ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ പൃഥ്വിരാജിന്റെ കീഹോൾ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു ശസ്ത്രക്രിയ. ലിഗമെന്റിന് പരുക്കേറ്റ പൃഥ്വിരാജിന് രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെങ്കിലും രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം മറയൂരിൽ വച്ചാണ് പൃഥ്വിക്ക് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗത്തിനിടെ ചാടിയിറങ്ങുന്നതിനിടെയാണ് കാലിന്റെ ലിഗമെന്റിനു വലിഞ്ഞാണ് പരുക്കേറ്റത്.
വിലായത്ത് ബുദ്ധയ്ക്ക് പുറമെ വിപിൻ ദാസിന്റെ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെയും ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. ഈ രണ്ട് ചിത്രങ്ങളുടേയും ചിത്രീകരണം വൈകും. മാത്രമല്ല പൃഥ്വി സംവിധാനം ചെയ്യുന്ന എമ്പുരാനും വൈകും. എമ്പുരാന്റെ ചിത്രീകരണത്തിനായി അടുത്ത മാസം ആദ്യം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അപകടവും വിശ്രമവും ആവശ്യമായി വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബറിൽ ഷൂട്ടിങ് ആരംഭിക്കേണ്ട ചിത്രീകരണം നീട്ടിവച്ചു.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ, പ്രണയവും പ്രതികാരവും പ്രമേയമാക്കി ഇന്ദുഗോപൻ എഴുതിയ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ്. ചന്ദന മരങ്ങൾക്ക് പേരു കേട്ട ഇടുക്കി മറയൂരിന്റെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവൽ പറയുന്നത്. ആ മുന്തിയ ഇനം ചന്ദനമരത്തിന്റെ പേരാണ് വിലായത്ത് ബുദ്ധ.