അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാനിലെ വില്ലൻ കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ എ ഐ , റോബോട്ടിക്സ്, ഡ്രോൺ, എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് എത്തുകയെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. കബീർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന നേരത്തെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു
1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ സിനിമ ബഡേ മിയാൻ ചോട്ടെ മിയാന്റെ തുടർച്ചയാണ് പുതിയ ചിത്രമെന്നാണ് സൂചന. ആക്ഷൻ വിഭാഗത്തിലൊരുക്കുന്ന ചിത്രത്തിൽ ടൈഗർ ഷെറോഫും പ്രധാന വേഷത്തിലെത്തും. അലി അബ്ബാസ് സഫറാണ് സംവിധാനം. പൂജ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വാഷുവും ജാക്കി ഭഗ്നാനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അടുത്ത വർഷം ഈദ് റിലീസായാകും ചിത്രം തീയേറ്ററിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. സലാർ ആണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു അന്യഭാഷ ചിത്രം. പ്രഭാസിനൊപ്പമുള്ള സലാർ സെപ്റ്റംബറിൽ റിലീസ് ചെയ്തേക്കും.400 കോടിയിലധികം മുടക്കി ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സലാർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്