തമിഴകത്തിൽ അപ്രതീക്ഷിത വിജയം നേടി പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ് നവാഗതനായ വിഘ്നേഷ് രാജ് സംവിധാനം ചെയ്ത പോർ തൊഴിൽ. ശരത് കുമാർ, അശോക് സെൽവൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലർ ചിത്രം കേരളത്തിലും മികച്ച വിജയം നേടുകയാണ്.
കേരളത്തിൽ പത്ത് ദിവസത്തിനുള്ളിൽ ചിത്രം 3.5 കോടി കടന്നതായാണ് റിപ്പോർട്ട്. ജൂൺ 9നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 2018 ൽ തിയേറ്ററുകളിലെത്തിയ രാക്ഷസൻ സിനിമ പോലെ തന്നെ മലയാളി പ്രേക്ഷകർ ഇതിനകം പോർ തൊഴിലും ഏറ്റെടുത്ത് കഴിഞ്ഞു.
പ്രേക്ഷകരിൽ നിന്നും വലിയതോതിൽ മികച്ച പ്രതികരണം ലഭിക്കുന്നതിനാൽ ചിത്രം രാക്ഷസന്റെ കളക്ഷനുകൾ ഭേദിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ നിഗമനം. സംവിധായകൻ വിഘ്നേഷ് രാജയും ആൽഫ്രഡ് പ്രകാശും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന 'പോർ തൊഴിൽ' ആക്ഷൻ ത്രില്ലറാണ്.
ഒരു മുതിർന്ന പൊലീസുകാരനും അയാളുടെ ട്രെയിനിയും കൊലപാതക കേസുകൾ അന്വേഷിക്കുന്നതും അവർക്ക് കൊലപാതകിയെ പിടികൂടാൻ കഴിയുമോ എന്നതുമാണ് ഈ സൈക്കോ ത്രില്ലർ ചിത്രത്തിന്റെ പ്രമേയം.
എസ്പി ലോക്നാഥൻ എന്ന കഥാപാത്രമായാണ് ശരത് കുമാർ വേഷമിട്ടിരിക്കുന്നത്. പോലീസ് ട്രെയിനിയായി അശോക് സെൽവനാണ് എത്തുന്നത്.അന്തരിച്ച നടൻ ശരത് ബാബു ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
നിഖില വിമലിനെ കൂടാതെ സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ തുടങ്ങിയ മലയാളി താരങ്ങളും പോർ തൊഴിലിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേകസ് ബിജോയ് ആണ്.