നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ സിനിമയായ കൽക്കി 2898 എഡിയുടെ ട്രെയ്‌ലറിനെതിരെ കോപ്പിയടി ആരോപണം. ഹോളിവുഡ് സിനിമകളായ ഡൂണിലെയും മാഡ് മാക്സിലെയും ദൃശ്യങ്ങളുമായി സാമ്യമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. സിനിമയിലെ പോസ്റ്റ് അപോക്കാലിപ്റ്റോ രംഗങ്ങളിലാണ് സാമ്യതയുള്ളത്. പ്രഭാസും അമിതാഭ് ബച്ചനും ദീപിക പദുകോണും കമൽ ഹാസനുമുൾപ്പെടെയുള്ള പ്രധാന താരങ്ങൾ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമ ഈ ആരോപണങ്ങൾ മുഴുവൻ ഉയരുന്നതിനിടയിൽ ജൂൺ 27ന് തീയേറ്ററുകളിൽ എത്തുകയാണ്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള കൺസെപ്റ്റ് ഇല്ലസ്ട്രേറ്ററായ സുങ് ചോയി ആണ് ട്രെയിലറിലെ ദൃശ്യങ്ങൾക്ക് തന്റെ ഇല്ലസ്ട്രേഷനുമായി വളരെയധികം സാദൃശ്യമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയത്. ഒരു കലാസൃഷ്ടി അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വളരെ മോശമായ കാര്യമാണെന്നായിരുന്നു അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പത്തുവർഷം മുമ്പ് ഇതേ ഇല്ലസ്ട്രേഷൻ താൻ ആർട്സ്റ്റേഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ ചിത്രം കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് സുങ് ചോയി ആരോപണവുമായി രംഗത്തെത്തിയത്. താരതമ്യം ചെയ്തു മനസിലാക്കുന്നതിനുവേണ്ടി അതിനൊപ്പം ഇപ്പോൾ പുറത്തുവന്ന ട്രെയ്‌ലറിന്റെ സ്ക്രീൻഷോട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായി കോപ്പിയടി തോന്നിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ആളുകൾ നിർമാതാക്കൾക്കെതിരെ രംഗത്തെത്തി. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വനി ദത്താണ് സിനിമ നിർമിച്ചത്. ട്രെയ്‌ലറിന്റെ ഭൂരിഭാഗവും ഹോളിവുഡ് സിനിമകളായ മാഡ് മാക്‌സുമായും ഡ്യൂണുമായും സാമ്യതകൾ നിലനിൽക്കുന്നുണ്ടെന്നും ഡെപ്ത് സ്‌ട്രെൻഡിങ്, ഹാലോ എന്നീ സീരീസുകളിൽ നിന്നും സിനിമ പ്രചോദനമുൾക്കൊള്ളുന്നുണ്ടെന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഡിസൈനർമാർക്ക് എന്തുകൊണ്ട് ഇത് മനസിലായില്ലെന്നും എന്തുകൊണ്ട് അവർ നിശ്ശബ്ദരായിരുന്നുവെന്നുമാണ് സുങ് ചോയി ചോദിക്കുന്നത്.
വിഎഫ്എക്സ് ചെയ്തവർ തിരഞ്ഞെടുത്ത ചിത്രങ്ങൾ സംവിധായകൻ നാഗ് അശ്വിൻ കാണാഞ്ഞിട്ടായിരിക്കുമെന്ന ന്യായം പറയുന്നവരുണ്ട്. പക്ഷേ പത്ത് വർഷം മുമ്പുള്ള ഒരു ചിത്രം അതുപോലെ പകർത്തിവയ്ക്കുന്നത് നാണക്കേടാണെന്നു പറയുന്നു സുങ് ചോയി. ആദ്യത്തെ ഫ്രെയ്‌മിൽ തന്നെ കോപ്പിയടി വ്യക്തമാണെന്നും ട്രെയ്‌ലറിൽ ഉടനീളം കാണുന്ന ആയുധങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു കൃത്യമായി സാമ്യതയുണ്ടെന്നും സുങ് ചോയി പറയുന്നു.
പ്രഭാസ് ചിത്രങ്ങളിൽ ഇതാദ്യമായല്ല കോപ്പിയടി ആരോപണമുണ്ടാകുന്നത്. 2023ൽ അനിമേഷൻ സ്റ്റുഡിയോ ആയിട്ടുള്ള 'വാനരസേന' 'ആദിപുരുഷ്' സിനിമയുടെ പോസ്റ്റർ കോപ്പിയടിയാണെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. ആദിപുരുഷിന്റെ പോസ്റ്ററിലെ പ്രഭാസിന്റെ പോസും തങ്ങളുടെ ചിത്രവും തമ്മിൽ വലിയ സാമ്യമുണ്ടെന്നായിരുന്നു പറയുന്നത്.
ഇത്തരത്തിൽ കോപ്പിയടിച്ച പോസ്റ്ററുകളെക്കുറിച്ച് ചിത്രങ്ങൾ വെച്ച് താരതമ്യം ചെയ്തുകൊണ്ട് മുമ്പ് ലിസ റേ സംസാരിച്ചിട്ടുണ്ട്. സാഹോ എന്ന ചിത്രത്തിന്റെ പോസ്റ്ററും ഇതുപോലെ കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ബെംഗളുരുവിൽ നിന്നുള്ള ആർട്ടിസ്റ്റ് ഷിലോ ശിവ് സുലൈമാനാണ് സാഹോയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട ആരോപണവുമായി രംഗത്തെത്തിയത്.
മിത്തുകളെ അടിസ്ഥാനമാക്കിയുള്ള സയൻസ് ഫിക്ഷനാണ് കൽക്കി എന്ന സിനിമ. നാഗ് അശ്വിൻ സംവിധാനം ചെയ്ത സിനിമ തമിഴിലും തെലുങ്കിലും ഹിന്ദിയിലും റിലീസാവും.