സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് കൂടിയായ നിർമാതാവ് ജി സുരേഷ് കുമാർ. ന്യായമായി ചോദിക്കുന്നതിൽ തെറ്റില്ല, എന്നാൽ വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പലരും പ്രതിഫലം ചോദിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെയാണ് സുരേഷ് കുമാറിന്റെ പ്രതികരണം
അഭിനേതാക്കളുടെ കോസ്റ്റ് വല്ലാതെ കൂടി പോകുന്നു, അങ്ങനെ കൊടുക്കാൻ പറ്റുന്ന ഒരവസ്ഥയിൽ അല്ല നിലവിലെ മലയാള സിനിമ. അതുകൊണ്ട് അത്തരക്കാരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. നിർമാതാവിന് താങ്ങാൻ പറ്റുന്നതിന് മുകളിൽ ബജറ്റുള്ളവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്നും ജി സുരേഷ് കുമാർ പറഞ്ഞു.
തീയേറ്ററിൽ കളക്ഷനില്ല, ആൾ കയറുന്നില്ല, 15 പേര് ഉണ്ടെങ്കിലെ ഷോ തന്നെ നടക്കുന്നുള്ളൂ. പലയിടത്തും പല ദിവസങ്ങളിലും ഷോ തന്നെ നടക്കാത്ത അവസ്ഥയുണ്ട്. നിർമാതാക്കൾ മാത്രമല്ല, ആ അവസ്ഥ എല്ലാവരും മനസിലാക്കണം. ഒരു നടനെ മാത്രമായി ഇവിടെ ആർക്കും ആവശ്യമില്ല, ആരെ വച്ചും സിനിമ ചെയ്യാം, കണ്ടന്റ് നല്ലതാണെങ്കിൽ പടം ഓടും, ഹിറ്റാകും. നിർമാതാവിനൊപ്പം നിൽക്കുന്ന നടനും സംവിധായകനുമുണ്ടെങ്കിൽ മാത്രമേ ഇനി ഇൻഡസ്ട്രി രക്ഷപ്പെടൂയെന്നും സുരേഷ് കുമാർ പറഞ്ഞു.