മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2 ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്. ഏപ്രിൽ 28 ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം തന്നെ 100 കോടി ക്ലബ്ബിൽ കയറി. ചിത്രത്തിന്റെ ആഗോള കളക്ഷൻ നൂറുകോടിയായെന്ന് നിർമ്മാതാക്കളായ ലെയ്‌ക്ക പ്രൊഡക്ഷൻസ് ആണ് അറിയിച്ചത്. ചിത്രം ഹൃദയങ്ങളും ബോക്സോഫീസും കീഴടക്കുന്നുവെന്നും അവർ ട്വീറ്റ് ചെയ്തിരുന്നു. വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഈയാഴ്ച തന്നെ 200 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച മാത്രം ചിത്രം 30 കോടിയാണ് കളക്ഷനായി നേടിയത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം വൻ വിജയമായിരുന്നു. ആഗോളതലത്തിൽ 500 കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്. ആദ്യം ഭാഗം ബാക്കി വച്ച ചോദ്യങ്ങൾക്ക് ഉത്തരവുമായി പൊന്നിയിൻ സെൽവൻ 2 എത്തിയിരിക്കുന്നത്.തമിഴ് , തെലുങ്ക് , മലയാളം , കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വിക്രം, ഐശ്വര്യറായ്, ജയം രവി, പ്രകാശ് രാജ് , കാര്‍ത്തി, തൃഷ, ശരത്കുമാര്‍, പാര്‍ഥിപന്‍, ജയറാം, ലാല്‍, പ്രഭു, റിയാസ്ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‌മാന്‍, തുടങ്ങിയ വൻ താരനിര പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.
പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കി മണിരത്‌നമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം ആണ്.
കഴിഞ്ഞ വർഷത്തിന് സമാനമായി ഈ വർഷവും കോളിവുഡ് വിജയചിത്രങ്ങളുടെ തട്ടകമായി മാറുകയാണ്. ഈ വർഷം തമിഴിൽ പുറത്തിറങ്ങിയ വാത്തി, തുനിവ് , വാരിസ് , പത്തുതലൈ തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ്‌ഓഫീസ് ഹിറ്റുകളായിരുന്നു. ഇന്ത്യൻ 2 , ലിയോ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. എ ആര്‍ റഹ്‌മാന്റെ സംഗീതവും രവി വര്‍മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും പൊന്നിയിന്‍ സെല്‍വനിലെ ആകര്‍ഷക ഘടകങ്ങളാണ്.