ആദ്യാവസാനം പിടിച്ചിരുത്തുന്ന ഹൊറർ സിനിമകൾ എന്നത് ലോകസിനിമയിൽ തന്നെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഭയപ്പെടുത്തി ആസ്വദിപ്പിക്കുകയെന്നത് ഏറ്റവും പ്രയാസകരമായ ജോലിയും. കൃത്യതയും വേണ്ടത്ര സാങ്കേതിക പിൻബലവുമില്ലെങ്കിൽ എളുപ്പം നാശമാകാനിടയുളള ഈ ഹൊറർ ഴോണറിലാണ് മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്ത 'ഫീനിക്സ്' കഥ പറയുന്നത്. പല ഭാഷകളിലായി പലതരം ഹൊറർ സിനിമകൾ കണ്ടും കയ്യടിച്ചും വിമർശിച്ചും തഴക്കം വന്ന മലയാളത്തിലെ ഒരു വലിയ വിഭാഗം ഹൊറർ സിനിമാ ആരാധകർ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും തീയേറ്ററിൽ കാണേണ്ട സിനിമയാണ് 'ഫീനിക്സ്'.
ഒഴിഞ്ഞ വീടും അവിടേക്കെത്തുന്ന പുതിയ താമസക്കാരും അവരെ പ്രശ്നത്തിലാക്കുന്ന ഒരപരിചിത നെഗറ്റീവ് എനർജിയും അതിനുപിന്നിലെ കഥയും, അങ്ങനെ 'ഭാർഗവിനിലയം' മുതൽ അന്യഭാഷാ ഹൊറർ ബ്രാൻഡ് 'കോഞ്ചറിങ്' ഉൾപ്പടെ ഏതൊരു ഹൊറർ സിനിമയും പിന്തുടരുന്ന അതേ കഥാപശ്ചാത്തലം തന്നെയാണ് 'ഫീനിക്സി'ന്റേതും. ക്ലീഷേകൾ കൊണ്ട് നിറഞ്ഞൊരു പ്രേതകഥയെ പുതിയ രൂപത്തിൽ വീണ്ടും പ്രേക്ഷകന് മുന്നിലെത്തക്കാനുളള അണിയറക്കാരുടെ ധൈര്യം കയ്യടി അർഹിക്കുന്നു. മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തുകാരനിലുളള പ്രതീക്ഷയും ഒരളവിൽ നിരാശപ്പെടുത്തുന്നില്ല. എങ്കിലും മിഥുന്റെ മുൻ എഴുത്തുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീനിക്സിൽ ചില പിഴവുകൾ പ്രകടവുമാണ്.
ജോൺ എന്ന അഭിഭാഷകനായി എത്തുന്നത് അജു വർഗീസാണ്. ജോൺ കുടുംബത്തോടൊപ്പം വാടക വീട് അന്വേഷിച്ച് നടക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ചുറ്റും ആൾത്താമസമില്ലാത്ത ഒഴിഞ്ഞൊരിടത്ത് ഒറ്റപ്പെട്ടൊരു വീടാണ് ജോണിന്റെ ആവശ്യം. എന്തുകൊണ്ട് അങ്ങനൊരു നിർബന്ധമെന്ന് വ്യക്തമാക്കിത്തരാൻ തിരക്കഥയ്ക്കാവുന്നില്ല. തന്റെ സ്വഭാവത്തിന് ഒരിടത്തും ഒരു മാസത്തിൽ കൂടുതൽ നിൽക്കാനാവില്ലെന്ന് ജോൺ സുഹൃത്തിനോട് പറയുന്നുണ്ട്. കുടുംബത്തിനുള്ളിൽ ചെറിയ കടുംപിടുത്തക്കാരൻ എന്നതൊഴിച്ചാൽ ജോൺ എന്തുകൊണ്ട് മറ്റുളളവരാൽ മാറ്റിനിർത്തപ്പെടുന്ന വ്യക്തിയാവുന്നുവെന്ന കാരണവും വ്യക്തമല്ല.
വർത്തമാനകാലത്തിൽ സാഹചര്യങ്ങൾക്കൊത്ത് ജീവിച്ചുപോകുന്നു എന്നതിനപ്പുറം ഭാര്യയായി എത്തുന്ന നിൽജയുടെ കഥാപാത്രവും പൂർണതയില്ലാതെ നിൽക്കുന്നു. പ്രധാന കഥ പറയുന്ന ജീവിതപശ്ചാത്തലം ചന്ദുനാഥും അഭിരാമി ബോസും ചെയ്യുന്ന മറ്റു ചില കഥാപാത്രങ്ങളുടേതാണ് എന്നുളളതുകൊണ്ട് ഇതൊന്നും സിനിമയുടെ ആസ്വാദനത്തെ അത്രകണ്ട് ബാധിക്കുന്നില്ലെന്ന് പറയാം.
ആദ്യ പകുതിയെ കൊണ്ടുപോകുന്നത് ജോണും കുടുംബവുമാണ്. അജുവിന്റെയും നിൽജയുടേയും കുട്ടികളുടേയും മികച്ച പ്രകടനം തന്നെയാണ് ആദ്യഭാഗത്തെ പിടിച്ചുനിർത്തുന്നതും. അവരെ അസ്വസ്ഥമാക്കുന്ന ചില കാര്യങ്ങളുടെ കാരണം ചികഞ്ഞുപോകാൻ ജോൺ തയ്യാറാകുമ്പോൾ പ്രേക്ഷകരും ഒപ്പം കൂടുന്നു. ഇന്റർവൽ പകുതിയിൽ തൊണ്ണൂറുകളിൽനിന്ന് എഴുപതുകളിലേക്കുളള കാലമാറ്റം സംഭവിക്കുന്നു. പിന്നെ വരുന്നത് കടുത്ത പ്രണയകഥയാണ്. എഴുപതുകളിലെ പ്രണയം പൈങ്കിളിയാകുന്നതിൽ തെറ്റുപറയാനാവില്ല. പക്ഷേ കണ്ടുമടുത്ത പ്രണയ സല്ലാപങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചത് പുതുമയുളള ഫ്രെയിമുകളിലൂടെയും അലോസരപ്പെടുത്താത്ത സംഭാഷണങ്ങളിലൂടെയും നല്ല പാട്ടുകളിലൂടെയുമായിരുന്നു. 70 കാലഘട്ടത്തെ മികച്ച രീതിയിൽ പുനഃസൃഷ്ടിക്കാൻ കലാസംവിധാനത്തിനും ആൽബിയുടെ ഛായാഗ്രഹണത്തിനും കഴിഞ്ഞു. ഡിനോ ഡേവിസിന്റെ വസ്ത്രാലങ്കാരവും റോണക്സ് സേവിയറിന്റെ മേക്കപ്പും പഴമ അനുഭവപ്പെടുത്തി. സാം സി എസിന്റെ സംഗീതത്തിനൊത്ത് വിനായക് ശശികുമാറിന്റെ വരികൾ കൂടിയായപ്പോൾ പാട്ടുകൾ ഗംഭീരമായി.
രണ്ടാം പകുതിയിൽ അഭിനയം കൊണ്ട് ഞെട്ടിക്കുന്നത് ഫ്രെഡിയുടെ റോളിൽ എത്തുന്ന ചന്ദുനാഥാണ്. അഭിരാമി ബോസിന്റെ അന്നയും മികച്ചതായി. റോമിൽനിന്നുളള അച്ഛൻ കഥാപാത്രം അനൂപ് മേനോന്റെ സ്ഥിരം മാനറിസങ്ങളിൽ തന്നെ നിൽക്കുന്നു. അനാവശ്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായി തോന്നിയത് ക്ലൈമാക്സിനോടടുക്കുമ്പോളുളള അനൂപ് മേനോന്റെ വേഷമാണ്. കഥ പറച്ചിലിലെ മിസ്റ്ററി നിലനിർത്താനായി ഉപയോഗിച്ച കാലന്റെ റഫറൻസ് എന്ന് തെറ്റിദ്ധാരണയുണ്ടാക്കുന്ന കറുത്തവസ്ത്രവും മാസ്കും അവസാനത്തോടെയാണ് അനൂപ് മേനോന്റെ അച്ഛൻ കുപ്പായമാണെന്ന് തിരിച്ചറിയുന്നത്. ആ വേഷത്തിന് മറ്റെന്തെങ്കിലും അർത്ഥം തിരക്കഥ ഉദ്ദേശിക്കുന്നുണ്ടോ എന്നും പിടികിട്ടുന്നില്ല. നേരിയ വ്യത്യാസത്തിൽ കഥയുടെ മുഴുവൻ ഇമ്പവും നഷ്ടപ്പെടാനിടയുളള ക്ലൈമാക്സിലെ കുട്ടിയുടെ രംഗങ്ങൾ പാളിച്ചകളില്ലാതെ ചെയ്തെടുത്തു.
ഭയം ജനിപ്പിച്ചും ചില ഇടങ്ങളിൽ ഇഴച്ചിൽ അനുഭവിപ്പിച്ചും പിന്നെ ആകാംഷ തന്നും മുന്നേറുന്ന ചിത്രം അവസാനിക്കുന്നത് അതിവൈകാരിക നരേറ്റീവിലാണ്. എന്തോ ഒന്ന് പ്രേക്ഷകനിൽ അവശേഷിപ്പിച്ചാണ് ഫ്രെഡിയുടെയും അന്നയുടെയും പ്രണയവും അവരൊന്നിക്കുന്ന ഒടുവിലെ ഫ്രെയിമും വന്നുനിൽക്കുന്നത്. ആസ്വാദ്യമാകും വിധം ഒരു ഹൊറർ സിനിമ മെനഞ്ഞെടുക്കുക എന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കുമ്പോൾ, വരും നാളുകളിൽ തീയേറ്ററിലും തുടർന്ന് ഒ ടി ടിയിലും സ്വീകരിക്കപ്പെടാൻ പോന്ന ക്വാളിറ്റിയുളള സിനിമയെന്ന് ഫീനിക്സിനെ വിലയിരുത്താം.