കഴിഞ്ഞ വർഷം ഹിറ്റ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയ ഗാനമാണ് പസൂരി. അലി സേത്തിയും ഷെയ് ഗില്ലും ചേർന്നാലപിച്ച ഈ പാകിസ്താൻ ഈ പോപ്പ് ഗാനത്തിന് ഇന്ത്യയിൽ വലിയ ആരാധകരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗാനത്തിന്റെ ഇന്ത്യൻ പതിപ്പ് ഇറങ്ങിയിരിക്കുകയാണ്. 'സത്യ പ്രേം കി കഥ' എന്ന ചിത്രത്തിന് വേണ്ടിയാണ് പസൂരി നു എന്ന ഗാനം റീമേയ്ക്ക് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച റിലീസ് ചെയ്ത 'പസൂരി നു' എന്ന ഗാനം ലക്ഷകണക്കിന് ആളുകളാണ് യൂ ടൂബിൽ കണ്ടത്.
അരിജിത് സിങ്ങും തുളസി കുമാറും ചേർന്നാലപിച്ച ഗാനത്തിലെ അഭിനേതാക്കൾ കാർത്തിക ആര്യനും, കിയാരാ അധ്വാനിയുമാണ്. എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഗാനത്തിന്റെ ഇന്ത്യൻ പതിപ്പിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
'ടി സീരിസ്' എല്ലാ ഇന്ത്യൻ ഗാനങ്ങളും നശിപ്പിക്കുകയാണെന്നും പോരാഞ്ഞിട്ട് ഇപ്പോൾ പാകിസ്താൻ ഗാനങ്ങളെയും നശിപ്പിച്ചു തുടങ്ങിയെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
'നല്ല ശ്രമം, പക്ഷെ ഇനി ചെയ്യരുത്', 'അരിജിത് സിങ്, നിങ്ങൾ അത്ഭുത ഗായകനാണെന്നതിൽ സംശയമില്ല. എന്നാൽ നല്ല പാട്ടുകൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം' എന്നിങ്ങനെ നീണ്ടു പോകുന്നു ഗാനത്തിനോടുള്ള എതിരഭിപ്രായങ്ങൾ.
എന്നാൽ, ഗാനത്തിന് നല്ല പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. പസൂരിയുടെ പാകിസ്താൻ പതിപ്പിനേക്കാൾ എത്രയോ മികച്ചതാണ് അരിജിത്തിന്റെ പസൂരി പതിപ്പെന്നായിരുന്നു ഒരു ആരാധകന്റെ നിരീക്ഷണം.
പാകിസ്താൻ ഗാനം മെച്ചപ്പെട്ടത് ഇപ്പോഴാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അരിജിത് എപ്പോഴും അതിമനോഹരമായ ഗാനങ്ങളാണ് പാടുന്നതെന്നും ഏതാണ് ഒറിജിനൽ ഗാനമെന്ന് മറന്നു പോയെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.
പഞ്ചാബിയിലും ഉറുദുവിലും ഒറിജിനൽ ഗാനം ഉണ്ടെങ്കിലും ഗാനത്തിന്റെ ഹിന്ദി പതിപ്പിൽ കോറസ് ഒറിജിനൽ പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. 'നസീബ് സേ', 'ആജ് കെ ബാദ്', 'ഗുജ്ജു പതാക', 'സൺ സജിനി' എന്നിങ്ങനെ നാല് ഗാനങ്ങളാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടുള്ളത്.