ശോഭനയും മോഹന്‍ലാലും 20 വര്‍ഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. മോഹന്‍ലാല്‍, ശോഭന അടക്കം താരങ്ങളെല്ലാം പൂജ ചടങ്ങില്‍ പങ്കെടുത്തു. തന്റെ 360ാം ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചു.
എല്ലാവരോടും നന്ദി ഉണ്ടെന്നും പുതിയ സംരംഭത്തിന് അനുഗ്രഹങ്ങള്‍ വേണമെന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വെള്ളിത്തിരയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്.
2009ല്‍ റിലീസ് ചെയ്ത 'സാഗര്‍ ഏലിയാസ് ജാക്കി'ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
'മാമ്പഴക്കാലം' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലും ശോഭനയും അവസാനമായി നായകനും നായികയുമായി എത്തിയത്. നേരത്തെ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരു ജോഡികളും വീണ്ടും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ വീണ്ടുമൊരു മലയാള സിനിമയില്‍ അഭിനയിക്കുകയാണെന്നും താനും മോഹന്‍ലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. L 360 എന്ന് താല്ക്കാലികമായി പേരിട്ട ചിത്രത്തില്‍ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ കെ ആര്‍ സുനിലിന്റേതാണ്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ഷാജികുമാര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുല്‍ദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈന്‍ സമീറ സനീഷ്. നിര്‍മാണ നിര്‍വഹണം ഡിക്സന്‍ പൊടുത്താസ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കാര്യത്തില്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.