ച് രാജ് കപൂറിനെ കണ്ടുമുട്ടുന്നു പങ്കജ് ഉധാസ്. അടുത്തു പരിചയമില്ല രാജിനെ. അകലെനിന്ന് ആരാധിച്ചിട്ടേയുള്ളൂ. ഭയഭക്തി ബഹുമാനങ്ങളോടെ അരികത്തു ചെന്നപ്പോൾ രാജ് കപൂർ ചിരിച്ചുകൊണ്ട് പറഞ്ഞു: "പങ്കജ് ഉധാസ് അമർ ഹോഗയാ..''

"എനിക്ക് ഒന്നും പിടികിട്ടിയില്ല. 'നാം' സിനിമ റിലീസാകാനിരിക്കുന്നതേയുള്ളൂ. പരിഹസിക്കുകയാണോ എന്നുവരെ തോന്നിപ്പോയി,'' ഉധാസ് ചിരിക്കുന്നു. പിന്നീടാണ് കാര്യമറിഞ്ഞത്. രാജേന്ദ്രകുമാറുമായി അടുത്ത സൗഹൃദമാണ് രാജിന്. ദിവസങ്ങൾ മാത്രം മുൻപ് സ്വന്തം വീട്ടിലെ സ്റ്റുഡിയോയിൽ സുഹൃത്തിനെ ക്ഷണിച്ചുവരുത്തി പുതിയ സിനിമയിലെ ഗാനരംഗങ്ങൾ അദ്ദേഹത്തെ കാണിച്ചുകൊടുത്തു രാജേന്ദ്രകുമാർ. അങ്ങനെയാണ് ``ചിട്ടീ ആയീ ഹേ'' രാജ്‌കപൂർ ആദ്യമായി കണ്ടതും ആസ്വദിച്ചതും. അന്ന് തോന്നിയ മതിപ്പ് ഉധാസിനെ നേരിൽ കണ്ടപ്പോൾ പങ്കുവെച്ചുവെന്നു മാത്രം.

അധികം വൈകാതെ 'നാം' റിലീസായി. സാമാന്യം തരക്കേടില്ലാതെ ഓടുകയും ചെയ്തു. ആദ്യത്തെ ഷോ കഴിഞ്ഞു മഹേഷ് ഭട്ട് പറഞ്ഞ വാക്കുകൾ ഉധാസിന്റെ ഓർമയിലുണ്ട്: ''നിങ്ങളാണ് ഈ പടത്തിലെ ഹീറോ.''

മഹേഷ് ഭട്ട് സംവിധാനം ചെയ്ത നാം (1986) എന്ന ചിത്രത്തിന് വേണ്ടി ഉധാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട പാട്ട് മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും ഇന്ത്യക്കാരുടെ ചുണ്ടിലും മനസ്സിലുമുണ്ട്: "ചിട്ടി ആയീ ഹേ, ചിട്ടി ആയീ ഹേ, ചിട്ടി ആയീ ഹേ വതൻ സേ ചിട്ടി ആയീ ഹേ, ബഡെ ദിനോം കെ ബാത് ഹം ബേ- വതനോം കോ യാദ് വതൻ കി മിട്ടി ആയീ ഹേ...'' ജന്മനാട്ടിൽനിന്ന് ഒരുപാട് ഓർമകളുമായി വന്നെത്തുന്ന, മണ്ണിന്റെ മണമുള്ള സന്ദേശത്തെക്കുറിച്ചാണ് ആനന്ദ് ബക്ഷിയുടെ വരികൾ. എല്ലാ അർത്ഥത്തിലും പ്രവാസിയുടെ ആത്മഗീതം.

മകൻ കുമാർ ഗൗരവിനെ നായകനാക്കി പഴയകാല നടൻ രാജേന്ദ്രകുമാർ നിർമിച്ച പടമാണ് 'നാം'. ഉപജീവനാർത്ഥം ദുബായിൽ ചേക്കേറുന്ന വിക്കിയെ (സഞ്ജയ് ദത്ത് അവതരിപ്പിച്ച കഥാപാത്രം) പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്ന അത്യന്തം ഗൃഹാതുരമായ ഒരു ഗാനം വേണം സിനിമയിൽ. അതൊരു ലൈവ് പരിപാടിയാണെങ്കിൽ നന്നായിരിക്കുമെന്ന് സംവിധായകൻ ഭട്ട്. ഗസൽ വേദികളിലെ യുവതാരമായി ജ്വലിച്ചുനിന്ന പങ്കജ് ഉധാസിനെക്കൊണ്ട് ആ ഗാനം പാടിക്കണമെന്ന നിർദേശം തിരക്കഥാകൃത്തായ സലിം ഖാന്റേതായിരുന്നു. രംഗത്ത് അഭിനയിക്കുന്നതും സുന്ദരനായ ഉദാസാവട്ടെ എന്ന തീരുമാനം പിറകെ വന്നു.

പൊതുവെ ക്യാമറയെ അഭിമുഖീകരിക്കാൻ മടിയാണ് പങ്കജ് ഉദാസിന്. തെല്ലൊരു അന്തർമുഖത്വവുമുണ്ട്. എങ്കിലും മഹേഷ് ഭട്ടിനെപ്പോലൊരു സംവിധായകൻ ആവശ്യപ്പെടുമ്പോൾ നിരാകരിക്കുന്നതെങ്ങനെ? പതിവ് ബോളിവുഡ് ഹിറ്റുകളുടെ രൂപഭാവങ്ങളുള്ള പാട്ടായിരുന്നെങ്കിൽ ഒഴിഞ്ഞുമാറിയേനെ. ഇതങ്ങനെയല്ല. കാവ്യഗുണമുള്ള വരികളാണ്. ഈണത്തിനനുസരിച്ച് എഴുതിയിട്ടുപോലും അർത്ഥഭംഗമില്ലാത്ത രചന. "എന്നെ ഏറ്റവും വിസ്മയിപ്പിച്ചത് ആനന്ദ് ബക്ഷി സാഹിബിന്റെ പ്രതിഭയാണ്,'' ഉധാസ് ഓർക്കുന്നു.

മറക്കാനാവില്ല ആ റെക്കോർഡിങ് സെഷൻ.

വരികൾ ഗൃഹാതുരം; ഈണം ഭാവദീപ്തം; ആലാപനം അതീവഹൃദ്യവും. എന്നിട്ടും തൃപ്തി വരുന്നില്ല സംഗീതസംവിധായകർക്ക്. എവിടെയോ എന്തോ ഒരു പോരായ്‌മ പോലെ. രണ്ടാമത്തെ ടേക്ക് കഴിഞ്ഞപ്പോൾ വോയ്‌സ് ബൂത്തിലേക്ക് കടന്നുചെന്ന് ഗായകനോട് കാര്യം തുറന്നുപറഞ്ഞു ലക്ഷ്മീകാന്തും പ്യാരേലാലും: "അസാധ്യമായി പാടുന്നു താങ്കൾ; പാട്ടിന്റെ ആത്മാവിൽ അലിഞ്ഞുതന്നെ. എങ്കിലും ഞങ്ങൾ പ്രതീക്ഷിച്ച എന്തോ ഒന്ന് ആ പാട്ടിലില്ല. അതെന്തെന്ന് പറഞ്ഞുതരാനൊട്ട് വയ്യതാനും.''

അത്ഭുതത്തോടെ ആ വാക്കുകൾ കേട്ടുനിന്നു മെഹബൂബ് സ്റ്റുഡിയോയിലെ മൈക്കിനു മുന്നിൽ പങ്കജ് ഉധാസ്. ആയിരക്കണക്കിനു വേദികളെ പ്രണയമധുരമായ ആലാപനം കൊണ്ട് കോരിത്തരിപ്പിച്ച ഗസലിന്റെ രാജകുമാരന് സിനിമയുടെ വഴികൾ വിചിത്രമായി തോന്നിയിരിക്കണം അപ്പോൾ. ഇതിൽക്കൂടുതൽ എങ്ങനെ ഈ പാട്ട് മെച്ചപ്പെടുത്താൻ?

മറുപടി ലക്ഷ്മീകാന്തിന്റെ പക്കൽ തന്നെയുണ്ടായിരുന്നു. "ലൈവ് കൺസേർട്ടായി സിനിമയിൽ ചിത്രീകരിക്കേണ്ട പാട്ടാണ്. സ്റ്റേജിൽ പാടുന്നതിന്റെ സ്വാഭാവികതയാണ് ഇവിടെ വേണ്ടത്. വലിയ സദസ്സുകൾക്കു മുന്നിലല്ലാതെ സ്റ്റുഡിയോയുടെ ഏകാന്തതയിൽ പാടി ശീലിക്കാത്തതുകൊണ്ടാവാം ആ സ്വാഭാവികത താങ്കളുടെ ആലാപനത്തിൽ വരുന്നില്ല.'' പോംവഴിയും ലക്ഷ്മീകാന്ത് തന്നെ നിർദ്ദേശിച്ചു: ``നമ്മൾ ഈ സ്റ്റുഡിയോ ഒരു മെഹ്ഫിൽ വേദിയാക്കുന്നു. സദസ്സിൽ ഞങ്ങൾ കുറച്ചുപേരെ ഉണ്ടാകൂയെന്ന് മാത്രം. സ്റ്റേജിൽ പാടുന്നതായി സങ്കല്പിച്ച് പാടിക്കൊള്ളുക.''

അരമണിക്കൂറിനുള്ളിൽ സ്റ്റുഡിയോയിലെ റെക്കോർഡിങ് ഹാൾ മെഹ്ഫിൽ വേദിയായി രൂപം മാറുന്നു. "അഞ്ചാറ് മേശകൾ കൂട്ടിയിട്ട് അതിനു മുകളിൽ വലിയൊരു ജമുക്കാളം വിരിച്ചിട്ടു അവർ. അതിനും മേലെ മൈക്ക്. മൈക്കിന് മുന്നിൽ ചമ്രം പടിഞ്ഞ് ഞാനും,'' പങ്കജ് ഉധാസിന്റെ ഓർമ.

"സത്യം പറയാമല്ലോ; ഞാൻ ഞാനായി മാറിയത് അപ്പോഴാണ്. നിവർന്നുനിന്ന് മൈക്കിലേക്ക് പാടുമ്പോൾ തോന്നിയ കൃത്രിമത്വം അതോടെ അതിന്റെ പാട്ടിനുപോയി. ആ ഇരിപ്പിൽ ഒരൊറ്റ ശ്വാസത്തിൽ പാടിയ പാട്ട് ആദ്യ ടേക്കിൽ തന്നെ ഓക്കേ ആകുകയും ചെയ്തു. മൂന്നു ചരണങ്ങളുള്ള ദീർഘമായ ഗാനം മൾട്ടി പീസ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ലൈവായി പാടിത്തീർന്നപ്പോൾ ആദ്യം ഹാളിൽ കടന്നുവന്ന് അഭിനന്ദിച്ചത് ലക്ഷ്മീകാന്ത്ജി. ഡബിൾ ഓക്കേയെന്ന് അദ്ദേഹം ആംഗ്യം കാണിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്...''

പങ്കജ് ഉധാസിനൊപ്പം ലേഖകൻ

"ചിട്ടീ ആയീ ഹേ അദ്ദേഹം സ്റ്റുഡിയോയിൽ ഇരുന്ന് എഴുതിത്തുടങ്ങുമ്പോൾ ഞാനുമുണ്ട് ഒപ്പം,'' ഉധാസിന്റെ ഓർമ. സംവിധായകനുമായി ചർച്ച ചെയ്താണ് പാട്ടെഴുത്ത്. "ഇടക്കെപ്പോഴോ മഹേഷ്‌ജി ഒരു നിർദേശം പറഞ്ഞു: ദീപാവലിയെക്കുറിച്ച് ഗൃഹാതുരമായ ഒരു പരാമർശം കൂടി വേണം പാട്ടിൽ. വിദേശത്ത് ജീവിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന ആഘോഷമാണല്ലോ ദീപാവലി. മഹേഷ്‌ജി ഇത് പറയുന്ന സമയത്ത് കടലാസിൽനിന്ന് തലയുയർത്താതെ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ് ബക്ഷി സാഹിബ്. ഞാൻ നോക്കുമ്പോൾ ദീപാവലിയെക്കുറിച്ചുള്ള വരികൾ ആ തൂലികയിൽനിന്ന് വാർന്നുവീഴുന്നു: തേരെ ബിൻ ജബ് ആയീ ദീവാളി, ദീപ് നഹി ദീപ് ജലേ ഹേ ഖാലി...നീയില്ലാത്ത ദീപാവലിയ്ക്കെന്ത് ദീപപ്രഭ? ഹൃദയത്തിൽ എരിയുന്നത് ശൂന്യത മാത്രം. സംവിധായകൻ പറഞ്ഞുനിർത്തിയപ്പോഴേക്കും വരികൾ എഴുതിത്തീർത്തിരുന്നു ആനന്ദ് ബക്ഷി. ശരിക്കും നമിച്ചുപോയി ആ പ്രതിഭയ്ക്ക് മുന്നിൽ...'' ചിട്ടീ ആയീ ഹേ തലമുറകൾക്കിപ്പുറവും ജീവിക്കുന്നതിന് പിന്നിൽ ആനന്ദ് ബക്ഷിയുടെ പ്രതിഭാവിലാസവുമുണ്ടെന്ന് ഓർമിപ്പിക്കുന്നു ഉധാസ്.

പാടി റെക്കോർഡ് ചെയ്യുമ്പോൾ ഗാനം കാലത്തെ അതിജീവിക്കുമെന്നോ, വർഷങ്ങൾക്കുശേഷവും ചർച്ച ചെയ്യപ്പെടുമെന്നോയുള്ള പ്രതീക്ഷകളൊന്നുമില്ല. കഴിയുന്നത്ര നന്നായി പാടുക എന്നൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ക്യാമറക്ക് മുന്നിലും ഉധാസിന്റെ അരങ്ങേറ്റം പാളിയില്ല. പതിവ് ശൈലിയിലുള്ള മെഹ്ഫിൽ ആയിരുന്നതിനാൽ അധികം ``അഭിനയിക്കേണ്ടി'' വന്നില്ല എന്നതാണ് സത്യം. ഗസൽ പരിപാടികളുടെ തിരക്കുകളിലും ബഹളത്തിലും മുഴുകി പാട്ടിന്റെ കാര്യം മിക്കവാറും മറന്നുപോയ ഉധാസ് പിന്നീട് അതോർത്തത് ഒരു വിമാനയാത്രക്കിടെയാണ്; തികച്ചും യാദൃച്ഛികമായി. അത് മറ്റൊരു കഥ.

നാല് പതിറ്റാണ്ടിനിടെ സിനിമ ഏറെ മാറി. സംഗീത സങ്കൽപ്പങ്ങൾ മാറി. അഭിരുചികൾ അനുനിമിഷം മാറിമറിയുന്ന ഈ ഡിജിറ്റൽ കാലത്തും ജനം ഗൃഹാതുരത്വത്തോടെ മൂളി നടക്കുന്നു 'ചിട്ടി ആയീ ഹേ'. ആ ഗാനം പാടാതെ ഞാൻ മെഹ്ഫിലുകൾ അവസാനിപ്പിക്കാറില്ല. തലമുറകൾ മാറിയിട്ടും മുന്നിലിരിക്കുന്ന സദസ്സിന്റെ ഭാവഭേദങ്ങൾ പഴയപടി തന്നെ. പോയി മറഞ്ഞ കാലത്തേക്ക് മനസ്സുകൊണ്ട് തിരിച്ചുനടക്കും അവർ; നന്മ നിറഞ്ഞ ഒരു വസന്തകാലത്തേക്ക്...'' ഉധാസിന്റെ വാക്കുകൾ ഓർമവരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ