ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്ന മാരി സെൽവരാജ് ചിത്രം മാമന്നന്റെ റിലീസ് തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി . സെൻസർ ബോർഡ് അനുമതി ലഭിച്ച ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
മാമന്നൻ റിലീസ് ചെയ്താൽ ജാതി സംഘർഷമുണ്ടാകുമെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഇത് സിനിമ കാണാതെ എങ്ങനെ പറയാനാകുമെന്നാണ് കോടതിയുടെ ചോദ്യം. മാമന്നൻ ഒരു സിനിമ മാത്രമല്ലേയെന്നും അത് പ്രേക്ഷകർക്ക് അറിയാമല്ലോ എന്നും കോടതി നിരീക്ഷിച്ചു.
ക്രമസമാധാന പ്രശ്നമുണ്ടാൽ പരിഹരിക്കാനും നിയന്ത്രിക്കാനും പോലീസ് സംവിധാനമില്ലേ എന്നും കോടതി ചോദിച്ചു. നാളെയാണ് മാമന്നൻ തീയേറ്ററുകളിലെത്തുന്നത്. മന്ത്രിപദത്തിലെത്തി സിനിമ വിടുന്നതിന് മുൻപ് ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിച്ച ചിത്രമാണ് മാമന്നൻ. ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ തിരിച്ച് വരവ് എന്ന നിലയിൽ കൂടിയാണ് മാരി സെൽവരാജ് ചിത്രം ശ്രദ്ധേയമാകുന്നത് . കീർത്തി സുരേഷാണ് നായിക
അതേസമയം ഉദയനിധി സ്റ്റാലിനെതിരെ മറ്റൊരു ഹർജിയും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മാമന്നന് മുൻപേ കരാർ ഒപ്പിട്ട ചിത്രത്തിന്റെ ഷൂട്ട് ഏകദേശം പൂർത്തിയായതാണ്. 8 ദിവസത്തെ ഷൂട്ടും ഡബ്ബിഗും ആണ് ബാക്കിയുള്ളതെന്നും എന്നാൽ ഇതുമായി ഉദയനിധി സ്റ്റാലിൻ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിർമാതാവ് രാമ ശരവണനാണ് കോടതിയെ സമീപിച്ചത്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഉദയനിധി 30 ലക്ഷം കൈപ്പറ്റിയിരുന്നതായും 25 കോടി നഷ്ടപരിഹാരം വേണമെന്നും രാമ ശരവണൻ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിനോടും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ റെഡ് ജയന്റ് മൂവിസിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.