മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഗുരുതര ആരോപണങ്ങളുമായി പോലീസ് അന്വേഷണ റിപ്പോർട്ട്. ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ചിത്രത്തിനായി 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായത്.
വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആലുവ സ്വദേശിയായ സിറാജിന്റെ പരാതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസ് എൽഎൽപി എന്ന കമ്പനിയുടെ ബാനറിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, സൗബിന്റെ അച്ഛൻ ബാബു ഷാഹിർ എന്നിവരായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം നിർമിച്ചത്. സിറാജിന്റെ പരാതിയെ തുടർന്ന് നിർമാതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പോലീസ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും എന്നാല്‍ തന്നെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ സിറാജ് പറഞ്ഞിരുന്നു.
പിന്നീട് സിറാജിന്റെ പരാതിക്കെതിരെ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ നൽകിയ ഹർജിയിൽ കേസിലെ തുടർനടപടികൾക്ക് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് സ്റ്റേ നൽകിയിരുന്നു.
സിനിമയുടെ ചിത്രീകരണസമയത്ത് വാഗ്ദാനം ചെയ്ത പണം നൽകാതെ പരാതിക്കാരൻ തങ്ങളെ വഞ്ചിച്ചുവെന്നാണ് ബാബു ഷാഹിർ നൽകിയ ഹർജിയിൽ പറഞ്ഞത്. കൃത്യമായി പണം നൽകാതിരുന്നതു കാരണം സിനിമാ ചിത്രീകരണം തടസപ്പെടുകയും കരുതിയതിനേക്കാൾ കൂടുതൽ ദിവസങ്ങൾ നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യമുണ്ടായെന്നും അതുകൊണ്ടുതന്നെ സിനിമയുടെ ലാഭവിഹിതത്തിൽ പരാതിക്കാരനു നിയമപരമായി അവകാശവുമില്ലെന്നും ഹർജിയിൽ പറയുന്നു.
ഒരു സിവിൽ കേസ് ജനശ്രദ്ധ കിട്ടാൻ വേണ്ടി ക്രിമിനൽ കേസാക്കാൻ ശ്രമിക്കുകയായിരുന്നെന്നും നിലനിൽക്കുന്ന പരാതി നിയമപരമായി പരിഹരിക്കാമെന്നു, നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ നിർത്തിവെക്കണമെന്നും ബാബു ഷാഹിറിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളികളെ പോലെതന്നെ തമിഴ്‌നാട്ടുകാരും സിനിമയെ നെഞ്ചേറ്റിയിരുന്നു.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ പറയുന്നത്.
ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.