നെറ്റ്ഫ്ലിക്സ് പാസ്‍വേർഡ് പങ്കിടൽ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി നെറ്റ്ഫ്ലിക്സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരായ ടെഡ് സരൻഡോസും ഗ്രെഗ് പീറ്റേഴ്സും. പാസ്‍വേർഡ് പങ്കിടൽ നിയന്ത്രിക്കുന്നതിലൂടെ, ഭൂരിപക്ഷം ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുമെന്ന് ബ്ലൂംബർഗിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രെഗ് പീറ്റേഴ്സ് വ്യക്തമാക്കി. ഇത് ഉപഭോക്താക്കള്‍ക്കായുള്ള സ്ട്രീമിംഗ് സേവനത്തെ ബാധിക്കില്ലെന്ന് പീറ്റേഴ്സ് ഉറപ്പുനൽകുന്നു.
പാസ്‍വേർഡുകള്‍ പങ്കുവയ്ക്കുന്നത് വരിക്കാരുടെ വളർച്ചയ്ക്ക് തടസ്സമാണ്. ഇത് സാങ്കേതിക മേഖലയിൽ നെറ്റ്ഫ്ലിക്സിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. 2023ൽ ഈ പ്രവണത അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ നെറ്റ്ഫ്ലിക്സ് ചില പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കമ്പനിയുടെ വരിക്കാരുടെ എണ്ണം 15 മുതൽ 20 ദശലക്ഷം വരെ വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഇഒമാർ പറഞ്ഞു.
ഉപയോക്താക്കൾ അവരുടെ പ്രാഥമിക ചുറ്റുപാടിന് പുറത്ത് രണ്ടാഴ്ചയിൽ കൂടുതൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കുകയാണെങ്കിൽ, ഏകദേശം 3 ഡോളറോളം അധിക തുക നൽകണം
പാസ്‍വേർഡ് പങ്കിടലുമായി ബന്ധപ്പെട്ട്, അർജന്റീന, എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് ഇതിനകം തന്നെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കൾ അവരുടെ ചുറ്റുപാടിന് പുറത്ത് രണ്ടാഴ്ചയിൽ കൂടുതൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കുകയാണെങ്കിൽ, ഏകദേശം 3 ഡോളറോളം അധിക തുക നൽകണമെന്നാണ് വ്യവസ്ഥ. ഇത് ഈ വർഷം മറ്റ് രാജ്യങ്ങളിലും നടപ്പാക്കാനാണ് സാധ്യത. അതേസമയം, പാസ്‍വേർഡുകൾ പങ്കിടുന്ന 100 ദശലക്ഷം ആളുകളിൽ എത്ര പേർ സ്വന്തം നെറ്റ്ഫ്ലിക്സ് അക്കൗണ്ടിനായി പണമടയ്ക്കാൻ തയാറാകും എന്നതിൽ സംശയമുണ്ട്. മികച്ച സേവനത്തിലൂടെ ഉപഭോക്താക്കളെ കൂടെ നിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ വളർച്ചയ്ക്കായി പരസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അടുത്ത നീക്കം. ഇതിനായി 12 രാജ്യങ്ങളിലായി പ്രതിമാസം 6.99 ഡോളർ മുതലുള്ള പരസ്യപദ്ധതികളും ആലോചിക്കുന്നുണ്ട്. ഓസ്ട്രേലിയ, ബ്രസീൽ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലാണ് ഇതിനായി പ്ലാനുകൾ ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള പ്ലാനുകൾക്ക് പകരമായി 'ബേസിക് വിത്ത് ആഡ്' പ്ലാനുകൾ ഉപയോഗിക്കാം. ഇത് കുറഞ്ഞ ചിലവിൽ സേവനം ലഭ്യമാക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. ഡിസ്നി ഹോട്ട്സ്റ്റാർ പോലുള്ള മറ്റ് ഒടിടി പ്ലാറ്റുഫോമുകൾക്ക് ഇന്ത്യൻ വിപണിയിൽ പരസ്യങ്ങൾ അടങ്ങുന്ന പ്ലാനുകൾ ഉണ്ട്. അതേസമയം, നെറ്റ്ഫ്ലിക്സ് എപ്പോഴാണ് ഇത് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുക എന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല.