ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സജീവ ചർച്ചയായിരിക്കെ താരത്തിനെതിരെ രൂക്ഷവിമർശനവുമായി നിർമാതാവ് കെ രാജൻ. ദരിദ്രരെ സഹായിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിജയ്ക്ക് സ്വന്തം സിനിമയുടെ ടിക്കറ്റ് നിരക്ക് പോലും കുറയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാഷ്ട്രീയ പ്രവേശനം എന്തിനാണെന്നാണ് രാജന്റെ ചോദ്യം. രാഷ്ട്രീയ പാർട്ടികൾ വോട്ടിന് പണം വാങ്ങുവെന്ന ആരോപണം ഉന്നയിച്ച വിജയ് , സിനിമ ടിക്കറ്റുകൾക്ക് 1000 രൂപ വരെ ഈടാക്കുന്നത് അറിഞ്ഞിട്ടുണ്ടോ എന്നും ചോദിച്ചു
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് വിജയ് സിനിമകളുടെ ടിക്കറ്റുകൾ വിൽക്കുന്നതെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടോ? വിജയ് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും രാജൻ ആവശ്യപ്പെടുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വിജയ് സിനിമാജീവിതം ഉപേക്ഷിക്കുകയാണെന്ന അഭ്യഹങ്ങളുണ്ട്, എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണെന്നും കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്നാണ് അഭിപ്രായമെന്നും രാജന്‍ പറയുന്നു
നല്ല രീതിയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാൻ സാധിച്ചാല്‍ ജനം വിജയ്ക്കൊപ്പം നില്‍ക്കും. 'വിജയ്ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ അത് ചെയ്യാം, ആര്‍ക്കും തടയാനാകില്ല. വിജയ് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായാല്‍ അദ്ദേഹത്തിന് പുറകില്‍ ഇനിയും ഒരുപാടുപേർ അണിനിരക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്‍പ് താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ പിന്തുണച്ച് രംഗത്തെത്തിയവരിൽ മുന്നിലുണ്ടായിരുന്ന ആളാണ് കെ രാജൻ. തമിഴ്നാട്ടില്‍ എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ വിജയ് ആദരിച്ചതിനെയും അദ്ദേഹം പ്രശംസിച്ചിരുന്നു.