പാരഡൈസ്, ശ്രീലങ്കയിലെ തമിഴ് സമൂഹത്തോടുള്ള വിവേചനവും 2022ൽ അവിടെയുണ്ടായ സാമ്പത്തിക തകർച്ച ശ്രീലങ്കൻ ജനതയുടെ സാമൂഹിക ജീവിതത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ...
2022ൽ ശ്രീലങ്കയിൽ ആഭ്യന്തരപ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ് മലയാളി ദമ്പതികളായ കേശവും അമൃതയും ലങ്ക സന്ദർശിക്കുന്നത്. അവിടെവെച്ചു അപ്രതീക്ഷിതമായി അവർ നേരിടുന്ന പ്രശ്നങ്ങളും ആ രാഷ്ട്രീയ അന്തരീക്ഷത്തിൽ അവരിൽ അത് ഉണ്ടാക്കുന്ന സംഘർഷവുമാണ് പാരഡൈസ് എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം.
രാവണൻ ഇല്ലാത്ത ലങ്ക ആഭ്യന്തരകലാപത്തിന്റെ പിടിയിൽ അമരുകയും ആ സമയത്ത് ഇന്ത്യയിൽനിന്ന് സീതയും രാമനും ലങ്കാദർശനം നടത്തുകയും അവിടെവെച്ച് രാമൻ്റെ ആണധികാര ഹുങ്കിനും വരേണ്യവർഗ്ഗ മനോഭാവത്തിനുമെതിരെ സീതയുടെ തോക്കിൽ നിന്നുതിർന്ന ബുള്ളറ്റിൽ രാമൻ കൊല്ലപ്പെടുന്നതുമായി ഈ സിനിമയെ വ്യാഖാനിക്കാം. ഏകദേശം മുന്നൂറിലധികം രാമായണ ആഖ്യാനങ്ങൾ ഉണ്ടെന്നാണല്ലോ പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെയും മറ്റൊരു വ്യാഖാനമായി കാണാം. ആ ബുള്ളറ്റ് മനപ്പൂർവ്വമുള്ളതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നത് കാണികൾക്ക് വിട്ട് കൊടുത്തു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ശംഭൂകനെ കൊന്ന, ബാലിയെ ഒളിച്ചിരുന്ന് അമ്പെയ്ത, താടകയെ ഇല്ലാതാക്കിയ, രാമൻ. പെട്രോളിനും ഡീസലിനും ഗ്യാസിനും വേണ്ടി, തങ്ങളുടെ സ്വന്തക്കാരുടെ ജീവന് വേണ്ടി, അതിജീവനത്തിന് വേണ്ടി തെരുവിൽ പോരാടുന്ന ആഭ്യന്തര പ്രക്ഷോഭ കാലത്തെ ബാലിയേയും ശംഭൂകനേയും താടകയേയും ഇല്ലാതാക്കാൻ രാമൻ തോക്കെടുക്കുമ്പോൾ ആ സമയം ഗാഡനിദ്രയിലായ രാവണൻ ഉറക്കമെഴുന്നേറ്റ് ലങ്കയെ രക്ഷിക്കാൻ വരുമ്പോഴേയ്ക്കും വളരെയധികം താമസിച്ചുപോകുമെന്ന് മനസിലാക്കിയ സീത രാമന്റെ കരങ്ങളാൽ ഇനിയും കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി രാമനെതിരെ തോക്കെടുക്കുന്നു.
സിനിമാ സീരീസ് മേഖലയിലെ തൻ്റെ കരിയർ മോഹങ്ങളെല്ലാം ലങ്കയിൽ എത്തിയതിനു ശേഷം നഷ്ടപ്പെടാനിടയായ സാഹചര്യത്തിൽ "ഇതൊക്കെ നടക്കുമ്പോ നിനക്കെങ്ങനെ സന്തോഷമായി ഇരിക്കാൻ കഴിയുന്നു,.?'' എന്ന ദേഷ്യത്തോടെയുള്ള നായകൻ്റെ ചോദ്യത്തിന് "ഞാൻ അസന്തുഷ്ടയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് " എന്നാണ് നായികയുടെ മറുപടി.. കലാപം നടക്കുന്ന സ്ഥലത്ത് കറങ്ങി നടക്കാൻ ചെലവ് കുറയും എന്ന് കരുതി, ഈ തീട്ടക്കുഴിയിലേക്ക് തന്നെ യാത്രക്ക് ഒരുങ്ങിയ നായകന്റെ വാക്കുകളിൽ നിന്ന് തന്നെ ആ കഥാപാത്രസ്വഭാവത്തെ സംവിധായകൻ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഇതുപോലെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പുരുഷന്റെ ലക്ഷ്മണരേഖയാൽ തളച്ചിടപ്പെടുന്ന സീതമാർ ഒരു നാൾ മര്യാദാ പുരുഷോത്തമന്റെ തലയിലേക്ക് തുളഞ്ഞു കയറും വിധം ബുള്ളറ്റുകൾ കരുതിവെക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ശബ്ദത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രേക്ഷകന് കണക്റ്റാവും വിധം വയലൻസ് ക്രിയേറ്റ് ചെയ്തതും വളരെ രൂക്ഷമായി ആഭ്യന്തര പ്രക്ഷോഭം നടക്കുന്ന സ്ഥലത്തെ സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും ക്രിയേറ്റ് ചെയ്തതും നന്നായിട്ടുണ്ട്.. ലങ്കയിൽ വംശീയതയുടെ വേർതിരിവുകൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്നും, തമിഴരോടും മുസ്ലിങ്ങളോടും വിവേചനം കാണിക്കുന്ന, എവിടെയെങ്കിലും ഒരു കുറ്റമോ, കവർച്ചയോ നടന്നാൽ തമിഴ് -മുസ്ലിം ജനതയുടെ പേരിൽ തന്നെ കുറ്റം ചുമത്തുന്ന സിംഹള പൊതുബോത്തെ സിനിമ തുറന്നു കാട്ടുന്നുമുണ്ട്.
അതുകൊണ്ട് തന്നെയാവും സഹ മനുഷ്യരെക്കുറിച്ച് ആശങ്കപ്പെടുന്നവരും അവരെ സ്നേഹിക്കുന്നവരും തീർച്ചയായും ഈ സിനിമ കണ്ടിരിക്കേണ്ടതുണ്ടെന്ന് തമിഴ് സംവിധായകൻ മിഷ്കിൻ അഭിപ്രായപ്പെട്ടത്. രാജീവ് രവിയുടെ മികച്ച ഫ്രെയിമുകളും ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും ഒരു അന്താരാഷ്ട്ര ഫെസ്റ്റിവൽ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സംവിധായകൻ 'പ്രസന്ന വിതനെഗ'യെ വളരെയധികം സഹായിച്ചിട്ടുണ്ട്. ശ്രീലങ്കൻ അഭിനേതാക്കൾക്കൊപ്പം ദർശനയും റോഷനും സിനിമയിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
Nb -"തമിഴർ നിർബന്ധമായും സിംഹള ഭാഷ പഠിക്കണമെന്നും സിംഹള സംസ്കാരത്തോട് ഇഴുകിച്ചേരണമെന്നും അവർ അതിന് ശ്രമിച്ചാൽ ശ്രീലങ്കയിൽ സമാധാനം വരുമെന്നും ശ്രീലങ്ക സിംഹളരുടെ ജന്മഭൂമിയാണെന്നും അഭിമാനം കൊള്ളുന്ന" ഒരു സംവിധായാകനിൽ നിന്ന് ഇങ്ങനെയൊരു സിനിമ എങ്ങനെ വന്നു എന്നതാണ് എത്ര ആലോചിച്ചിട്ടും മനസിലാവാത്തത്. (വർഷങ്ങൾക്ക് മുന്നേ മഞ്ചേരി മെണ്ടാഷ് ഫിലിം ഫെസ്റ്റിവലിൽ വെച്ച് ശ്രീലങ്കയിലെ തമിഴന്മാരുടെ പോരാട്ടത്തെക്കുറിച്ചും അതിനോടുള്ള സിംഹളരുടെ നിലപാടിനെ കുറിച്ചും സദസ്സിൽ നിന്നും ആരോ ചോദ്യമുന്നയിച്ചപ്പോൾ സംവിധായകൻ വളരെ ലാഘവത്തോടെ പറഞ്ഞ ജനവിരുദ്ധ നിലപാടാണിത്..)