ENTERTAINMENT

ജീവിതയാത്രയിലെ ദൈന്യത, കണ്ണിൽ നിറയുന്ന നിരാശയും സങ്കടവും; ആടുജീവിതം സെക്കന്റ് ലുക്ക്

ബോളിവുഡ് താരം രൺവീർ സിംഗ് ആണ് ആടുജീവിതത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ആടുജീവിതത്തിന്റെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങ്. പ്രഭാസാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിലെ ലുക്കില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്‌. 'കാണേണ്ട കാഴ്ച തന്നെ!!!' എന്ന അടിക്കുറിപ്പോടെയാണ്‌ രൺവീർ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റർ പങ്കുവെച്ചത്.

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008ൽ പ്രാരംഭ തയ്യാറെടുപ്പുകൾ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് 2018ൽ ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്.

'നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടു കഥകൾ മാത്രമാണ്' എന്ന ടാഗ്‌ലൈനോടെ എത്തിയ ബെന്യാമിന്റെ 'ആടുജീവിതം' മലയാള സാഹിത്യത്തിലെ ക്ലാസിക്ക് നിലവാരത്തിലേക്ക് ഉയർന്ന കൃതിയാണ്. ആടുജീവിതം വായനക്കാർക്ക് വ്യത്യസ്ത അനുഭവങ്ങളാണ് നൽകിയത്. ചിലർക്ക് ഇത് പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യന്റെ പോരാട്ടമാണ്. ചിലർക്ക് ഇത് എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെയുള്ള മനുഷ്യാത്മാവിന്റെ വിജയമാണ്. ചിലർക്ക് വിധി എത്ര ക്രൂരമായിരിക്കും. ചിലർക്ക് അത് ആത്മീയതയെയും മനുഷ്യഹൃദയത്തിൽ ശാശ്വതമായി കിടക്കുന്ന പ്രത്യാശയെയും കുറിച്ചാണ്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍